
''നടി ഷീല 'യക്ഷഗാനം' സംവിധാനം ചെയ്തപ്പോള്‍ രഘുവിനെ ആളയച്ചുവരുത്തി. ആ പടവും അദ്ദേഹത്തിന്റെ കരവിരുതില്‍ പൂര്‍ത്തിയായി.''
ചരിത്രത്തിന്റെ വിചിത്ര സ്വഭാവങ്ങളിലൊന്നാണ് നേട്ടങ്ങളുടെ യഥാര്‍ത്ഥ കാരണക്കാരനെ തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തുകയെന്നത്. ആകാവുന്നതിലേറെ പണിയെടുത്ത് പൂര്‍ത്തിയാക്കി സിനിമയെ നാട്ടുകാരുടെ മുന്നിലെത്തിക്കുമ്പോള്‍ അതിന്റെ അവകാശി മറ്റൊരാളാകും. പേരും പെരുമയും പണവും അയാള്‍ കൊണ്ടുപോകുന്നത് നോക്കിനില്‍ക്കാനാകും ഇത്തരക്കാരുടെ വിധി.
മലയാളസിനിമയില്‍ ഇതിനുദാഹരണങ്ങളായി പലരുണ്ട്. അവരിലൊരാളാണ് രഘുനാഥ്. ഉദയായിലും മെരിലാന്റിലുമാക്കെയായി ഉയിരെടുത്ത സിനിമകള്‍ക്കായി അദ്ധ്വാനിച്ച ആളായിട്ടും ആര്‍ക്കുമറിയില്ല ഈ മനുഷ്യനെ. ഉദയായുടെ മിക്ക ചിത്രങ്ങളുടെയും പ്രത്യേകിച്ച് വടക്കന്‍ പാട്ടുകളെ അധികരിച്ചെടുത്ത സിനിമകളുടെ യഥാര്‍ത്ഥ ശില്പിയായിരുന്നു രഘുനാഥ്. മുന്പുപറഞ്ഞ കാലത്തിന്റെ വിചിത്രസ്വഭാവം ഈ മനുഷ്യനെ തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തുകയായിരുന്നു. അധികമാരുമറിയാതെ ഇന്നും തിരുവനന്തപുരത്ത് യഥാര്‍ത്ഥ സംവിധായകന് ജീവിക്കുന്നു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളസിനിമയ്ക്കൊപ്പം നടന്നവരിലൊരാളായ രഘുനാഥിന്റെ് സംഗീത പാടവമില്ലായിരുന്നെങ്കില് ഉദയായുടെ വടക്കന്‍ പാട്ട് സിനിമകള്‍ക്ക് ഇത്രയേറെ ആകര്‍ഷണീയത വരില്ലായിരുന്നു.
സിനിമ മാത്രമായിരുന്നു ബാല്യം മുതല്‍ രഘുനാഥിന്റെ മനസ്സില്‍. 1942 ജനുവരി എട്ടിന് തിരുവനന്തപുരം നേമത്തിനടുത്ത് കെ.കേശവപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് ജനനം. യഥാര്‍ത്ഥ പേര് രഘുവരന് നായര്‍. നേമം ഹൈസ്കൂളില്‍ പത്താംക്ലാസ്വരെ പഠിച്ച ശേഷം തൊട്ടടുത്തുള്ള മെരിലാന്റ് സ്റ്റുഡിയോയില്‍ ചേര്‍ന്നു. സംവിധാനം പഠിക്കാനല്ലായിരുന്നു അന്നത്തെ ആഗ്രഹം. സിനിമയെ സെല്ലുലോയിഡില്‍ ആവാഹിക്കുന്ന ക്യാമറയെ അറിയണം. അതുവഴി നല്ലൊരു ക്യാമറാമാനായി വളരണം.
ആ ആഗ്രഹവുമായി പി.സുബ്രഹ്മണ്യത്തെ കണ്ടപ്പോള്‍ ആദ്യചുവടുകള്‍ പഠിക്കാനായിരുന്നു നിര്‍ദേശം. ചിത്രീകരണം നടക്കുമ്പോള്‍ റിപ്പോര്‍ട്ടറുടെ ജോലിയാണ് നല്‍കിയത്. സ്റ്റുഡിയോകളില്‍ സിനിമ കുരുങ്ങിക്കിടന്നപ്പോള്‍ ഓരോ രംഗവും ചിത്രീകരിക്കുന്നത് എഴുതിവയ്ക്കണം. നടീനടന്മാര് ധരിച്ച വസ്ത്രങ്ങള്‍, ക്യാമറ ആങ്കിളുകള്‍, ലെന്‍സ്, ക്ലോസപ്പ് തുടങ്ങിയവയെക്കുറിച്ചുള്ള എഴുത്താണ് റിപ്പോര്‍ട്ടറുടേത്. ചിത്രീകരണ സമയത്ത് തുടര്‍ച്ച നഷ്ടപ്പെടാതിരിക്കലാണ് ഇതുകൊണ്ടുദേശിക്കുന്നത്. ഒന്നിലേറെ റിപ്പോര്‍ട്ടര്‍മാര്‍ ഒരു സിനിമയുടെ ചിത്രീകരണവേളയിലുണ്ടാകും. ഒരാള്‍ സംവിധായകന്റെ സഹായിയെങ്കില് മറ്റൊരാള്‍ സഹായം നല്‍കേണ്ടത് ക്യാമറാമാനായിരിക്കും. രഘുനാഥിനെ നിയോഗിച്ചത് ക്യാമറാമാന്റെ റിപ്പോര്‍ട്ടറായിട്ടായിരുന്നു.
