
സഞ്ജയ്യും സിസിലിയും ഒരേ തൂവല്‍പക്ഷികളാണ്. ദു:ഖപക്ഷികള്. അവര്‍ക്ക് ദു:ഖം നല്‍കിയത് പരസ്പരം പൊരുത്തപ്പെടാത്ത മാതാപിതാക്കളാണ്. ഒരേ തൂവല്പക്ഷികള് കണ്ടുമുട്ടിയപ്പോള്‍ അത് പ്രണയമായി വളര്‍ന്നു. പക്ഷേ ആ പ്രണയം ദുരന്തത്തിലൊടുങ്ങി.
സഞ്ജയ്യുടെയും സിസിലിയുടെ കഥ പറഞ്ഞത് ഭദ്രനാണ്. ചിത്രം 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്'. മികച്ച സംവിധായകന് മാത്രമല്ല ഭാവനാസമ്പന്നനായ ഒരു കഥാകാരന് കൂടിയാണ് താനെന്ന് ഭദ്രന് ഈ ചിത്രത്തിലൂടെ തെളിയിച്ചു.
സൈക്യാട്രിസ്റ്റായ ഡോ.ഐസക് പീറ്ററിന്റെയും ക്ലാരയുടെയും ഏകമകളാണ് സിസിലി. രോഗികളുടെ കുടുംബപ്രശ്നങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഐസക് പീറ്ററിന്റെ ദാമ്പത്യജീവിതം പൊരുത്തക്കേടുകളുടെ സമാഹാരമാണ്. ക്ലാരക്ക് ഐസക് പീറ്ററിനെ സംശയമാണ്. അവര്‍ കുത്തുവാക്ക് പറഞ്ഞ് അയാളെ നോവിപ്പിക്കുന്നു. നിസ്സഹായനായ ഐസക്കിനെ കാണുമ്പോള്‍ സിസിലി വേദനിക്കും. മാതാപിതാക്കള്‍ രണ്ട് ധ്രുവങ്ങളിലായ സംഘര്‍ഷം അവളെ കൂട്ടുകാരികളില്‍ നിന്നും ഒറ്റപ്പെടുത്തി.
സിസിലിയുടെ അയല്‍വീട്ടില്‍ സഞ്ജയ്യും മാതാപിതാക്കളും താമസിക്കാനെത്തുന്നു. വാസുപിള്ളയുടെയും അമ്മുക്കുട്ടിയുടെയും ഏകമകനാണ് സഞ്ജയ്. വാസുപിള്ളയ്ക്ക് അമ്മുക്കുട്ടിയെ സംശയമാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ വാസുപിള്ള അമ്മുക്കുട്ടിയെ കുറ്റപ്പെടുത്തുന്നു. വാസുപിള്ളയുടെ സംശയരോഗം മാറാന്‍ മന:ശ്ശാസ്ത്രചികിത്സ നടത്താമെന്ന് അമ്മുക്കുട്ടി പറയുന്നുണ്ടെങ്കിലും തനിക്കൊരു കുഴപ്പവുമില്ല എന്നാണ് വാസുപിള്ളയുടെ നിലപാട്. മാതാപിതാക്കളുടെ വഴക്ക് കണ്ടു കണ്ട് സഞ്ജയ് സംഘര്‍ഷമൊഴിവാക്കാന്‍ കഞ്ചാവില്‍ അഭയം പ്രാപിച്ചു.
സിസിലിയുടെ കോളജില്‍ സഞ്ജയ്യും ചേര്‍ന്നു. ഇരുവരും ദു:ഖങ്ങള്‍ പങ്കുവച്ചു. മനസ്സിന്റെ പിടച്ചില്‍ പങ്കുവയ്ക്കുന്നത് അവര്‍ക്ക് ആശ്വാസമായി. ക്രമേണ അത് പ്രണയത്തിലേയ്ക്ക് മാറി.
