
കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്കരിച്ചിട്ടും സൂപ്പര്‍ഹിറ്റ് ചരിത്രമായ ചിത്രമാണ് 'പത്രം'. രഞ്ജിപണിക്കര്‍ കഥയും തിരക്കഥയുമെഴുതി ജോഷി സംവിധാനം ചെയ്ത ഈ ചിത്രം മാസും ക്ലാസുമാണ്. പത്രധര്‍മ്മത്തിന്റെ സാധ്യതകള്‍ ഏത് അതിരുവരെ പോകാം, അതിരുവിട്ടാല്‍ എന്തുസംഭവിക്കും എ
ന്നാണ് 'പത്രം' ചര്‍ച്ചചെയ്തത്. കേരളത്തില്‍ സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാംസ്ഥാനത്തും നില്ക്കുന്ന പത്രങ്ങളുടെ അനീതിക്കെതിരെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ഇവരുടെ കുതന്ത്രങ്ങള്‍ക്കെതിരെ സാധാരണ പ്രേക്ഷകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി 'പത്രം'.
മുഖ്യധാരാമാധ്യമങ്ങള്‍ പരസ്യം പോലും കൊടുക്കാതെ തമസ്്കരിച്ചെങ്കിലും മംഗളമടക്കമുള്ള പത്രങ്ങള്‍ ഈ ചിത്രത്തിന് മികച്ച പബ്ലിസിറ്റി കൊടുത്തു. മുഖ്യധാരാമാധ്യമങ്ങള്‍ തമസ്കരിച്ചാലും സിനിമ നല്ലതാണെങ്കില്‍ ഹിറ്റായിരിക്കും എന്ന സൂചന പത്രം നല്കി.
കേരളരശ്മിയുടെ എഡിറ്റോറിയലിന്റെ ചുമതല നന്ദഗോപാല്‍ ഏറ്റെടുക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. നന്ദഗോപാല്‍ എഡിറ്റോറിയല്‍ നയങ്ങള്‍ തിരുത്തുന്നു. നന്ദഗോപാലിന്റെ പിതാവ് പത്രപ്രവര്‍ത്തകനായിരുന്നു. ബോംബെയിലെ തൊഴിലാളിവിരുദ്ധപ്രവര്ത്തനങ്ങളെ തുറന്നുകാട്ടിയത് നന്ദഗോപാലിന്റെ പിതാവായിരുന്നു. അദ്ദേഹത്തെ ബോംബെയിലെ അധോലോകം കൊല്ലപ്പെടുത്തി. പിതാവിന്റെ പാത പിന്തുടര്‍ന്ന പത്രപ്രവര്‍ത്തകനായി മാറിയ നന്ദഗോപാല്‍ പത്രവാര്‍ത്തകള്‍ പാവപ്പെട്ട ജനതയുടെ കണ്ണീരൊപ്പുന്നതാകണം എന്ന പക്ഷക്കാരനാണ്. കേരളരശ്മിയാകട്ടെ സര്‍ക്കുലേഷന്‍ കൂട്ടാനുള്ള വാര്‍ത്തകള്‍ മാത്രമേ പത്രത്തില്‍ പ്രസിദ്ധീകരിക്കാവൂ എന്ന കച്ചവടതന്ത്രമുള്ള പത്രമാണ്. അ
തുകൊണ്ട് തന്നെ കേരളരശ്മിയുടെ ചീഫ് എഡിറ്റര്‍ പാട്ടത്തില്‍ ഔതക്കുട്ടിയുമായി നന്ദഗോപാല്‍ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിലായി.
ശേഖരന്റെ ജാഗ്രത സമൂഹത്തിലെ അഴിമതിയെ തുറന്നു കാട്ടുന്ന പത്രമാണ്. മുമ്പ് നക്്സലൈറ്റായിരുന്നു ശേഖരന്. പിന്നീട് സമൂഹത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി ജാഗ്രത പ്രസിദ്ധീകരിച്ചു. നന്ദഗോപാലിന്റെ പിതാവിന്റെ സുഹൃത്തുകൂടിയാണ് ശേഖരന്. ശേഖരനും മകള്‍ ദേവികയും ചേര്‍ന്നാണ് ജാഗ്രത നടത്തുന്നത്.അധികാരവും പണവും ഉപയോഗിച്ച് സമൂഹത്തെ ഹൈജാക്ക് ചെയ്യുന്ന വിശ്വനാഥനും ശേഖരനും തമ്മില്‍ ഏറ്റുമുട്ടി. ജാഗ്രതയില്‍ വിശ്വനാഥനെതിരെ വന്ന വാര്‍ത്തയായിരുന്നു ഇരുവരെയും അകറ്റിയത്. വിശ്വനാഥനെതിരെയുള്ള രഹസ്യരേഖകള്‍ ശേഖരന് കിട്ടി. ഇതറിഞ്ഞ വിശ്വനാഥനും ഗുണ്ടകളും രഹസ്യരേഖകള്ക്കൊപ്പം ശേഖരനെയും കത്തിച്ചു.
ശേഖരന് മരിച്ചതോടെ പത്രത്തിന്റെ ചുമതല ദേവികയിലായി. നന്ദഗോപാല്‍ പത്രം നടത്താന്‍ ദേവികയെ സഹായിക്കുന്നു. ശേഖരന്റെ കൊലപാതകത്തെക്കുറിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് കേരളരശ്മിയില് പരമ്പരയായി പ്രസിദ്ധീകരിക്കാന്‍ നന്ദഗോപാല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചീഫ് എഡിറ്റര്‍ സമ്മതിക്കുന്നില്ല. ഇതോടെ നന്ദഗോപാല്‍ കേരളരശ്മിയുമായി അകന്നു.
