
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിവിക്കിന്റെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട സിവിക്കിന്റെ പത്താംതലമുറ വിപണിയില്‍ എത്തിയത്. പ്രീമിയം സെഡാന് ശ്രേണിയിലെത്തിയ ഈ വാഹനത്തിന് 17.7 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ആയതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നതെന്നാണ് സൂചന.
CR-V ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ ഉത്പാദമാണ് കമ്പനി അവസാനിപ്പിക്കുന്നത്. VX, ZX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സിവിക്കിന്റെ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. നേരത്തെ 2.5 ലക്ഷം രൂപയുടെ വരെ ഓഫറുകള്‍ സിവിക്കിന്റെ ഡീസല്‍ പതിപ്പുകള്‍ക്ക് കമ്പനി നല്‍കിയിരുന്നു.
2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ വാഹനം മുന്‍തലമുറ മോഡലുകളെക്കാള്‍ ആകര്‍ഷകമായ പല മാറ്റങ്ങളോടെയാണ് എത്തിയത്. അതേസമയം, നിരയിലെ എല്ലാ ഡീസല്‍ കാറുകളെയും നിര്‍ത്താന്‍ ഹോണ്ട ഉദ്ദേശിക്കുന്നില്ലെന്നും വില്‍പ്പന കുറഞ്ഞ വാഹനങ്ങളുടെ ഡീസല്‍ പതിപ്പുകളെ പിന്‍വലിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതുമെന്നാണ് റിപ്പോർട്ട്.






