
തൊഴിലില്ലായ്മയുടെ ദുരന്തം കേരളത്തിലെ യുവാക്കള്‍ അനുഭവിച്ച കാലമാണ് എണ്‍പതുകള്‍. ഈ കാലഘട്ടത്തില്‍ പിറന്ന ചിത്രമാണ് സിദ്ദിഖ്്ലാല് കഥയും ശ്രീനിവാസന് തിരക്കഥയുമെഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്'.
ബോക്സോഫീസില്‍ നാടോടിക്കാറ്റ് കൊടുങ്കാറ്റായി മാറിയപ്പോള്‍ മലയാളസിനിമയിലെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തി. നാടോടിക്കാറ്റിലെ നായകന്മാരായ ദാസനെയും വിജയനെയും പ്രേക്ഷകര്‍ മനസ്സിലേറ്റുവാങ്ങിയപ്പോള് അതുവരെയുണ്ടായ മലയാളസിനിമയുടെ ഗതി മാറി. നാടോടിക്കാറ്റിനെത്തുടര്ന്ന് തൊഴിലില്ലായ്മ കേന്ദ്രീകരിച്ച് നിരവധി ചിത്രങ്ങള്‍ ഇറങ്ങി. എന്നാല്‍ അവയ്ക്കൊന്നും 'നാടോടിക്കാറ്റി'ന് പകരമാകാന്‍ കഴിഞ്ഞില്ല.
ബികോം ബിരുദധാരിയായ ദാസനും പ്രീഡിഗ്രി പാസായ വിജയനുമാണ് നാടോടിക്കാറ്റിലെ നായകന്മാര്. സ്വകാര്യസ്ഥാപനത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണവര്. അപ്രതീക്ഷിതമായി ഇരുവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ജീവിക്കാന്‍ അവര്‍ പല പദ്ധതികളും ആലോചിച്ചു. പശുവിനെ വാങ്ങി പാല് വിറ്റ് വരുമാനമുണ്ടാക്കാന്‍ തീരുമാനിച്ചത് വെറുതേയായി. ഈ സാഹചര്യത്തിലാണ് ഗഫൂര്‍ക്ക എത്തുന്നത്. ഇരുവരെയും ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് ഗഫൂര്‍ക്ക ഉറപ്പുനല്‍കി. അങ്ങനെ കപ്പലില്‍ കരകാണാക്കടല്‍ താണ്ടാന്‍ അവര്‍ തീരുമാനിച്ചു. ഗള്‍ഫില്‍ കൊണ്ടുപോകുന്നതിന് ഗഫൂര്‍ക്ക നല്ലൊരു തുകയും കമ്മീഷന് പറ്റി.
ഗള്‍ഫിനു പകരും ഗഫൂര്‍ക്ക ദാസനെയും വിജയനെയും എത്തിച്ചത് മദിരാശിയിലായിരുന്നു. വിദഗ്ധമായി ഗഫൂര്‍ക്ക തങ്ങളെ കബളിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ ഭാവിജീവിതം ദാസനും വിജയനും ചോദ്യചിഹ്നമായി. ദാസന്റെ നാട്ടുകാരനായ പുത്തന്‍പുരക്കല്‍ ബാലന് അവരെ സഹായിച്ചു. ഇരുവര്‍ക്കും ബിസിനസ് മാഗ്നറ്റായ അനന്തന്‍നമ്പ്യാരുടെ സ്ഥാപനത്തില്‍ ജോലി കിട്ടി. എന്നാല്‍ വിധി അവിടെയും അവരെ തോല്‍പ്പിച്ചു. മദിരാശിയിലെ പ്രമുഖ കള്ളക്കടത്തുകാരനാണ് അനന്തന് നമ്പ്യാര്‍. തന്നെ പൂട്ടാന്‍ വേഷം മാറിവന്ന സി.ഐ.ഡികളാണ് ദാസനും വിജയനുമെന്ന് നമ്പ്യാര്‍ തെറ്റിദ്ധരിച്ചു. അവരുടെ ജോലി നഷ്ടപ്പെട്ടു.
അനന്തന് നമ്പ്യാരുടെ ഓഫീസിലെ അക്കൗണ്ടന്റായ രാധ, ദാസനും വിജയനും അഭയം നല്കി. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ അവര്‍ക്ക് രാധ അന്നമായി. ബികോമിന് ഫസ്റ്റ് ക്ലാസ് നേടിയെന്നതില്‍ അഭിമാനം കൊള്ളുന്ന ദാസന്റെ കോംപ്ലക്സ് രാധ മാറ്റിയെടുത്തു.
എല്ലാ ജോലിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന രാധയുടെ വാക്കുകള്‍ ദാസന്റെ മനസ്സിനെ മാറ്റി. പച്ചക്കറിക്കച്ചവടം ചെയ്ത് അതിജീവനം നടത്താന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍ വിജയന് അതില്‍ താത്പര്യമുണ്ടായിരുന്നില്ല. അയാള്‍ സിനിമയില്‍ അഭിനയിക്കാനായി ഇറങ്ങിത്തിരിച്ചു.
