
കോട്ടയം കറുകച്ചാലിൽ പ്രവർത്തിച്ചിരുന്ന 'നസീർ ആർട്സ് ' എന്ന സ്ഥാപനം ഇന്നും ആ നാട്ടുകാരുടെ ഓർമയിലുണ്ട്. പക്ഷേ, സ്ഥാപനഉടമയുടെ ആർട്സ് വർക്കുകൾ ലോകമറിയാൻ ലോക്ക്ഡൗൺ കാലം വരെ കാത്തിരിക്കേണ്ടി വന്നു. സമയക്കുറവ് കാരണം മാറ്റിവച്ച 'വര' ലോക്ക്ഡൗൺ കാലത്ത് സജീവമാക്കിയിരിക്കുകയാണ് നസീർ.
21 ദിവസം, 21ചിത്രങ്ങൾ. ലോക്ക്ഡൗൺ കാലം കളർഫുൾ ആണല്ലോ?
അതേ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ തീരുമാനിച്ചതാണ് 21ദിവസം, 21 ചിത്രങ്ങൾ വരക്കണമെന്ന്. മറ്റ് കലാപ്രവർത്തകരൊക്കെ ലൈവിൽ വന്ന് പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ചില സംഘടനകളുടെ ആവശ്യപ്രകാരം ഒന്നുരണ്ട് ലൈവ് വന്നിരുന്നു. ഞാൻ ലൈവിൽ വരുമ്പോൾ സ്വാഭാവികമായും എല്ലാവരും ആവശ്യപ്പെടുന്നത് മിമിക്രി ചെയ്യാനാണ്. പക്ഷേ, ചെയ്ത ഐറ്റം തന്നെ വീണ്ടും വീണ്ടും അവതരിപ്പിക്കേണ്ടി വരുമ്പോൾ അതിൽ ഒരുപാട് ആവർത്തന വിരസത ഉണ്ടാവും. ഓരോ ഐറ്റവും ഓരോ സീസണിലേക്കാവും സ്ക്രിപ്റ്റ് ചെയ്ത് തയ്യാറാക്കുന്നത്. പഴയ സ്കിറ്റുകൾ പുതിയ തലമുറ വരെ യൂട്യുബിലും മറ്റും കണ്ടതാണ്. അതുമാത്രമല്ല, ചാനലുകളിലും സ്റ്റേജ് ഷോകളിലും പരിപാടി അവതരിപ്പിക്കുമ്പോൾ സൗണ്ട് ക്വാളിറ്റി ഉറപ്പുവരുത്താനാവും. ഫോണിലും മറ്റും ലൈവ് വരുമ്പോൾ അത്രയും പെർഫെക്ഷൻ ഉണ്ടാവില്ല. ഈ കാരണത്താൽ പഴയത് പോലെ ശരിയായില്ല എന്ന് പറഞ്ഞു വിമർശനങ്ങളും കേൾക്കേണ്ടി വരും. ചിത്രങ്ങൾ വരയ്ക്കുമ്പോൾ ഇതൊന്നും ബാധകമല്ലല്ലോ. സ്വസ്ഥം, സമാധാനം.
കയ്യടികൾക്കും താരപരിവേഷത്തിനും നടുവിൽ നിന്ന ആൾ, ഒറ്റക്ക് ഒരു മുറിയിലിരുന്ന് ചിത്രം വരക്കുന്നു. രണ്ടും രണ്ട് ധ്രുവങ്ങളിലാണ്?
