
'' നായകനായ ജയന്റെ അച്ഛന്റെ വേഷം! വിപ്ലവകാരിയായ മകന് ബോംബ് നിര്‍മ്മിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് ബോംബ് പൊട്ടി മരിക്കുന്നു. റിഹേഴ്സലിനിടയില്‍ രണ്ട് മൂന്ന് ചീളുകള്‍ കാലില്‍ വന്ന് തറച്ചു.''
ഐ. വി ശശി ഓരോ പടം തുടങ്ങുമ്പോഴും വിളിക്കും: 'വാസുവേട്ടാ, ഒന്ന് മുഖം കാണിക്കുന്നോ?'
എന്നാല്‍ സ്നേഹപൂര്‍വ്വം വാസു പ്രദീപ് ആ ഓഫര്‍ നിരസിക്കുകയാണ് പതിവ്. എന്നാല്‍ ഒരു തവണ അദ്ദേഹം സമ്മതം മൂളി...! ഗൃഹലക്ഷ്മിയുടെ ബാനറില്‍ ടി. ദാമോദരന്‍ മാഷിന്റെ തൂലികയില്‍ വിരിഞ്ഞ 'അങ്ങാടി'യായിരുന്നു ആ ചിത്രം. നായകനായ ജയന്റെ അച്ഛന്റെ വേഷം! വിപ്ലവകാരിയായ മകന് ബോംബ് നിര്‍മ്മിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് ബോംബ് പൊട്ടി മരിക്കുന്നു. റിഹേഴ്സലിനിടയില്‍ രണ്ട് മൂന്ന് ചീളുകള്‍ കാലില്‍ വന്ന് തറച്ചു.
അവസാന ടേക്കില്‍ മുഖം ക്യാമറയ്ക്ക് നേരെ പിടിക്കണമെന്നാണ് നിര്‍ദേശം. അതിന് മുന്‍പ് ജയന് അടുത്തു വന്ന് പറഞ്ഞു:
'ഇവരിങ്ങനെയൊക്കെ പറയും നമുക്കെന്തെങ്കിലും പറ്റിയാല്‍ ആരും തിരിഞ്ഞുനോക്കില്ല. ചേട്ടന് തിരിഞ്ഞുകിടക്കുന്നതാ നല്ലത്'.
1950-കളുടെ ആദ്യപകുതിമുതല്‍ കോഴിക്കോട് മിഠായിതെരുവിലെ കുടുസ്സുമുറികളിലൊന്നില് അനേകം കലാരസികര്‍ നിരന്തരം ഒത്തുകൂടിയിരുന്നു. നാടകവും സാഹിത്യവും സിനിമയും ഒക്കെ അവര്‍ നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. മുറിയുടെ മൂലയില്‍ കുറേ ഛായ കൂട്ടുകളുമായി ഒരു മനുഷ്യനും അക്കൂട്ടത്തിലുണ്ടായിരുന്നു. കൈരളിക്കും പ്രത്യേകിച്ച് മലബാറിനും കുറെയേറെ മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടും ഒരിക്കലും സ്വയം മാര്‍ക്കറ്റ് ചെയ്യാതെ പോയ അദ്ദേഹമായിരുന്നു വാസുപ്രദീപ്. ജനുവരി 23 'കയ്യെഴുത്ത്'ദിനമായിട്ട് ആചരിക്കുമ്പോഴൊക്കെ ഈ ബഹുമുഖപ്രതിഭയേയും ഓര്‍ക്കാറുണ്ട്.
അനേകം ആനുകാലികങ്ങളുടേയും നൂറുകണക്കിന് പുസ്തകങ്ങളുടെ പുറംചട്ടകളും രൂപകല്പന ചെയ്തിട്ടുള്ള അതുല്യകലാകാരന് കൂടിയായിരുന്നു വാസുപ്രദീപ്. കോഴിക്കോടിന്റെ കലാസാംസ്കാരിക ചരിത്രത്തില്‍ പ്രദീപ് ആര്‍ട്സ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ വാസു ചിത്രകലാധ്യാപകനായിട്ടാണ് കോഴിക്കോട് എത്തുന്നത്. ഇക്കാലത്ത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ ചിത്രങ്ങളും വരച്ചിട്ടുണ്ട്. തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ എഴുതിയ 'സ്മാരകം'എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ പ്രോത്സാഹനം കൊണ്ട് നാടകലോകത്തും സജീവമായി.
