
സിവിക്കിന്റെ പെട്രോള്‍ പതിപ്പിനെ നവീകരിച്ച് ഹോണ്ട. നവീകരിച്ച പുതിയ പതിപ്പിന് 17.93 ലക്ഷം രൂപയാണ് എക്സ്ഷോറും വില. പുതിയ പെട്രോള്‍ പതിപ്പ് V CVT, VX CVT, ZX CVT എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്.
വാഹനത്തിന്റെ കരുത്ത് നവീകരിച്ച് 1.8 ലിറ്റര്‍ i-VTEC എഞ്ചിനാണ്. ഈ എഞ്ചിന് 140 bhp കരുത്തും 174 Nm ടോർക്കും ഉത്പാദിപ്പിക്കും. സിവിടി പാഡില്‍-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ചാണ് പെട്രോള്‍ എഞ്ചിന് വാഗ്ദാനം ചെയ്യുന്നത്. ARAI സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമയും വാഹനത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം മുതല്‍ സിവിക്കിന്റെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചിരുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ആയതോടെയാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്. CR-V ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിവിക് ഏകദേശം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ നിരത്തിലേക്ക് തിരിച്ചെത്തിയത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ വാഹനം മുന്‍തലമുറ മോഡലുകളെക്കാള്‍ ആകര്‍ഷകമായ പല മാറ്റങ്ങളോടെയാണ് എത്തുന്നത്.