മിമിക്രി ആർട്ടിസ്റ്റ് ആവുന്നതിന് മുൻപ് ഞാൻ പ്രൊഫഷണൽ ചിത്രകാരനായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് മൂന്ന് കൊല്ലം കറുകച്ചാലിലുള്ള എ. പി ആർട്സ് എന്ന ഗവണ്മെന്റ് അംഗീകൃത സ്കൂളിൽ ചിത്രരചന പഠിച്ചു. ആ സ്കൂൾ ഇപ്പോൾ ഇല്ല. പക്ഷേ, ഒരുപാട് കലാകാരന്മാർ പഠിച്ചിറങ്ങിയ സ്ഥാപനമാണത്. കാർട്ടൂണിസ്റ്റ് വേണു സാർ, തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ തുടങ്ങിയവരുൾപ്പെടെ ഇപ്പോഴത്തെ പല പ്രശസ്ത ആർട്ടിസ്റ്റുകളും പഠിച്ചത് എ. പി ആർട്സിലായിരുന്നു. എ. പരമേശ്വരൻ പിള്ള എന്ന പ്രഗത്ഭനായ അധ്യാപകന്റെ ശിക്ഷണത്തിലുള്ള സ്ഥാപനമായിരുന്നു അത്.
പഠനം പൂർത്തിയാക്കിയ ശേഷം ബോർഡ്, ബാനർ, നമ്പർപ്ലേറ്റ്, കടകളുടെ ഷട്ടറുകളിലും ലോറിയുടെ പിന്നിലുമുള്ള ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രൊഫഷണൽ ആയി തന്നെ ചെയ്ത് കൊടുത്തിരുന്നു. രണ്ട് മൂന്ന് അസിസ്റ്റന്റ്സ് വരെ ഉണ്ടായിരുന്നു നസീർ ആർട്സ് എന്ന കറുകച്ചാലിലെ എന്റെ സ്ഥാപനത്തിൽ.
പിന്നീടാണ് മിമിക്രി മേഖലയിൽ എത്തുന്നതും അതിന്റെ തിരക്കുകളിലേക്ക് ജീവിതം വഴിമാറിയതും. കൂടുതൽ വരുമാനവും പ്രശസ്തിയും ആളുകൾ നൽകുന്ന അംഗീകാരവുമെല്ലാം ആ മേഖലയിൽ ചുവടുറപ്പിക്കാൻ കാരണമായി എന്ന് മാത്രം.
സാധാരണക്കാരനുൾപ്പെടെ ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് താങ്കൾ വരക്കുന്നത്?
ഞാൻ മിമിക്രി ചെയ്യാൻ തുടങ്ങിയ കാലം മുതൽ അങ്ങനെയാണ്. കുട്ടികൾക്കും പ്രായമുള്ളവർക്കും പോലും ഒരേപോലെ മനസിലാവുന്ന ശബ്ദങ്ങളാണ് അനുകരിച്ച് പഠിച്ചിട്ടുള്ളതും അവതരിപ്പിച്ചിട്ടുള്ളതും. ചിത്രകലയിലും അങ്ങനെതന്നെ.
ലോകത്തിന്റെ ഏത് കോണിലുള്ള മനുഷ്യനും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നത് പെയിന്റിംഗ് മാത്രമാണ്. അത് ഒരുപാട് കോംപ്ലിക്കേറ്റഡ് ആക്കേണ്ട ആവശ്യമൊന്നുമില്ല. ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ കാണുന്നവർക്കെല്ലാം ആസ്വദിക്കാൻ കഴിയണമെന്ന ആഗ്രഹമുണ്ട്. അത് മനസ്സിൽ വച്ചാണ് ഓരോ പെയിന്റിംഗും ചെയ്യുന്നത്. തന്നെയുമല്ല, വീട്ടിലുള്ളവർ കൂടി കാണേണ്ടതാണ് എന്ന ചിന്തയുള്ളത് കൊണ്ട് എന്റെ മിമിക്രിയും പെയിന്റിങ്ങുമൊക്കെ അത്യാവശ്യം നീറ്റാണ് എന്ന് എവിടെയും ആത്മവിശ്വാസത്തോടെ പറയാം.
2017 ൽ നടത്തിയ ഡ്രീംസ് ഓഫ് കളേഴ്സ് എന്ന പെയിന്റിംഗ് എക്സിബിഷൻ ശ്രദ്ധ നേടിയിരുന്നു?
