
ദില്ലി: ഒരു മിനുട്ടില്‍ 5000 പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്ത് ഗൂഗിള്‍. മോശം പരസ്യങ്ങളെന്ന കണക്കില്‍ 2019 ല്‍ 2.7 ബില്യണ്‍ പരസ്യങ്ങള്‍ ഗൂഗിള്‍ ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തത് വഴി പത്ത് ലക്ഷത്തോളം പരസ്യങ്ങളാണ് സസ്പെന്‍ഡ് ചെയ്തത്. ഗൂഗിളിന്റെ നയങ്ങള്‍ പാലിക്കാത്തവയാണ് ഇത്തരം പരസ്യങ്ങള്‍. ഗൂഗിളിന്റെ പ്രൊഡക്ട് മാനേജ്മെന്റ് ആഡ്സ് െ്രെപവസി ആന്റ് സേഫ്റ്റി വിഭാഗം വൈസ് പ്രസിഡന്റ് സ്കോട് സ്പെന്‍സറിന്റേതാണ് ബ്ലോഗ് പോസ്റ്റ്.
കൊവിഡ് 19 ന്റെ ഭാഗമായി വ്യാജ ഫേസ്മാസ്ക് പരസ്യങ്ങള്‍ നിരവധി എത്തിയതായും ഗൂഗിള്‍ പറഞ്ഞു. ഇവയും ഒഴിവാക്കി. ആയിരക്കണക്കിന് ജീവനക്കാരാണ് ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ കണ്ടെത്താനായി ലോകത്താകമാനം പ്രവര്‍ത്തിക്കുന്നതെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിള്‍ അറിയിച്ചു.
2019 ല്‍ 21 ദശലക്ഷം വെബ് പേജുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതായും ഇതില്‍ വ്യക്തമാക്കി. ഗൂഗിളില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ പരസ്യങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കി.






