
''അടുത്ത ഗാനം പാടിയിരിക്കുന്നത് യേശുദാസ്. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജോണ്സണ്. ചിത്രം ഭീഷ്മാചാര്യ.''
കുട്ടിക്കാലത്ത് ഇങ്ങനൊരു അനൗണ്‍സ്മെന്റ് ആകാശവാണിയില്‍ നിന്നൊരുപാടു തവണ കേട്ടിട്ടുണ്ട്.
കുറേക്കാലം കഴിഞ്ഞാണ് അത് ജോണ്‍സന്റെ ഈണമല്ലെന്നും എസ്.പി. വെങ്കിടേഷാണ് 'ചന്ദനക്കാറ്റി'ന്റെ യഥാര്‍ത്ഥ ശില്‍പ്പിയെന്നും മനസ്സിലായത്. എസ്.പി.വെങ്കിടേഷിനെ സംബന്ധിച്ചിടത്തോളം ഇതത്ര പുതുമയുള്ള കാര്യവുമല്ല. മലയാള ചലച്ചിത്ര ഗാനശാഖയില്‍ സ്വന്തം ഗാനങ്ങളുടെ പിതൃത്വം ഇത്രമേല്‍ മറ്റുള്ളവരില്‍ ചാര്‍ത്തപ്പെടുന്ന ഗതികേടനുഭവിക്കേണ്ടി വന്ന സംഗീത സംവിധായകന് വേറെയുണ്ടാവില്ല.
'കൗരവര്‍' രവീന്ദ്രന് ചെയ്തതാണെന്നും 'മിന്നാരം' ബേണി ഇഗ്നേഷ്യസ് ചെയ്തതാണെന്നും വിശ്വസിച്ചിരിക്കുന്നവരെ ഈ ലേഖകന്‍ നേരിട്ടറിയാം.
വെങ്കിടേഷിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെയും മനസ്സിലാദ്യം ഓടി വരാറ് 'തുടര്‍ക്കഥ'യെന്ന സിനിമയിലെ ഗാനങ്ങളെപ്പറ്റിയുള്ള ഒരു കഥയാണ്.
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ആ ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഒ.എന്‍.വിയാണ്. ചിത്രത്തിനു വേണ്ടി ഗാനങ്ങളെല്ലാം എഴുതി ക്കഴിഞ്ഞ് ഒ.എന്‍.വി യാത്രയായ ശേഷമാണ് ഒരു പ്രത്യേക സന്ദര്ഭത്തിലേക്ക് വേണ്ടിയുള്ള ഗാനം എഴുതിയിട്ടില്ലല്ലോ എന്ന കാര്യം സംവിധായകനോര്ത്തത്. റെയില്‍വെ സ്റ്റേഷനില്‍ വെച്ചു തന്നെ ഒ.എന്‍.വിയെക്കൊണ്ട് ആ വരികളും എഴുതിച്ചു. പിന്നീട് വെങ്കിടേഷ് ആ വരികള്‍ക്കും സംഗീതം പകര്‍ന്നു. അതും ഒരു വരിയെയോ വാക്കോ പോലും മാറ്റാതെ. 'മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ' എന്ന എം.ജി.ശ്രീകുമാറും ചിത്രയും ശബ്ദം നല്കിയ ആ ഗാനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കോമ്പോസിഷനുകളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്.
സംഗീത സംവിധായകന് ശരത് ഒരിക്കല്‍ അഭിപ്രായപ്പെട്ടത് പോലെ ബുദ്ധിമുട്ടേറിയ വരികളെ ഒരു പോറല്‍ പോലും ഏല്ക്കാതെ ഒരു രാഗത്തിലേക്ക് ലയിപ്പിക്കാന്‍ വെങ്കിടേഷിനെ പോലെ ഒരു പ്രതിഭയ്ക്ക് മാത്രമേ കഴിയൂ.മലയാളിയുടെ ചലച്ചിത്രഗാന ജീവിതത്തിലേക്ക് പ്രണയമായും കിനാവായും കണ്ണീരായും വിരഹമായും കാത്തിരിപ്പായും പ്രതീക്ഷയായും ഉല്ലാസമായും ഒരുപാടു തവണ പൂത്തിറങ്ങിയ ഗാനവസന്തമാണ് എസ്.പി. വെങ്കിടേഷ്.