ദാസനെയും വിജയനെയും വധിക്കാന്‍ അനന്തന് നമ്പ്യാര്‍ നടത്തിയ പദ്ധതികളെല്ലാം പാളി. ഇന്റര്‍നാഷണല്‍ വാടകക്കൊലയാളിയായ പവനായിയെ നമ്പ്യാര്‍ വരുത്തി. ദാസനെയും വിജയനെയും വധിക്കാനുള്ള ശ്രമത്തിനിടെ പവനായി അപടകത്തില്‍പ്പെട്ട് മരിച്ചു. രാജ്യം തിരയുന്ന വാടകക്കൊലയാളിയെ കൊന്നത് ദാസനും വിജയനുമാണെന്ന് തെറ്റിദ്ധരിച്ച മദിരാശി പൊലീസ് അവരെ അനുമോദിച്ചു.
ഇതിനിടയില്‍ പല ദുരന്തങ്ങളും ദാസന്റെയും രാധയുടെയും ജീവിതത്തിലുണ്ടായി. ദാസന്റെ അമ്മ മരിച്ചു. മകന് നല്ല ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന അമ്മയുടെ വിയോഗം ദാസന് തീരാത്ത മുറിവായി. രാധയായിരുന്നു ഈ ഘട്ടത്തില്‍ ദാസനെ ആശ്വസിപ്പിച്ചത്. രാധയുടെ വീട് സ്ഥിതി ചെയ്യുന്ന കോളനി
ഒഴിപ്പിക്കാന്‍ മലയാളിയായ തമിഴ്നേതാവ് കോവൈ വെങ്കിടേശ്വരന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമെത്തി. ദാസന് അവരെ തുരത്തിയോടിച്ചു. ജീവിതത്തിലെ ദുരന്തം ദാസനെയും രാധയെയും ഒരേ വികാരത്തില്‍ ബന്ധിപ്പിച്ചു. ആ വികാരം പ്രണയമായി മാറി.
ദാസനെയും വിജയനെയും വധിക്കാന്‍ തുനിഞ്ഞിറങ്ങിയ അനന്തന്നമ്പ്യാര് സ്വയം കുടുങ്ങി. ദാസനും വിജയനും അനന്ത്യന്നമ്പ്യാര് കള്ളക്കടത്തുകാരനാണെന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍ അനന്തന്നമ്പ്യാര് കെണിയില്‍ വീണു. അനന്തന് നമ്പ്യാരെ കുടുക്കാന്‍ സഹായിച്ച ദാസനും
വിജയനും തമിഴ്നാട് പൊലീസില്‍ ജോലി ലഭിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
ദാസനായി മോഹന്‍ലാലും വിജയനായി ശ്രീനിവാസനും അനന്തന് നമ്പ്യാരായി തിലകനും പവനായിയായി ക്യാപ്റ്റന്രാജുവും കോവൈ വെങ്കിടേശ്വരനായി ജനാര്‍ദ്ദനനും ഗഫൂര്ക്കയായി മാമുക്കോയയും അഭിനയിച്ചു. നായികയായ രാധയായത് ശോഭനയാണ്. ഐ.വി.ശശി, എം.ജി.സോമന്, ശങ്കരാടി, സീമ എന്നിവരും നാടോടിക്കാറ്റില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ക്യാപ്റ്റന്‍ രാജുവിന്റെ മറ്റൊരു മുഖം വ്യക്തമായ ചിത്രമാണിത്. അതുവരെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന ക്യാപ്റ്റന്‍ രാജു നാടോടിക്കാറ്റില്‍ ഹാസ്യരസത്തിന് പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് ചെയ്തത്. പവനായി പ്രേക്ഷകര്‍ക്ക് പ്രിയ കഥാപാത്രമായി മാറി. ക്യാപ്റ്റന്‍ രാജുവിനെ ഹാസ്യകഥാപാത്രമാക്കിയതിലൂടെ അതുവരെ അദ്ദേഹത്തിനുമേല്‍ നിലനിന്നിരുന്ന ക്രൂരതയുടെ നിഴലുകളാണ് സത്യന് അന്തിക്കാട് മാറ്റിയത്.
യൂസഫലി കേച്ചേരിയും ശ്യാമും ചേര്‍ന്നാണ് ഗാനങ്ങളൊരുക്കിയത്. യേശുദാസ് പാടിയ 'കരകാണാക്കടലലമേലേ', 'വൈശാഖ സന്ധ്യേ' എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി.
'പട്ടണപ്രവേശം', 'അക്കരെ അക്കരെ അക്കരെ' എന്നിങ്ങനെ നാടോടിക്കാറ്റിന് രണ്ടുഭാഗങ്ങളിറങ്ങി. സത്യന് അന്തിക്കാടാണ് 'പട്ടണപ്രവേശ'വും സംവിധാനം ചെയ്തത്. 'അക്കരെ അക്കരെ അക്കരെ' പ്രിയദര്ശന് ഒരുക്കി. പട്ടണപ്രവേശം ഹിറ്റായെങ്കിലും 'അക്കരെ അക്കരെ അക്കരെ' പരാജയപ്പെട്ടു.