നൂറ്റന്പതോളം നാടകങ്ങള്‍ രചിച്ചു. പലതും പുസ്തകങ്ങളായി. ശ്രദ്ധേയമായ കഥാപാത്രങ്ങളും നാടകങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണാടിക്കഷണങ്ങള്‍, താഴും താക്കോലും, നിലവിളി, കടലാസ് വിമാനം, തൂക്കമൊക്കാത്ത തലമുറ തുടങ്ങിയവ പ്രധാനപ്പെട്ട നാടകങ്ങളില്‍ ചിലതാണ്. നാടകരംഗത്തെ സംഭാവനകള്‍ക്ക് കേന്ദ്രസാഹിത്യഅക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് വാസുപ്രദീപ്. സിനിമാമേഖലയില്‍ നിന്നും പലരും വിളിച്ചെങ്കിലും വല്ലപ്പോഴും മാത്രമേ ക്യാമറക്ക് മുന്നില്‍ എത്തിയിരുന്നുള്ളൂ.
പി.ഭാസ്കരന് മാസ്റ്റര്‍ സംവിധാനം ചെയ്ത 1964-ലെ ആദ്യകിരണങ്ങളായിരുന്നു അഭിനയിച്ച ആദ്യചിത്രം. 1971ല്‍ 'പ്രതിധ്വനി' എന്ന പടത്തില്‍ വില്ലന്സ്പര്ശമുള്ള മുഴുനീള വേഷത്തിലും വാസുപ്രദീപ് അഭിനയിച്ചു. പ്രസിദ്ധ ഛായാഗ്രാഹകനായിരുന്ന വിപിന്‍ദാസിന്റെ ആദ്യസംവിധാനസംരംഭം കാലത്തിനുമുമ്പേ പിറന്ന ചിത്രമായിരുന്നു എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. എം.ടിയുടെ തിരക്കഥയില്‍ എം.ആസാദ് സംവിധാനം ചെയ്ത 'പാതിരാവും പകല്‍ വെളിച്ചവു'മാണ് മറ്റൊരു ചിത്രം. 'അങ്ങാടി' എന്ന സിനിമയ്ക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട് വാസുപ്രദീപ്.
കാക്കനാടന്റെ 'അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍', പുനത്തിലിന്റെ 'ദു:ഖിതര്‍ക്ക് ഒരു പൂമരം', കെ.പി കേശവമേനോന്റെ 'പൂര്‍ണജീവിതം' തുടങ്ങിയ പുസ്തകങ്ങളുടെ പുറം ചട്ടകള് ഇന്നും അക്ഷരപ്രേമികള്‍ ഓര്‍ക്കുന്നുണ്ടാകും. 1990-ല്‍ 'ദൈവസഹായം ലക്കിസെന്റര്‍ 'എന്ന പടത്തില്‍ ഗാനരചയിതാവായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ രാജനായിരുന്നു സംഗീതം പകര്‍ന്നത്. ഇക്കാലത്ത് തന്നെയാണ് തന്റെ ഒടുവിലത്തെ സിനിമാഭിനയങ്ങളിലൊന്നായ 'മക്കള്‍ മാഹാത്മ്യ'വും പുറത്തിറങ്ങിയത്.
സൗഹൃദങ്ങള്‍ക്ക് വലിയ വില കല്പിച്ചിരുന്ന വാസുപ്രദീപ് മരിക്കുംവരെയും ജോലിയൊന്നും ഇല്ലെങ്കിലും തന്റെ പ്രദീപ് ആര്‍ട്സിലേക്ക് നടന്നുനീങ്ങിയിരുന്നു. മലയാള അക്ഷരങ്ങളിലൂടെ പരസ്യങ്ങളിലും ലോഗോകളിലും നടത്തിയ പല പരീക്ഷണങ്ങളും വിസ്മയകരമാണ്. 81 വയസ്സില്‍ 2011 മെയ് 3-നാണ് വാസുപ്രദീപ് കലാരസികരില് നിന്ന് വിടവാങ്ങിയത്.
സ്മൃതി
മുഹമ്മദ്ഷെരീഫ് കാപ്പ്