സലില്‍ ചൗധരിയുടെയും ഇളയരാജയുടെയും ബോംബെ രവിയുടെയും മാതൃകയില്‍ മലയാളിയെ തീക്ഷ്ണവും നൈതികവുമായ സംഗീതത്താല്‍ ത്രസിപ്പിച്ച ഒരു ദശകത്തിന്റെ അമരക്കാരന്. എണ്‍പതുകളുടെ മധ്യം തൊട്ട് തൊണ്ണൂറുകളുടെ പകുതി വരെ മുഖ്യധാരാ മലയാള സിനിമാ സംഗീതത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം അളവുകളില്ലാത്തതാണ്. രവീന്ദ്രന്ജോണ്സണ്എം.ജി.രാധാകൃഷ്ണന് ത്രയങ്ങളുടെയും ഔസേപ്പച്ചന്റെയും നടുവില്‍ അദ്ദേഹം ഈണം നല്കി ഹിറ്റാക്കിയ ഗാനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നത്ര വലുതാണ്.
ഡെന്നീസ് ജോസഫും തമ്പി കണ്ണന്താനവുമാണ് 'രാജാവിന്റെ മകനി'ലൂടെ 1986-ല്‍ വെങ്കിടേഷിനെ സ്വതന്ത്ര സംഗീത സംവിധായകനായി മലയാളത്തിലവതരിപ്പിക്കുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ വെങ്കിടേഷിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തൊട്ടടുത്ത വര്‍ഷം അതേ ടീമിന്റെ തന്നെ 'വഴിയോരക്കാഴ്ച്ച'കളിലെ 'പവിഴമല്ലിപ്പൂവുറങ്ങി പകലു പോകയായ്' എന്ന ഗാനം ചിത്രയുടെ അതുവരെയുള്ള ആലാപന ശൈലിയെ പൊളിച്ചെഴുതിയ ഒന്നായിരുന്നു.
'നായര്‍സാബി'ലൂടെയും 'ഇന്ദ്രജാല'ത്തിലൂടെയും വീണ്ടും ഹിറ്റ് ഗാനങ്ങളുടെ നിര സൃഷ്ടിച്ച വെങ്കിടേഷ് 1991-ല്‍ പ്രിയദര്‍ശനുമായി ആദ്യമായി ഒത്തുചേര്‍ന്നു. ഫലം മലയാള സിനിമാ ഗാനരംഗത്ത് അതുവരെയുളള റിക്കോര്ഡുകളൊക്കെയും ഭേദിച്ച 'കിലുക്കം' എന്ന ചിത്രമായിരുന്നു. കിലുക്കമാണ് സത്യത്തില്‍ വെങ്കിടേഷിനെ മലയാളത്തിന്റെ മുന്‍ നിരയിലേക്കെത്തിക്കുന്നത്.
അതേ വര്‍ഷം തന്നെ 'തുടര്‍ക്കഥ'യിലൂടെ വെങ്കിടേഷ് മലയാളിയെ വീണ്ടും ഞെട്ടിച്ചു. ഒരു ലോ പ്രൊഫൈല്‍ ചിത്രത്തിന് പ്രതീക്ഷിക്കാവുന്നതിലുമധികമായിരുന്നു ഓഡിയോ കാസറ്റ് വിപണിയില്‍ ആ സിനിമയുടെ പ്രകടനം.
'മാണിക്യക്കുയിലേ നീ', 'മഴവില്ലാടും മലയുടെ മുകളില്‍', 'അളകാപുരിയില്‍ അമരാവതിയില്‍', 'ആതിര വരവായി', 'ശരറാന്തല്‍ പൊന്നും പൂവും' തുടങ്ങി ആ ആല്‍ബത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികവുറ്റതും ശ്രദ്ധേയവുമാണ്.
'ജോണിവാക്കറി'നു വേണ്ടി 1992-ല്‍ എസ്.പി.വെങ്കിടേഷ് സംഗീത സംവിധാനം നിര്വഹിച്ചപ്പോള് വരികളെഴുതിയത് ഒരു പുതുമുഖമായിരുന്നു...ഗിരീഷ് പുത്തഞ്ചേരി. ആ വര്‍ഷം ത
ന്നെ 'പ്രിയപ്പെട്ട കുക്കു', 'കൗരവര്‍', 'നാടോടി', 'കിഴക്കന്‍ പത്രോസ്', 'ഡാഡി', 'വളയം' തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ വെങ്കിടേഷിനു കഴിഞ്ഞു. ബാനറിന്റെയോ സംവിധായകന്റെയോ നായക നടന്റെയോ പ്രൊഫൈല്‍ നോക്കാതെയാണ് തന്നെ സമീപിച്ച പ്രൊജക്ടുകള്‍ ഓരോന്നിനെയും പരിചരിച്ചത്.