മെരിലാന്റ് മുതലാളി സുബ്രഹ്മണ്യത്തിന് രഘുവിന്റെ ആത്മാര്‍ത്ഥത ഇഷ്ടപ്പെട്ടു. അതിന്റെ ഫലമായി ഒരു സ്ഥാനക്കയറ്റം ലഭിച്ചു. പുതിയ തസ്തിക ക്ലാപ്പടിക്കാരന്റേത്. മെരിലാന്റില് നിന്ന് സിനിമ എന്താണെന്ന് ഏറെക്കുറെ മനസിലാക്കിയപ്പോള്‍ അസിസ്റ്റന്റായി. ഏതെങ്കിലും സംവിധായകന്റെ കീഴില്‍ നില്‍ക്കണമെന്ന മോഹമുദിച്ചു. അധികനാള്‍ ഇതിനായി കാത്തിരിക്കേണ്ടി വന്നില്ല.
ശ്രീനാരായണ ഗുരുവിന്റെ ആശയപ്രചരണം ലക്ഷ്യമാക്കി തുടങ്ങിയ 'കാല്‍പ്പാടുകളി'ല്‍ സംവിധായകന് കെ.എസ്.ആന്റണിയുടെ സഹായിയായി നില്ക്കാന് അവസരമൊരുങ്ങി. ഗായകന് യേശുദാസിന്റെ ആദ്യസിനിമയാണത്. അതുകഴിഞ്ഞപ്പോള്‍ കുട്ടിക്കുപ്പായത്തിന്റെ സംവിധാനസഹായി ആയി. ആ സിനിമ നിര്‍മ്മിച്ച ടി.ഇ.വാസുദേവന്‍ തന്റെ സിനിമയില്‍ സാമ്പത്തിക അച്ചടക്കം നടപ്പാക്കാന്‍ ആശ്രയിച്ചത് രഘുനാഥിനെയാണ്. സ്വകര്മ്മത്തോടുള്ള ആത്മാര്‍ത്ഥത രഘുവിനെ പലര്‍ക്കും പ്രിയനാക്കി മാറ്റി.
എം.കൃഷ്ണന് നായരും പ്രേംനസീറും രഘുവിനെക്കൂടി കൂട്ടിയാലുള്ള ഗുണങ്ങള്‍ കുഞ്ചാക്കോയെ ധരിപ്പിച്ചു. ദത്തുപുത്രന്റെ സഹസംവിധായകനായി ഉദയായിലെത്തിയ രഘുവിനെ പിന്നെ കുഞ്ചാക്കോ കൈവിടാതെ കാത്തു. തന്റെ വടക്കന്‍ പാട്ട് ചിത്രങ്ങള്‍ക്ക് ഏറ്റവും യോജിച്ചയാള്‍ രഘുവാണെന്ന് കുഞ്ചാക്കോയ്ക്ക് വളരെ പെട്ടെന്ന് മനസിലായി. ഉദയായുടെ വടക്കന്‍ പാട്ട് സിനിമകള്‍ വിജയിച്ചതിന്റെ പ്രധാന അവകാശം രഘുവിനാണ് നല്‍കേണ്ടത്.
രഘുവിനെ കൂടെക്കൂട്ടിയാലുള്ള പ്രയോജനം മനസിലാക്കിയവരാണ് സംവിധായകരായ എസ്.ആര്. പുട്ടണ്ണയും എം.കൃഷ്ണന് നായരും ശശികുമാറും തോപ്പില്‍ ഭാസിയും. അതുകൊണ്ട് തന്നെ അവരുടെ മിക്കവാറും എല്ലാപടങ്ങളിലും സഹസംവിധായകനോ അസോസിയേറ്റോ രഘുവായിരുന്നു.
നടി ഷീല 'യക്ഷഗാനം' സംവിധാനം ചെയ്തപ്പോള്‍ രഘുവിനെ ആളയച്ചുവരുത്തി. ആ പടവും അദ്ദേഹത്തിന്റെ കരവിരുതില്‍ പൂര്‍ത്തിയായി.
ഇത്രയും നാള് തിരശീലയ്ക്ക് പിന്നില്‍ നിന്ന രഘുവിന് യഥാര്‍ത്ഥ സംവിധായകനാകണമെന്ന മോഹമുണ്ടായപ്പോള്‍ അതും പുവണിഞ്ഞു. 'ലോറ നീ എവിടെ', 'കൈതപ്പൂ', 'സ്നേഹയമുന', 'ചക്രവാളം', 'ഹേമന്തരാത്രി', 'രാഗപൗര്ണമി' എന്നിവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമകള്‍.
ദൂരദര്‍ശന്റെ ആദ്യകാല പരമ്പരകളായ രാജവീഥി, പണ്ടു പണ്ടൊരു ചേകവര്‍, വിനയപൂര്‍വം എന്നിവയുടെ സംവിധായകനായ രഘു നിരവധി ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്്.
എണ്‍പത് പിന്നിട്ട് ഭാര്യ അംബികാ ദേവിക്കൊപ്പം നേമത്ത് താമസിക്കുന്ന രഘുവിന് ഇനി മോഹങ്ങളൊന്നുമില്ല. ഉള്ളത് ചാരിതാര്‍ത്ഥ്യം മാത്രം. ചെയ്തതതെല്ലാം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമാണെന്ന് ഓര്‍ക്കുമ്പോഴാണ് മനസില്‍ തൃപ്തി നിറയുന്നത്.
സിനിമയുടെ പിന്നാമ്പുറം
സാജു ചേലങ്ങാട്






