
മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ സമവാക്യത്തെ തിരുത്തിഎഴുതിയ ചിത്രമാണ് ഗായത്രി അശോകന് കഥയും തിരക്കഥയുമെഴുതി അനില്‍ സംവിധാനം ചെയ്ത 'ദൗത്യം'.
ആദ്യം മുതല്‍ അവസാനം വരെ ആക്ഷന്മൂഡ് നിലനിര്‍ത്തിയ ഈ ചിത്രം എണ്‍പതുകളിലെ പകുതിയിലെ ഹോളിവുഡ് ചിത്രങ്ങളുടെ മാസ്മരികത തകര്‍ത്തു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ 'ദൗത്യം' അതുവരെ നിലനിന്നിരുന്ന ബോക്സ്ഓഫീസ് റിക്കോര്‍ഡുകളും തിരുത്തിയെഴുതി.
മിലിട്ടറിയിലെ അതിരഹസ്യമായ കത്തുമായി ക്യാപ്റ്റന്‍ സുരേഷ് ജി.നായരും പൈലറ്റ് രാജീവ്കുമാറും പുറപ്പെടുന്നതോടെയാണ് ദൗത്യം തുടങ്ങുന്നത്.
ഇവര്‍ സഞ്ചരിച്ച വിമാനം കൊടുങ്കാട്ടില്‍ തകര്‍ന്നുവീണു. രാജീവ് കുമാര്‍ തല്‍ക്ഷണം മരിച്ചു. സുരേഷ് ഗുരുതരമായി പരിക്കേറ്റ് കാട്ടില്‍ അകപ്പെട്ടു. കേണല്‍ മാധവന് നായരുടെ മരുമകനാണ് സുരേഷ് ജി.നായര്‍. മരുമകനെ രക്ഷിക്കാന്‍ കേണല്‍ മാധവന് നായര്‍ പല പദ്ധതികളും ചിന്തിച്ചു. ഒടുവില്‍ മികച്ച കമാന്‍ഡറായ റോയി ജേക്കബ് തോമസിനെ ദൗത്യമേല്‍പ്പിക്കുന്നു. കേണല്‍ മാധവന് നായരുടെ മകള്‍ ബിജിയുമായി റോയി പ്രണയത്തിലായിരുന്നു. അന്യമതസ്ഥനെ മരുമകനാക്കാന്‍ കേണല്‍ മാധവന് നായര്‍ തയാറായില്ല. അയാള്‍ സുരേഷിന് മകളെ കൊടുത്തു.
സുരേഷുമായി മുന്‍കാലങ്ങളില്‍ ബോക്സിംഗ് റിങില്വച്ചും അമ്പെയ്ത്തുകളരിയില് വച്ചും റോയി ഏറ്റുമുട്ടി ജയിച്ചിട്ടുണ്ട്. പക്ഷേ ബിജിയെ സ്വന്തമാക്കിയതിലൂടെ അന്തിമവിജയം സുരേഷിനായിരുന്നു.
കേണല്‍ മാധവന് നായര്‍ റോയിക്ക് മുകളില്‍ ഔദ്യോഗികതലത്തില്‍ സുരേഷിനെ പ്രതിഷ്ഠിക്കാന്‍ പലവട്ടം ശ്രമിച്ചു. ഇതെല്ലാം റോയിയെ കുത്തിനോവിച്ചു. ഉള്‍വനത്തില്‍ അകപ്പെട്ട സുരേഷിനെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ അതുകൊണ്ട് തന്നെ റോയി വിസമ്മതിച്ചു. എന്നാല്‍ പൈലറ്റ് രാജീവ്കുമാറിന്റെ കാമുകി ലിസയുടെ അഭ്യര്‍ത്ഥന തള്ളിക്കളയാന്‍ റോയിക്ക് മനസ്സ് വന്നില്ല. ഒരു സംഘം കമാന്റോകളുമായി ആ ദൗത്യം റോയി ഏറ്റെടുത്തു..ഇതാണ് 'ദൗത്യം'.