അതുകൊണ്ടു തന്നെയാണ് സൂപ്പര്‍സ്റ്റാറുകള്‍ പാടിയഭിനയിച്ച 'മുത്തുമണിത്തൂവല്‍ തരാം', 'താലോലം പൂമ്പൈതലേ' എന്നീ ഗാനങ്ങള്‍ക്കൊപ്പം തന്നെ 'ചെമ്പകമേട്ടിലെ എന്റെ മുളം കുടിലില്‍' (വളയം), 'മേലെയേതോ പൊന്‍ താരം' (പ്രിയപ്പെട്ട കുക്കു), 'നീലയാമിനീ' (തിരുത്തല്‍വാദി) തുടങ്ങിയ ഗാനങ്ങളേയും മലയാളി നെഞ്ചിലേറ്റിയത്. ഐ.വി.ശശി 1993-ല്‍ സംവിധാനം ചെയ്ത 'അര്‍ത്ഥന'യിലെ 'കാതോരമാരോ' എന്ന ഗാനം കോമ്പോസിഷന്റെ വന്യമായ ചാരുതയാല്‍ ശ്രദ്ധേയമാണ്. എസ്.പി. വെങ്കിടേഷിന്റെ കരി
യറിലെ ഏറ്റവും തിളക്കമുള്ള വര്‍ഷം കൂടിയാണ് 93. വൈവിധ്യമേറിയ ഒരുപിടി ഗാനങ്ങള്‍ ആ വര്‍ഷം സൃഷ്ടിക്കപ്പെട്ടു.
'ഗാന്ധര്‍വ്വ'ത്തിലെ 'മാലിനിയുടെ തീരങ്ങള്‍' ഇന്‍സ്റ്റന്റ് ഹിറ്റായി. ആ വര്‍ഷം ജയരാജിന്റെ 'പൈതൃക'ത്തിനു വേണ്ടി അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നിന് ജന്മം നല്കി. യേശുദാസും മഞ്ജും ആലപിച്ച 'വാല്‍ക്കണ്ണെഴുതിയ മകരനിലാവ്' മലയാള ചലച്ചിത്ര ഗാനശാഖയ്ക്കു തന്നെയാണ് വാല്ക്കണ്ണെഴുതുന്നത്.
ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യം നല്കിയ 'സരോവര'വും ലളിതസുഭഗമായ ഗാനങ്ങളാല്‍ ശ്രദ്ധേയമായ 'ധ്രുവ'വും 93-ല്‍ തന്നെ റിലീസ് ചെയ്ത വെങ്കിടേഷ് സിനിമകളാണ്. 'ധ്രുവ'ത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊച്ചു സിനിമകള്‍ക്കു വേണ്ടി മികച്ച ഈണങ്ങള്‍ സൃഷ്ടിക്കുക എന്ന പതിവിന് അദ്ദേഹം ഒരു കോട്ടവും വരുത്തിയില്ല എന്നതിനു തെളിവായിരുന്നു ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ജേര്ണലിസ്റ്റെ'ന്ന ചിത്രത്തിലെ 'മുത്തോലത്തിങ്കള്‍' എന്ന യുഗ്മഗാനവും 'ജന'മെന്ന സിനിമയിലെ 'ഗോപുര മേടയില്‍ നര്‍ത്തനമാടാന്‍' എന്ന ചിത്ര പാടിയ ഗാനവും. 'താമരക്കണ്ണനുറങ്ങേണം' എന്ന വാത്സല്യത്തിലെ പാട്ടിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്നിന് അദ്ദേഹം ജന്മം നല്കിയ
തും 93-ല്‍ തന്നെയാണ്. എന്തൊരു വര്‍ഷമായിരുന്നു അദ്ദേഹത്തിനത്
വെങ്കിടേഷ് കരിയറിലാദ്യമായി സിദ്ദിഖ്്ലാല് ടീമിനൊപ്പം 1994-ല്‍ കൂട്ടു ചേര്‍ന്നു. 'കാബൂളിവാല' എന്ന ആ സിനിമയിലെ ഗാനങ്ങളൊക്കെയും സിനിമ പോലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. 'ഭീഷ്മാചാര്യ'ക്കുവേണ്ടി 'ചന്ദനക്കാറ്റേ' എന്ന നിത്യഹരിതഗാനത്തിന് ഈണമിട്ടതും ആ വര്‍ഷം തന്നെ.
തട്ടുപൊളിപ്പന്‍ ഗാനങ്ങളും തനിക്കു വഴങ്ങുമെന്ന് വെങ്കിടേഷ് 'സൈന്യ'ത്തിലൂടെ തെളിയിച്ചു. ജയരാജിന്റെ 'സോപാന'ത്തിലൂടെ ശാസ്ത്രീയ സംഗീതത്തിലേക്ക് തിരിഞ്ഞു നടന്നപ്പോള്‍ മലയാളിക്ക് ലഭിച്ചത് എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന 'താരനൂപുരം ചാര്‍ത്തി' എന്ന പാട്ടാണ്. 'വെണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി' എന്ന സിനിമയിലെ 'നീലക്കണ്ണാ' എന്ന വ്യത്യസ്തമായ കോമ്പോസിഷനും 94-ലാണ് ഉണ്ടായത്.
