
കുട്ടികളുടെ പ്രിയ കാർട്ടൂൺ 'ഛോട്ടാ ഭീം' ഇനി മുതൽ ദൂരദർശനിലും. വാർണർ മീഡിയയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ചാനലായ പോഗോ ഇതിനുവേണ്ടി ദൂരദർശനുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടുകഴിഞ്ഞു.
ഏപ്രിൽ 17 മുതൽ ഉച്ചയ്ക്ക് 2-2.30 ഛോട്ടാ ഭീമിന്റെ സംപ്രേഷണ സമയം തീരുമാനിച്ചിരിക്കുന്നത്. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് ഏപ്രിൽ 17 മുതൽ മേയ് 3 വരെയാണ് കാർട്ടൂൺ സംപ്രേഷണം ചെയ്യുന്നത്.
2008-ലാണ് ആദ്യമായി ഛോട്ടാ ഭീം പോഗോയിൽ സംപ്രേഷണം ആരംഭിച്ചത്. ഡോളക്പൂർ എന്ന ഗ്രാമത്തിലെ ഒരു പയ്യനാണ് കഥയിലെ നായകനായ ഛോട്ടാ ഭീം. ഭീമിന്റെയും കൂട്ടൂകാരുടെയും കഥയാണ് കാർട്ടൂണിന്റെ ഇതിവൃത്തം.
'കുട്ടികളും നമ്മുടെ പ്രേക്ഷകരാണ് അവരെയും നമ്മൾ പരിഗണിക്കണം. നിരവധി പഴയ സീരിയലുകൾ പുനർസംപ്രേഷണം തുടങ്ങിയിട്ടുണ്ട്. ഛോട്ടാ ഭീം കുട്ടികൾക്കെല്ലാം ഇഷ്ടമുള്ള ഒരു കാർട്ടൂണാണ്. ഈ സമയത്ത് അത് ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിൽ സന്തോഷമാണ്.' പ്രസാർ ഭാരതി സി.ഇ.ഓ ശശി ശേഖർ വെപതി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് വാർണർ മീഡിയ പറയുന്നത്. രാജ്യമെമ്പാടുമുള്ള കുട്ടിപ്രേക്ഷകരെല്ലാം ഇത് കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.







Comments