നന്ദഗോപാല്‍ സ്വാധീനമുപയോഗിച്ച് എസ്.പി. ഫിറോസ് മുഹമ്മദിനെ ശേഖരന് വധക്കേസ് അന്വേഷിക്കാനുള്ള ചുമതല ഏല്‍പ്പിക്കുന്നു. ഫിറോസിന്റെ അന്വേഷണം വിശ്വനാഥനില്‍ കേന്ദ്രീകരിച്ചു. ഇതിനകം കേരളരശ്മിയുടെ ഭീമമായ ഷെയര്‍ വിശ്വനാഥന് സ്വന്തമാക്കിയിരുന്നു. പത്രരംഗത്തും വിശ്വനാഥന് കരുത്തനായി മാറി. പണത്തോടൊപ്പം പത്രവും ലഭിച്ചതോടെ ഭരണവര്‍ഗം വിശ്വനാഥന്റെ ഏറാന്മൂളിയായി. ജാഗ്രതയിലൂടെ വിശ്വനാഥന്റെ തനിനിറം തുറന്നുകാട്ടാന്‍ നന്ദഗോപാല്‍ ശ്രമിക്കുന്നു. ശേഖരന്റെ വധത്തില്‍ വിശ്വനാഥന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഫിറോസിന് ലഭിച്ചു. വിശ്വനാഥനെ അറസ്റ്റ് ചെയ്യാന്‍ ഒറ്റയ്ക്കിറങ്ങിയ ഫിറോസിനെ വിശ്വനാഥന് വെടിവച്ചു കൊന്നു.
ഫിറോസിനെ കൊല്ലുന്നതിന്റെ ഫോട്ടോ നന്ദഗോപാലിന് ലഭിച്ചു. ജാഗ്രതയില്‍ അത് അച്ചടിക്കാന്‍ നന്ദഗോപാല്‍ തീരുമാനിക്കുന്നു. ഇതറിഞ്ഞ വിശ്വനാഥന് സംഹാരരുദ്രനായി ജാഗ്രതയുടെ ഓഫീസിലെത്തി. പത്രവാര്ത്തകൊണ്ട് വിശ്വനാഥനെ തളയ്ക്കാനാവില്ലെന്നറിഞ്ഞ നന്ദഗോപാല്‍ അയാളെ വെടിവച്ചു കൊല്ലുന്നു. വിശ്വനാഥന്റെ വലംകൈയ്യായ ഡി.ജി.പി സഭാപതിയില് വിദഗ്ധമായി വിശ്വനാഥന്റെ വധത്തിന്റെ ഉത്തരവാദിത്വം നന്ദഗോപാല്‍ അടിച്ചേല്‍പ്പിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
സുരേഷ്ഗോപിയുടെ കരിയറിലെ പണംവാരിച്ചിത്രങ്ങളിലൊന്നാണ് 'പത്രം'. സുരേഷ്ഗോപിയുടെ മാസ്റ്റര്‍പീസായ പഞ്ച് ഡയലോഗുകള്‍ ഇതില്‍ ധാരാളമുണ്ട്. ദേവികയായത് മഞ്ജുവാര്യരാണ്. മഞ്ജുവാര്യര്‍ക്കും പഞ്ച് ഡയലോഗുകള്‍ തിരക്കഥാകൃത്ത് ഒരുക്കി. മഞ്ജുവിന്റെ ഡയലോഗ് പ്രസന്റേഷനും പത്രത്തിന്റെ ഹൈലൈറ്റാണ്. ശേഖരനായി മുരളിയും ഫിറോസ് മുഹമ്മദായി ബിജുമേനോനും പാട്ടത്തില്‍ ഔതക്കുട്ടിയായി ജഗന്നാഥവര്‍മ്മയും അഭിനയിച്ചു. വിശ്വനാഥനായത് എന്‍.എഫ്.വര്‍ഗീസാണ്. അകാലത്തില്‍ അന്തരിച്ച വര്‍ഗീസിന്റെ ശക്തമായ വില്ലന്‍വേഷമാണ് പത്രത്തിലെ വിശ്വനാഥന്. കൊച്ചിന് ഹനീഫ,സ്ഫടികം ജോര്‍ജ്, ജനാര്ദ്ദനന്, വിജയ് മേനോന് എന്നിങ്ങനെ വന്‍താരനിര ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മുഖ്യധാരാമാധ്യമങ്ങള്‍ ബഹിഷ്കരിച്ചതിലൂടെ പത്രത്തിന് നല്ല പ്രീ പബ്ലിസിറ്റി ലഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ചിത്രത്തിന് മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിക്കൊടുത്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്റ്റാലിന് ശിവദാസ് തിയേറ്ററില്‍ നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശിക്കുമ്പോഴാണ് പത്രം റീലീസ് ചെയ്തത്. ഇതോടെ സ്റ്റാലിന് ശിവദാസ് ഹോള്‍ഡ് ഓവറായി. സ്റ്റാലിന് ശിവദാസിനെ പത്രത്തിന്റെ റിലീസ് പ്രതികൂലമായി ബാധിച്ചുവെന്ന് ആ നിര്‍മ്മാതാവ് ദിനേശ്പണിക്കര്‍ പിന്നീട് വെളിപ്പെടുത്തി.






