
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഹ്രസ്വചിത്രത്തിലെ മമ്മൂട്ടി അഭിനയിച്ച രംഗം ഷൂട്ട് ചെയ്തത് ദുൽഖർ സൽമാൻ. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രത്തിൽ അമിതാഭ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങി ഇന്ത്യയിലെ സൂപ്പർതാരങ്ങളെല്ലാം അണിനിരന്നിരുന്നു.
താരങ്ങളെല്ലാം തങ്ങളുടെ വീട്ടില്‍ തന്നെ ഷൂട്ട് ചെയ്ത വിഡിയോ കോര്‍ത്തിണക്കി മനോഹരമായ ഷോര്‍ട്ട് ഫിലിമാക്കി മാറ്റുകയായിരുന്നു. വിഡിയോ വൈറലായതോടെ ഇത് ആര് ഷൂട്ട് ചെയ്തു എന്നായിരുന്നു ആരാധകരുടെ സംശയം. മമ്മൂട്ടി അഭിനയിച്ച രംഗം ചിത്രീകരിച്ചത് ദുൽഖറാണെന്ന് താരത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു.
മോഹന്‍ലാലിന്റെ ഭാഗം ഷൂട്ട് ചെയ്തത് പ്രണവ് ആണോ എന്നാണ് ഇനി ഉയരുന്ന മറ്റൊരു സംശയം. അമിതാഭ് ബച്ചന്, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ മുതല്‍ പ്രിയങ്ക ചോപ്രയും രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ദിര്‍ജിത്തും വരെയുള്ള യുവതാരങ്ങളും അണിനിരക്കുന്ന ഷോര്‍ട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ലോക്ഡൗണിലായ സൂപ്പർതാരങ്ങൾ അമിതാഭിന്റെ വീട്ടിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണട കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ അവരവരുടെ വീട്ടിൽ നിന്ന് വെർച്വലായി പങ്കാളികളാകുന്ന ‘ലഘുചിത്രത്തിന്റെ പശ്ചാത്തലമാണിത്. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രൺബീറെ’ എന്ന രസികൻ ഡയലോഗാണ് മമ്മൂട്ടിയുടേതായി വിഡിയോയിൽ. രജനികാന്തിനോട് ‘ആശാനെ ആശാന്റെ കയ്യിൽ കുറെ ഗ്ലാസില്ലേ ഒരെണ്ണം അദ്ദേഹത്തിന് കൊടുക്ക്’ എന്നും മമ്മൂട്ടി തുടരുന്നു. തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുപിടിക്കുന്ന മാസ് സ്റ്റൈലിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ. ബച്ചന്റെ കൂളിങ് ഗ്ലാസ് കണ്ടെങ്കിലും അതു തിരയാൻ എനിക്കെന്റെ കണ്ണട വേണമെന്ന കുസൃതിയുമായാണ് മോഹൻലാൽ ചിത്രത്തിൽ രംഗത്തുവരുന്നത്. മറ്റു താരങ്ങളും വ്യത്യസ്ത പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്നു.
ഒരു വീട്ടിനുള്ളിൽ തന്നെ നടക്കുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ അണിനിരത്തി ഇതിന്റെ വെർച്വൽ സംവിധാനം നിർവഹിച്ചത് പ്രസൂൺ പാണ്ടെയാണ്. കല്യാൺ ജുവല്ലേഴ്സും സോണി പിക്ച്ചേഴ്സും ചേർന്നാണ് നിർമാണം. മറ്റു മേഖലകളിലെന്ന പോലെ ലോക്ഡൗണിൽ തൊഴിൽ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനാണ് ബിഗ് ബിക്കൊപ്പം രാജ്യത്തെ മുൻനിര താരങ്ങൾ അണിനിരക്കുന്നത്.






