
ന്യുഡല്‍ഹി: ലോക്ഡൗണിലെ വിരസതയകറ്റാന്‍ ലുഡോ കളിച്ചുകൊണ്ടിരുന്ന യുവാവ് ചുമച്ചത് വിനയായി. ചുമച്ചതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കം യുവാവിന്റെ ജീവന് തന്നെ ഭീഷണിയായി. ഒപ്പം കളിച്ചിരുന്ന മൂന്നു പേരും മറ്റൊരു പ്രദേശാസിയും ഇയാളുമായി വഴക്കിടുകയും വെടിവയ്ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പ്രശാന്ത് എന്നയാള്‍ക്കാണ് വെടിയേറ്റര്. കൈലാഷ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില മെച്ചപ്പെട്ടുണ്ട്.
പ്രശാന്തിനെ വെടിവച്ച ജയ്വീര് എന്നയാള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് കൊറോണ വൈറസ് പരത്താന്‍ പ്രശാന്ത് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. പ്രശാന്ത് ഇത് എതിര്‍ത്തു. ഇതോടെ ജയ്വീര് കൈവശമിരുന്ന നാടന്‍ തോക്കുകൊണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.