സത്യത്തിൽ ലാലേട്ടനാണ് അങ്ങനെയൊരു എക്സിബിഷൻ വരെ എത്താൻ പ്രചോദനമായത്. വർഷങ്ങൾക്ക് മുൻപ്, ദുബായിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയ സമയത്ത് ഞാൻ വരച്ച കുറച്ച് ചിത്രങ്ങളുടെ ഫോണിലുള്ള ഫോട്ടോസ് ലാലേട്ടനെ കാണിച്ചു. അപ്പോഴാണ് ഞാൻ വരക്കുമെന്ന് അദ്ദേഹത്തിനു മനസിലായത്. വളരെ നന്നായിട്ടുണ്ടെന്നും എനിക്കൊരു ചിത്രം വരച്ചുതരണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് 'അമ്മ' ഷോയുടെ റിഹേഴ്സൽ സമയത്ത് ഊണ് കഴിക്കാൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു കൊണ്ടുപോയി. സുചി ചേച്ചിക്കും അമ്മക്കുമൊക്കെ പരിചയപ്പെടുത്തി. വരയ്ക്കുന്ന കാര്യമൊക്കെ അവരോടും പറഞ്ഞു. ആഹാരമൊക്കെ ലാലേട്ടൻ തന്നെ വിളമ്പി തന്നു. പിന്നീട് പെന്റിങ്ങുകളുടെ ഒരു കളക്ഷൻ എനിക്ക് കാണിച്ചുതന്നു. പല നാട്ടിൽ നിന്നുള്ളതും പലരും സമ്മാനിച്ചതും അദ്ദേഹം വിലയ്ക്ക് വാങ്ങിയതുമായ നിരവധി ചിത്രങ്ങളുടെ ശേഖരം.
ഓരോ ചിത്രങ്ങളുടെയും ഡീറ്റൈലിംഗ്, അർത്ഥം തുടങ്ങിയവയൊക്കെ ലാലേട്ടൻ കൃത്യമായി പറയും. അദ്ദേഹത്തിന്റെ കളക്ഷൻസ് കാണിച്ച ശേഷം ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു പെയിന്റിംഗ് എനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് ഞാൻ വരച്ചുകൊടുത്ത പെയിന്റിംഗ് എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്ന് ഇടക്കിടെ പറയും, ഒരു പ്രോത്സാഹനം പോലെ. മീറ്റിംഗുകൾക്കൊക്കെ കാണുമ്പോഴും ഞങ്ങൾ തമ്മിൽ അധികം സംസാരിക്കാറുള്ളതും പെയിന്റിങ്സിനെപ്പറ്റിയാണ്. ലാലേട്ടനാണ് എക്സിബിഷൻ നടത്താനുള്ള പ്രചോദനം നൽകിയത്. മൂന്ന് വർഷം മുൻപ് എക്സിബിഷൻ നടത്തിയെങ്കിലും ആ വിവരമൊന്നും കൂടുതൽ ആളുകൾ അറിഞ്ഞിരുന്നില്ല. അതിന് ഈ ലോക്ക്ഡൗൺ കാലം വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് സത്യം. ഈ ലോക്ക്ഡൗൺ നിനക്ക് വേണ്ടിയുള്ളതാ എന്നായിരുന്നു നാദിർഷായുടെ കമന്റ്.
ലോക്ക്ഡൗൺ കാലത്തെ ചിത്രങ്ങൾ കൂടുതലും വാട്ടർ കളറിൽ ആണല്ലോ?
