
ലോക്ഡൗണിൽ വീട്ടിലിരിക്കുകയാണ് സിനിമാക്കാരും. ഒഴിവുവേളകളെ എങ്ങനെ ആനന്ദകരമാക്കാമെന്ന പരീക്ഷണങ്ങളിലാണ് ഓരോരുത്തരും. രസകരങ്ങളായ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയിൽ അനുദിനം അവർ ആരാധകരുമായി പങ്കുവെക്കുന്നത്.
ഗാനരചയിതാവ് ബികെ ഹരിനാരായണൻ പുതിയ കവിതയെഴുതുന്ന തിരക്കിലാണ്. ക്വാറന്റൈൻ ദിനങ്ങളിൽ തോന്നിയ ചില പുതിയ ആശയങ്ങൾ കവിതാരൂപത്തിലാക്കി അവതരിപ്പിക്കുകയാണ് ഹരിനാരായണൻ. വിഷയം രസകരമാണ്. അണ്ണാനും ക്വാറന്റൈനും തമ്മിലെന്തു ബന്ധം?
ജനലിടുക്കിലൂടൊരു സ്ക്വിറൽ
മൂന്നിൽ പഠിച്ച ബാബുവിൻ വിദൂര ഛായയിൽ
അടുത്തു വന്നെന്നെ തുറിച്ചുനോക്കുന്നു
ഔരു മീറ്റർ കണ്ടു പിറകു മാറവെ
ചുമലിലേക്കവൻ എടുത്തു ചാടുന്നു
ഇളം പച്ച മാസ്ക് ഉരിഞ്ഞെടുക്കുന്നു.. ഇങ്ങനെ പോകുന്നു കവിത.
സ്ക്വിറലിനെയും ക്വാറന്റൈനും ചേർത്തുവച്ച കവിത എന്തായാലും ആരാധകർക്ക് ഇഷ്ടപ്പെട്ടു. ബോറടി മാറ്റാൻ ഇനിയും കവിതകൾ പോസ്റ്റ് ചെയ്യണമെന്നും അവർ പറയുന്നു. ക്വാറന്റൈനിൽ ഏവരും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളിൽ കഴിയണമെന്നുമുള്ള സന്ദേശവും ഹരിനാരായണൻ പങ്കുവെക്കുന്നു.
നടീനടൻമാരും ഗായകരും സംവിധായകരുമെല്ലാം വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം രസകരങ്ങളായ നിമിഷങ്ങൾ ആസ്വദിച്ചു കഴിഞ്ഞു കൂടുകയാണ്. സംഗീതസംവിധായകൻ ബിജിബാൽ മക്കളുമൊത്ത് പാട്ട് പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.






