
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ചെറുകഥയെഴുത്തിലും ഗാനരചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടൻ രവി വള്ളത്തോള്‍ ഓര്‍മ്മയായിരിക്കുകയാണ്. 1987 മുതൽ തുടങ്ങിയ സിനിമാഭിനയത്തിന് 68-ാം വയസ്സിൽ തിരശ്ശീല വീണിരിക്കുകയാണ്. സിനിമാലോകത്തെ സൗമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു രവി വള്ളത്തോള്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും. അത്തരത്തിൽ അദ്ദേഹത്തിന്റെ ഓര്‍മ്മയുമായി സോഷ്യൽമീഡിയയിൽ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.
സ്കൂൾ തലം മുതൽ ഡിഗ്രി കാലം വരെ ഒരുമിച്ചു പഠിച്ച കൂട്ടുകാരാണ് ജഗതി ശ്രീകുമാറും രവി വള്ളത്തോളും. നാടാകാഭിനയത്തിൽ തുടങ്ങി പിന്നീട് സിനിമാഭിനയത്തിലേക്കെത്തി ഇരുവരും. അപ്പോഴും തങ്ങളുടെ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. 1970 കാലമാണ്. അന്നൊരു നാടകത്തില്‍ രണ്ട് പേരും നായകൻ, നായിക കഥാപാത്രങ്ങളായെത്തി. കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന നാടക മത്സരത്തിലായിരുന്നു അത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ നാടകത്തിലെ നായകനടന് പിന്നീട് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടായി മാറുകയായിരുന്നു.
പക്ഷേ ആ നാടകത്തിലെ നായികയ്ക്ക് പിന്നിട് ഒരിക്കലും നായികയാകാൻ കഴിഞ്ഞില്ല, രവി വള്ളത്തോള്‍ ആയിരുന്നു അന്ന് ആ നായികയായത്. സിനിമയിലും സീരിയലിലുമൊക്കെ പിന്നീട് രവി തിളങ്ങിയെങ്കിലും പിന്നീടൊരിക്കലും നാടകത്തിലോ സിനിമയിലോ ഇത്തരത്തിൽ സ്ത്രീവേഷം കെട്ടിയിട്ടില്ല താരം.






