തിരുവനന്തപുരം: അതിജീവനത്തിന്റെ പ്രതീക്ഷകളുണര്‍ത്തി വിഷുനാളില്‍ ഗാനാര്‍ച്ചനയുമായി നടന് നെടുമുടി വേണു. ലോകം ഒറ്റക്കെട്ടായി നിന്നാണ് ഈ മഹാമാരിക്കെതിരേ പോരാടുന്നത്. മലയാളികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് നടന്റെ വരികള്‍. കോവിഡ് 19നെതിരെ ജാഗ്രതയോടെ പോരാടുന്ന ഈ നാളുകളില്‍ ആളുകള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് നെടുമുടി വേണു പാടുന്ന പാട്ടിലെ വരികള്‍.
കേരള പോലീസാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇടക്ക കൊട്ടിക്കൊണ്ടാണ് അദ്ദേഹം പാട്ട് പാടിയിരിക്കുന്നത്. തുരത്തണം തകര്‍ക്കണം ഈ മഹാമാരിയെ എന്ന് തുടങ്ങുന്ന ഗാനം കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലാണ് പുറത്തിറക്കിയിരിക്കുന്നത്. കേരളപോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. മൂന്നുമണിക്കൂര്‍ കൊണ്ട് 68000 പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്. ഇന്നലെയാണ് താരത്തിന്റെ ഗാനം ചിത്രീകരിച്ചത്.






