
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ മൂലം എല്ലാവരും വീട്ടില്‍ തന്നെയിരിപ്പാണ്. ഇത് മടുപ്പുണ്ടാക്കുന്നവരാണ് സര്‍ക്കാരും ആരോഗ്യവകുപ്പും പൊലീസും പറയുന്നത് അനുസരിക്കാതെ പുറത്തിറങ്ങി നടന്ന് സാഹചര്യം വഷളാക്കുന്നത്. എന്നാല്‍, ഈ ലോക് ഡൗണ്‍ കാലം ഓരോരുത്തര്‍ക്കും അവരവരുടെതായ രീതിയില്‍ പ്രയോജനപ്പെടുത്താമെന്നാണ് ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ പറയുന്നത്. വെറുതെ ഉപദേശം നല്കുകയല്ല നസീര്‍ ചെയ്യുന്നത്. മിമിക്രിയിലും അഭിനയത്തിലും മാത്രമല്ല, ചിത്രരചനയിലും താനൊരു മികച്ച കലാകാരനാണെന്നു തെളിയിച്ചുകൊണ്ടാണ് കോട്ടയം നസീര്‍ ഈ ലോക് ഡൗണ്‍ കാലം താനെങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് കാണിച്ചു തരുന്നത്.
21 ദിവസത്തെ ആദ്യഘട്ട ലോക് ഡൗണ്‍ കാലത്ത് 21 ചിത്രങ്ങളാണ് നസീര്‍ വരച്ചത്. വ്യത്യസ്ത തീമുകളിലായി വരച്ച മിഴിവുറ്റ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ലോക് ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ചിത്രരചനയുമായി മുന്നോട്ടു പോകാനും താരം തീരുമാനിച്ചിട്ടുണ്ട്. നടന് ജയസൂര്യയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത നസീറിന്റെ ചിത്രങ്ങളുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആവുകയും ചെയ്തു.
' ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍. ഈ 21 ദിവസം സമയം എങ്ങന തള്ളി നീക്കും എന്ന ചിന്തയായിരുന്നു മിക്ക ആളുകളുടെയും മനസില്‍. ഈ 21 ദിവസം എങ്ങനെ ഉപകാരപ്പെടുത്താം എന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെയാണ് 21 ദിവസം 21 ചിത്രങ്ങള്‍ വരയ്ക്കാം എന്ന ചിന്ത എന്റെയുള്ളില്‍ വരുന്നത്. ലോക് ഡൗണ്‍ നീട്ടിയതുകൊണ്ട് ചിത്ര രചന നീട്ടാനാണ് പരിപാടി': കോട്ടയം നസീര്‍ ഈ വീഡിയോയില്‍ പറയുന്നു.
ചിത്രങ്ങൾ കാണാം






