
ന്യൂഡല്‍ഹി: ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച രാമായണവും മഹാഭാരതവും കാണുന്നതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി. പ്രധാനമന്ത്രി മോഡിക്കും ദൂരദര്‍ശനും നന്ദി പറഞ്ഞ് ചിത്രങ്ങള്‍ പങ്കിടാനാണ് ആഹ്വാനം. ഡി.ഡി നാഷണലിലും ഡി.ഡി ഭാരതിയിലും ഇനി എല്ലാ ദിവസവും രാമായണവും മഹാഭാരതവും കാണാമെന്നുള്ള മന്ത്രി പ്രകാശ് ജാവദേക്കറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ദൂരദര്ശന് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ദുരദര്ശന് നാഷണല്‍ ചാനലില്‍ എല്ലാ ദിവസവും രാത്രി ഒന്‍പത് മണിക്കും രാവിലെ ഒന്‍പത് മണിക്കും രാമായണവും ദൂരദര്ശന് ഭാരതിയില്‍ പകല്‍ പന്ത്രണ്ട് മണിക്കും രാത്രി ഏഴ് മണിക്കും മഹാഭാരതവും സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനം. വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ താന്‍ സീരിയല്‍ കാണുന്നതിന്റെ ചിത്രം മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഞാന്‍ രാമായണം കാണുകയാണ്, നിങ്ങളോ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം ട്വീറ്റ് ചെയ്തത്. നരേന്ദ്ര മോഡി, ബി.ജെ.പി ഇന്ത്യ, ബി.ജെ.പി മഹാരാഷ്ട്ര, ദൂരദര്ശന് എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകളെയും മന്ത്രി ടാഗ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രാമായണവും മഹാഭാരതവും കാണുന്ന ആളുകളോട് സ്വന്തം ചിത്രം പോസ്റ്റ് ചെയ്യാന്‍ ദൂരദര്ശന് ആവശ്യപ്പെട്ടത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആവശ്യപ്രകാരമാണ് സീരിയല്‍ പുനഃസംപ്രേക്ഷണം ചെയ്യുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം. ജനങ്ങളുടെ ബോറടി മാറ്റാന്‍ സീരിയല്‍ പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖറും അറിയിച്ചിരുന്നു. 1987ലാണ് രാമായണവും മഹാരാഭരവും ദൂരദര്‍ശനില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത്.






