
വാട്സാപ്പിൽ ഇനി ദൈർഘ്യം കൂടിയ വീഡിയോകൾ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് റിപ്പോർട്ട്. വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ കഴിയുന്ന വീഡിയോകളുടെ സമയ ദൈർഘ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് പരിമിതപ്പെടുത്തി.
ഇന്ത്യയിലെ വാട്സാപ്പ് യൂസർമാർക്ക് മാത്രയാണ് കമ്പനി സ്റ്റാറ്റസ് ഡ്യൂറേഷനിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോണിലും ഐഒഎസിലും ഈ ഫീച്ചർ ലഭിച്ചുതുടങ്ങി. മറ്റുള്ള ഉപയോക്താക്കളിലേക്ക് ഘട്ടം ഘട്ടമായാണ് ഇതെത്തുക.
ഇനി മുതൽ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പിൽ 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ സ്റ്റാറ്റസ് ആയി അപ്പ്ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. മുൻപ് വാട്സാപ്പ് യൂസർമാർക്ക് സ്റ്റാറ്റസായി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. നേരത്തെ കോവിഡ്-19 പ്രതിസന്ധി മൂലം വാട്സാപ്പിൽ യൂസർമാരുടെ വർധനവുണ്ടായി എന്ന് ഗ്ലോബൽ റിസർച്ച് കമ്പനിയായ കാന്താർ അറിയിച്ചിരുന്നു. കൊറോണ വൈറസ് ഭീതി ഒഴിഞ്ഞാൽ മാത്രമേ വീഡിയോ ദൈർഘ്യം കൂട്ടുകയുള്ളൂവെന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്.






