
രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മണികണ്ഠന് ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്മലയാളം സിനിമകളില്‍ മണികണ്ഠന് വേഷമിട്ടിരുന്നു. ജീവിതത്തിലും ഒരു സാധാരണക്കാരനാണ് മണികണ്ഠന്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കൊപ്പം പങ്കുവയ്ക്കാനാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം.
ഏപ്രില്‍ 20നാണ് മരട് സ്വദേശിനി അഞ്ജലിയുമായുള്ള മണികണ്ഠന്റെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ശേഷം ഹോട്ടലില്‍ വിരുന്നും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് താരം. നിലവിലെ സാഹചര്യത്തില്‍ വിവാഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായി നടത്താനും വിരുന്ന് പിന്നീട് എപ്പോഴെങ്കിലും നടത്താനുമാണ് ആലോചിക്കുന്നതെന്നാണ് മണികണ്ഠന് വ്യക്തമാക്കിയിരിക്കുന്നത്.