സിസിലിയുടെ പ്രണയം ക്ലാര കണ്ടുപിടിച്ചു. സഞ്ജയ്യെ കൈകാര്യം ചെയ്യാന്‍ അവര്‍ സഹോദരന് പോളിയെ വിളിച്ചുവരുത്തി. പോളി സഞ്ജയ്യെ മര്‍ദ്ദിച്ചു. സംഭവം വാസുപിള്ള അറിഞ്ഞു. അയാള്‍ മകനെ കുറ്റപ്പെടുത്തി. പ്രണയത്തില്‍ നിന്നും അവനെ വാസുപിള്ള കര്‍ശനമായി വിലക്കി. സിസിലിയുടെ വീട്ടിലും പ്രശ്നമായി. എന്നാല്‍ ഡോ.ഐസക് പീറ്റര്‍ മകളുടെ മനസ്സറിഞ്ഞു.
താളം തെറ്റിയ ദാമ്പത്യത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ചതാണ് സിസിലി കൈവിട്ടുപോകാനുള്ള കാരണമെന്ന് ഐസക് പീറ്ററിനു മനസ്സിലായി.ജീവിതത്തില്‍ തങ്ങള്‍ക്ക് ഒന്നാകാന്‍ സഞ്ജയ്ക്കും സിസിലിക്കും മനസ്സിലായി. അവരിരുവരും റെയില്പാളത്തിലൊടുങ്ങി. റെയില്പാളത്തിലെ ചോരത്തുള്ളികളുടെ ദൃശ്യത്തിലൂടെ ചിത്രം അവസാനിക്കുന്നു.
ഡോ. ഐസക് പീറ്ററായി മമ്മൂട്ടിയും ക്ലാരയായി ശ്രീവിദ്യയും സിസിലിയായി പുതുമുഖം സിസിലിയും സഞ്ജയ്യായി റഹ്മാനും വാസുപിള്ളയായി തിലകനും അമ്മുക്കുട്ടിയായി സുലക്ഷണയും അഭിനയിച്ചു.
മോഹന്‍ലാലിന്റെ വ്യത്യസ്തവേഷം
പോളിയായത് മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ വ്യത്യസ്തവേഷമാണ് പോളി. ക്ലാരയുടെ സഹോദരനായ പോളി വിക്കനാണ്, ഗുണ്ടയും. കുറച്ചു സീനുകളില്‍ മാത്രമേ പോളി പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകഹൃദയത്തിലിടം നേടാന്‍ സാധിച്ചു. നെഗറ്റീവ് ക്യാരക്ടര്‍ മോഹന്‍ലാല്‍ സ്വീകരിച്ചത് പോളിയുടെ പ്രത്യേകത തിരിച്ചറിഞ്ഞതു കൊണ്ടാണ്.
ബിച്ചുതിരുമലയും ഇളയരാജയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. യേശുദാസും ജാനകിയും പാടിയ 'കൊഞ്ചി കരയല്ലേ', 'പൂങ്കാറ്റിനോടും' എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.മന:ശ്ശാസ്ത്രപരമായി ചിത്രീകരിച്ച ചിത്രമാണിത്. ദാമ്പത്യത്തിലെ താളക്കേടുകള്‍ ബാധിക്കുന്നത് കുട്ടികളെയാണ്.
അവര്‍ കൈവിട്ടുപോകും. കൈവിട്ടുപോയാല്‍ തിരിച്ചുപിടിക്കുക അസാധ്യമാകും. 'പൂമുഖപ്പടിയില്‍ നിന്നെയും കാത്തി'ലെ സഞ്ജയ്യും സിസിലിയും കൈവിട്ടുപോകുന്ന കുട്ടികളുടെ പ്രതീകമാണ്. പ്രണയത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിട്ടും ജാതിയും മതവും അവരെ അതിനനുവദിച്ചില്ല. ഒടുവില്‍ ആത്മഹത്യകൊണ്ട് അവര്‍ ജീവിതത്തിന് വിരാമമിട്ടു. മാതാപിതാക്കളുടെ സ്നേഹമാണ് കുട്ടികളുടെ അസ്തിത്വം എന്ന സത്യത്തിലേയ്ക്ക് 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്' വിരല്‍ചൂണ്ടുന്നു.
മലയാളത്തിലെ ക്ലാസിക്കുകള്‍
കെ.എന്‍ ഷാജികുമാര്‍






