ദുഃഖവെള്ളിയാഴ്ച രക്തദാനം നടത്തി യുവജന കൂട്ടായ്മ; 100 കുടുംബങ്ങളിലേക്ക് 2000 രൂപ വീതം സഹായമെത്തിച്ച് കടവന്ത്ര സെന്റ് ജോസഫ് ഇടവക
ദുഃഖവെള്ളിയാഴ്ച രക്തദാനം നടത്തി യുവജന കൂട്ടായ്മ; 100 കുടുംബങ്ങളിലേക്ക് 2000 രൂപ വീതം സഹായമെത്തിച്ച് കടവന്ത്ര സെന്റ് ജോസഫ് ഇടവക
Authored by Web Desk | Last updated: 11 Apr 2020, 1:02 PM | 1 min read
കൊച്ചി: ദുഃഖവെള്ളിയാഴ്ചയുടെ ചൈതന്യം ഹൃദയത്തിലേറ്റി ഒരു പറ്റം യുവാക്കള്‍. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ആചരണം ജീവരക്തം പകര്‍ന്നാണ് ഇവര്‍ നടത്തിയത്. കൊച്ചി കടവന്ത്ര സെന്റ് ജോസഫ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം ഐഎംഎ ബ്ലഡ് ബാങ്കില്‍ രക്തദാനം നല്‍കിയായിരുന്നു ഇവരുടെ ദുഃഖവെള്ളി ആചരണം. സഹവികാരി ഫാ.ദീപു പ്ലാത്തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു യുവജനങ്ങളുടെ രക്തദാന പരിപാടി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു പടി മുന്നിലാണ് കടവന്ത്ര ഇടവക. ലോക്ക് ഡൗണിനോട് അനുബന്ധിച്ച് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ഒരു മാസത്തെ വാടക ഇളവുചെയ്തു കൊടുക്കാനായി തീരുമാനിച്ചു. ഇടവക അതിര്‍ത്തിയിലുള്ള കുടുംബങ്ങളില്‍ സാനിറ്ററിസറും മാസ്കുകളും ഇതിനകം തന്നെ ലഭ്യമാക്കി. ആശുപത്രികള്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് സൗജന്യമായി മാസ്ക്കുകള്‍ തയ്യാറാക്കി നല്കി.
കുടുംബങ്ങളിലേക്ക് സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ എത്തുന്നതിനുമുമ്പ് അഞ്ച് കിലോ അരി, പഞ്ചസാര, പയര്‍, പരിപ്പ് മുതലായവ ലഭ്യമാക്കി. കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളും ലഭ്യമാക്കി. ഇടവക അതിര്‍ത്തിയിലുള്ള നാനാജാതിമതസ്ഥരായ 100 കുടുംബങ്ങള്‍ക്ക് 2000 രൂപ വീതം ധനസഹായമായി നല്‍കാനും ഇടവക തീരുമാനിച്ചിട്ടുണ്ടെന്ന് വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ അറിയിച്ചു.