
ന്യൂഡല്‍ഹി: കൊറോണയുടെ സമൂഹവ്യാപനം എങ്ങനെ ഇന്ത്യയ്ക്ക് അതിജീവിക്കാമെന്ന് പുതിയ പഠനങ്ങള്‍. രോഗികളെ തിരിച്ചറിയാനും നിരീക്ഷണത്തിലാക്കാനും എത്രത്തോളം കൃത്യമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നുവോ അതിനനുസരിച്ചായിരിക്കും സമൂഹവ്യാപനം തടയാന്‍ സാധിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമായി ചെയ്യാനാകും എന്നതിനെ സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)പഠനം നടത്തി.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനറിപ്പോര്‍ട്ടനുസരിച്ച്, രോഗലക്ഷണമില്ലാത്തവരെയും ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. കാരണം പല രോഗികളിലും രോഗലക്ഷണങ്ങള്‍ കാണുന്നില്ല. ഇവരില്‍ നിന്ന് രോഗം പകരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദക്ഷിണ കൊറിയയുടെ മാതൃകയനുസരിച്ച് എല്ലാവരെയും ടെസ്റ്റ് ചെയ്യാനായാല്‍ മാത്രമേ രോഗവ്യാപനം പൂര്‍ണമായി തടയാനാകൂഎന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. വിദേശത്ത് നിന്നുള്ള ആളുകളെ ഇന്ത്യയിലേക്ക് വരുന്നത് തടയുന്നതിലൂടെയും രോഗികളെ ക്വാറന്റൈന് ചെയ്തും രോഗം പകരുന്നത് തടയാന്‍ സാധിക്കുമോ എന്ന് കണ്ടെത്താനായിരുന്നു പഠനം.
വാക്സിന് ഇതുവരെയും കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണത്തിലൂടെ ആളുകളെ നിരീക്ഷണത്തിലാക്കിയും ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറച്ചും മാത്രമേ ഈ രോഗത്തെ തടയാനാകൂ എന്നാണ് വിലയിരുത്തല്‍. ഒരു മാസം മുന്‍പ് നടത്തിയ പഠനമാണിത്. ഇതുപ്രകാരം എയര്‍പോര്‍ട്ടില്‍ എത്തുന്ന മുഴുവന്‍ ആളുകളെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. രാജ്യം മുഴുവനായും ലോക്ക്ഡൗണ്‍ ചെയ്യുക എന്നതും പഠനത്തില്‍ ഉരുത്തിരിഞ്ഞ ആശയമായിരുന്നു.