ഹിറ്റുകളുടെ എണ്ണം കുറയുന്നോ എന്ന സംശയം ഇന്‍ഡസ്ട്രിയില്‍ ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് പ്രിയദര്‍ശന്റെ 'മിന്നാരം' കാസറ്റ് വിപണിയില്‍ തരംഗം സൃഷ്ടിച്ചത്. ജയരാജിന്റെ ഹൈവേയില്‍ 95-ല്‍ സ്വര്‍ണ്ണലത പാടിയ 'ഒരു തരി കസ്തൂരി' ഹെവി ഓര്ക്കസ്ട്രയാല് ശ്രദ്ധേയമായ ഒരു ഗാനമാണ്; ഈ ലേഖകന്റെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോസിഷനുകളിലൊന്ന്.
ആ വര്‍ഷം തന്നെ 'സ്ഫടിക'ത്തിനു വേണ്ടി സൃഷ്ടിച്ച ഈണങ്ങളൊക്കെയും റോ മ്യൂസിക്കിന്റെ ടെക്സ്റ്റ് ബുക്ക് പ്രദര്‍ശനങ്ങളായിരുന്നു. ചിത്രയുടെ ആലാപനത്തില്‍ ആരുമധികം എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത മേഖലകള്‍ മലയാളിക്ക് കാണിച്ചു തന്ന ഈണങ്ങള്‍ കൂടിയായിരുന്ന അവ. 'ഹിറ്റ്ലര്‍', 'മാന്ത്രികം', 'അനിയന് ബാവ ചേട്ടന് ബാവ', 'സൂപ്പര്മാന്' തുടങ്ങിയ ഹിറ്റുകള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നല്‍കിയെങ്കിലും 1997-മുതല്‍ എസ്.പി. വെങ്കിടേഷിന്റെ കരിയര്‍ ഗ്രാഫ് താഴേക്കു വീണു തുടങ്ങി.
തമ്പി കണ്ണന്താനത്തെയും രാജസേനനെയും പോലെയുള്ളവര്‍ സജീവമല്ലാതായിത്തുടങ്ങിയതും ലോ ബജറ്റ് ചിത്രങ്ങള്‍ ശ്രദ്ധേയമല്ലാതായിത്തുടങ്ങിയതും അദ്ദേഹത്തിന്റെ കരിയറിനെ
സാരമായിത്തന്നെ ബാധിച്ചു.
ആ കാലത്തു പോലും 'ഗിരി താഴും സൂര്യന്' (ആയിരം മേനി), 'മാനത്തെ തുടിയുണരും' (ഒന്നാമന്), 'രാമായണം കഥ' (പത്താം നിലയിലെ തീവണ്ടി) തുടങ്ങിയ ഒരു പിടി മികച്ച ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളത് പ്രസ്താവ്യമാണ്.
സംഗീതവും സാഹിത്യവും ജനപ്രിയതയുടെ പാത്രത്തില്‍ കൃത്യമായി സംയോജിപ്പിക്കാനായി എന്നതാണ് എസ്.പി. വെങ്കിടേഷിന്റെ വിജയരഹസ്യം.
തബലയോ ഹാര്‍മോണിയമോ ഉപയോഗിച്ചിരുന്ന സമകാലിക സംഗീത സംവിധായകരില്‍ നിന്നും വ്യത്യസ്തമായി ഗിറ്റാറില്‍ ഗാനങ്ങള്‍ കമ്പോസ് ചെയ്യുന്നയാളായിരുന്നു വെങ്കിടേഷ്. റീ റെക്കോര്‍ഡിംഗിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. പ്രിയദര്ശന് ഓര്‍ത്തെടുക്കുന്നതു പോലെ കണ്ടക്ട് ചെയ്യാനും നോട്സ് എഴുതാനും ഒരു പോലെ പ്രാഗത്ഭ്യമുള്ളയാള്ക്കാര് എസ്.പി.വെങ്കിടേഷിനെ പോലെ വളരെ കുറച്ചേയുള്ളൂ. എസ്.പി.വെങ്കിടേഷ്
ഈ ലേഖകന്റെ ബാല്യത്തെയും കൗമാരത്തെയും ഒരു പോലെ ത്രസിപ്പിച്ച സംഗീത സംവിധായകനാണ്. ഇന്നും അദ്ദേഹം ഈണം നല്കിയ ഒരു ഗാനമെങ്കിലും കേള്‍ക്കാതെ പോകുന്ന ദിനങ്ങള്‍ അപൂര്‍വ്വം. ഓര്‍മ്മകളോളം പാട്ടോര്മ്മകളോളം സുന്ദരമായ മറ്റെന്തുള്ളൂ ഈ ഭൂമിയില്‍?!
രാഗോത്സവം / ജിതേഷ് മംഗലത്ത്