അതേ. എല്ലാ മീഡിയത്തിലും വരക്കാറുണ്ടെങ്കിലും വാട്ടർ കളറിൽ വളരെ ഫാസ്റ്റ് ആണ് ഞാൻ. ദിവസവും ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്കൊണ്ട് ഉണങ്ങാനും എളുപ്പം വാട്ടർകളർ തന്നെ. ലോക്ക്ഡൗണിന് മുൻപ് എന്തെങ്കിലുമൊന്ന് വരയ്ക്കാൻ തുടങ്ങി പകുതി ആകുമ്പോഴേക്കും ആരെങ്കിലുമൊക്കെ പ്രോഗ്രാമിനോ ഷൂട്ടിനോ വിളിക്കും. പിന്നെ, ആഴ്ചകൾ കഴിഞ്ഞാവും മടക്കം. ഓയിൽ പെയിന്റിന്റെ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ തണുപ്പടിച്ചാൽ വേഗം പൂപ്പൽ പിടിക്കും. തന്നെയുമല്ല, ഒരു പശപശപ്പുള്ളത് കാരണം പ്രാണികൾ വന്ന് ആത്മഹത്യയും ചെയ്യും. തിരിച്ച് വന്ന് എല്ലാം ക്ലീൻ ചെയ്ത് വീണ്ടും വരക്കേണ്ടി വരുമ്പോൾ മാനസികമായി മടുക്കും. അങ്ങനെ എട്ടും പത്തും തവണ മാറ്റി വരക്കേണ്ടി വന്ന പെയിന്റിംഗ്സ് ഉണ്ട്.
ലോക്ക്ഡൗൺ കാലം നിറങ്ങൾക്കൊപ്പം കൂടിയപ്പോൾ വീട്ടിലുള്ളവരുടെയും കലാലോകത്തുള്ളവരുടെയും പ്രതികരണം?
വരക്കുന്നത് കാണുമ്പോൾ വൈഫിനും കുട്ടികൾക്കും തന്നെയാണ് ഏറ്റവും സന്തോഷം. മൂത്തമകൻ കാനഡയിലാണ് പഠിക്കുന്നത്. ലോക്ക്ഡൗൺ കാരണം മോനുൾപ്പെടെ അഞ്ചാറ് കുട്ടികൾ ഒന്നിച്ച് ഒരു വീട്ടിൽ കഴിയുകയാണ്. പെയിന്റിംഗ് പൂർത്തിയായാൽ ആദ്യം അവനാണ് അയക്കുന്നത്. മോനും വരയ്ക്കാൻ കഴിവുണ്ട്. എന്തെങ്കിലും കറക്ഷൻസ് ഉണ്ടെങ്കിൽ പറയും. അതിനു ശേഷമേ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുള്ളു. ഏറ്റവും രസകരം എന്തെന്നാൽ ഇത് കണ്ടിട്ട് അവന്റെ കൂട്ടുകാരും ഇപ്പോൾ ദിവസവും വരയാണ്. ഇളയ മകനും വരക്കാറുണ്ട്. സുഹൃത്തുക്കളുടെ മക്കളൊക്കെ ഞാൻ വരച്ച ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വരയ്ക്കാൻ തുടങ്ങി. സ്വന്തമായി വരച്ച ചിത്രങ്ങൾ കാണുന്നതിനേക്കാൾ സന്തോഷം അതൊക്കെ കാണുമ്പോഴാണ്.
ലാലേട്ടന് ചിത്രങ്ങൾ അയച്ചു കൊടുക്കാറുണ്ട്. അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. നെടുമുടി വേണു ചേട്ടൻ, ചിത്രച്ചേച്ചി, സുജാത ചേച്ചി, ജയറാമേട്ടൻ, ദിലീപേട്ടൻ, ജയസൂര്യ, മനോജ് കെ ജയൻ, നാദിർഷിക്ക, റസൂൽ പൂക്കുട്ടി, ലക്ഷ്മി ഗോപാലസ്വാമി, ഹണി, മിയ തുടങ്ങി കലാലോകത്തെ എല്ലാവരും തന്നെ പെയിന്റിംഗ്സ് കണ്ട് സ്ഥിരമായി അഭിപ്രായം പറയാറുണ്ട്. എന്നെ ഒരു മിമിക്രിക്കാരനായി മാത്രം അറിയുന്നവരാണ് അധികവും. ഞാൻ ഒരു പ്രൊഫഷണൽ പെയിന്റർ കൂടിയാണെന്ന വിവരം പലർക്കുമറിയില്ല. അത്കൊണ്ട് തന്നെ ചിത്രങ്ങൾ കാണുമ്പോൾ അവർക്കൊക്കെ അത്ഭുതമാണ്.
ശ്രീലക്ഷ്മി സോമൻ