ഇനിയാണ് 'ദൗത്യം'
റോയി ജേക്കബും ടീമും ഉള്‍വനത്തിലെത്തി. ഇതിനിടെ കാര്യങ്ങള്‍ തകിടം മറിഞ്ഞിരുന്നു. ഉള്‍വനത്തില്‍ തമ്പടിച്ച രാജ്യദ്രോഹികളായ തീവ്രവാദികള്‍ ക്യാപ്റ്റന്‍ സുരേഷിനെ തടങ്കലിലാക്കിയിരുന്നു. കാട്ടിലെ പ്രകൃതിക്ഷോഭത്തില്‍ സംഘാംഗങ്ങളില്‍ നിന്നും റോയി ഒറ്റപ്പെട്ടു. ഒറ്റയാനായി കാട്ടില്‍ സഞ്ചരിച്ച അവന് തീവ്രവാദികളുടെ പിടിയിലകപ്പെട്ട സുരേഷിനെ കണ്ടുമുട്ടുന്നു. ഒറ്റപ്പെട്ടുപോയ റോയിയേയും തീവ്രവാദികള്‍ തടങ്കലിലാക്കി. റോയിയേയും സുരേഷിനെയും തുറുപ്പുചീട്ടാക്കി സര്‍ക്കാരിനോട് വിലപേശുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
എന്നാല്‍ റോയി ജേക്കബ് തോമസ് തീവ്രവാദികകള്ക്കു കീഴടങ്ങാങ്ങാനോ രാജ്യത്തെ ഒറ്റിക്കൊടുക്കാനോ തയാറായില്ല. ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെ റോയി, സുരേഷിനെ രക്ഷിച്ച് തിരിച്ചെത്തുന്നു. മുന്‍ കാമുകയായ ബിജിക്ക് ഭര്‍ത്താവിനെ തിരിച്ച് നല്‍കിക്കൊണ്ട് പട്ടാളക്കാരുടെ കൈയടി വാങ്ങി റോയി പുതിയ ദൗത്യത്തിലേക്ക് പോകുന്നതോടെ ചിത്രം അവസാനിക്കുന്നു.
ക്യാപ്റ്റന്‍ റോയി ജേക്കബ് തോമസായി മോഹന്‍ലാല്‍ ആരാധകരെ സംതൃപ്തിപ്പെടുത്തിയ 'ദൗത്യ'ത്തില്‍ ക്യാപ്റ്റന്‍ സുരേഷ് ജി.നായരായി സുരേഷ് ഗോപിയും ബിജിയായി പാര്‍വ്വതിയും ലിസയായി ലിസിയും വേഷമിട്ടു. എം.ജി.സോമന് കേണല്‍ മാധവന് നായരായി. വിജയരാഘവന് പൈലറ്റ് രാജീവ്കുമാറായി.
തീവ്രവാദ ഗ്രൂപ്പിന്റെ തലവനായി ബാബു ആന്റണി വേഷമിട്ടു. ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമകൂടിയാണ് 'ദൗത്യം'. ബാബു ആന്റണിയും മോഹന്‍ലാലുമായുള്ള ക്ലൈമാക്സിലെ ആക്ഷന്‍ രംഗം 'ദൗത്യ'ത്തിലെ ഹൈലൈറ്റാണ്.
മറുഭാഷകളിലും ഹിറ്റ്
'ക്യാപ്റ്റന്‍ ദേവാരം' എന്ന പേരില്‍ 'ദൗത്യ'ത്തിന്റെ ഡബ്ബിംഗ് തമിഴ്നാട്ടില്‍ റിലീസ് ചെയ്തു. ചിത്രം അവിടെയും സൂപ്പര്‍ഹിറ്റായി. ദൗത്യത്തിന്റെ തമിഴ്പതിപ്പ് കണ്ട തെലുങ്ക് നടന് ജഗപതി ബാബു മുന്‍കയ്യെടുത്ത് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. 'അടവിലോ അഭിമന്യുയൂടു' എന്നായിരുന്നു ദൗത്യത്തിന്റെ തെലുങ്ക് റീമേക്ക്. തെലുങ്കിലും ചിത്രം സൂപ്പര്‍ഹിറ്റായി.
മോഹന്‍ലാലിനെ ആക്ഷന്‍ ഹീറോയുടെ അത്യുന്നതങ്ങളില്‍ എത്തിച്ച ചിത്രങ്ങളിലൊന്നാണ് 'ദൗത്യം'. സംവിധായകന്റെ ട്രീറ്റ്മെന്റുകൊണ്ട് ഏതുകഥയും വിജയിപ്പിക്കാം. പക്ഷേ അതിന് ഒരു നായകന് വേണം.
'ദൗത്യം' അത്തരമൊരു ചിത്രമാണ്. 'ദൗത്യ'ത്തിന്റെ കഥ ഒരു ത്രെഡ് മാത്രമാണ്. ആ ത്രെഡില്‍ മോഹന്‍ലാല്‍ എന്ന അസാമാന്യപ്രതിഭയെ, ആക്ഷന്‍ സൂപ്പര്‍സ്റ്റാറിനെ വിനിയോഗിക്കുക വഴി സംവിധായകന് അനില്‍ തന്റെ റോള്‍ മികച്ചതാക്കി. ഈ ചിത്രത്തിന്റെ അനുപമവിജയത്തിന്റെ കൈയടികള്‍ അനിലിന് അവകാശപ്പട്ടതാണ്. പക്ഷേ 'ദൗത്യം'പോലുള്ള ആക്ഷന്‍ സിനിമകള്‍ ഒരുക്കിയ അനില്‍ ഇന്ന് മുഖ്യധാരാ സിനിമയിലില്ല. അത് മലയാളഫിലിം ഇന്‍ഡസ്ട്രിയുടെ വിരോധാഭാസമാകാം.






