
മാസ്റ്റർ എന്ന വിജയ്ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ. ലോക്ക്ഡൗൺ പ്രമാണിച്ച് റിലീസ് ചെയ്യാതിരുന്ന ചിത്രം വേണ്ടസമയത്തു തന്നെ ആരാധകരുടെ അരികിലേക്ക് എത്തുമെന്ന് പറയുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
വിജയ് നായകനും വിജയ് സേതുപതി വില്ലനുമായി അഭിനയിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ ഏപ്രിൽ 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ മാസ്റ്ററുമുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കൽ വീഡിയോകൾ നേരത്തെ പുറത്തു വന്നിരുന്നു.
മാളവിക മോഹനനും ആൻഡ്രിയയും നായികമാരാകും. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കും. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. സേവ്യർ ബ്രിട്ടോ ആണ് നിർമാണം.
റിലീസ് മാറ്റിവെച്ചതിലുള്ള നിരാശ കൊണ്ടുളള ആരാധകരുടെ ട്വീറ്റുകളാൽ സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. ആദ്യം അതിജീവിക്കാം, എന്നിട്ട് ആഘോഷിക്കാം എന്നാണ് സംവിധായകൻ പറയുന്നത്. മാസ്റ്റർ നിങ്ങൾക്കരികിലേക്ക് ഉടനെയെത്തുമെന്നാണ് പുതിയ പോസ്റ്ററിലെ ടാഗ് ലെെൻ.






