
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കാന്‍ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മല്‍സ്യത്തിനും നല്‍കുന്നത്. മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും മത്സ്യ ബന്ധന തൊഴിലാളികളെ ചൊടിപ്പിച്ചു. ഇതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഇടഞ്ഞത്.
ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഹാര്‍ബറില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങുവാനോ പിന്നീട് അതു വില്ക്കുവാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.






