
ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ് കൊറോണ ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നു. രോഗികൾക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് ലൈലാന്‍ഡ് വെന്റിലേറ്ററുകള്‍ നിർമിക്കാൻ ഒരുങ്ങുന്നത്.
ഒരു മാസം കൊണ്ടാണ് ലൈലാന്‍ഡിലെ 50 എന്‍ജിനിയര്‍മാര്‍ ഐസിയു വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫസ്റ്റ് മൈല്‍, മിഡ് റേഞ്ച്, ഹൈ എന്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള വെന്റിലേറ്ററുകളാണ് ഒരുക്കുന്നത്. ഫസ്റ്റ് മൈല്‍ വെന്റിലേറ്ററാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്.
എല്ലാ ഫീച്ചറുകളും ചെലവ് കുറഞ്ഞ രീതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ വെന്റിലേറ്റര്‍ നിർമിക്കുന്നത്. വെന്റിലേറ്ററിന്റെ ഡെവലപ്പ്മെന്റ് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങള്‍ക്കകം ക്ലിനിക്കല്‍ ട്രയല്‍, സര്ട്ടിഫിക്കേഷന് മുതലായ കാര്യങ്ങള്‍ പൂര്‍ത്തിയാകുമെന്നും ലൈലാന്‍ഡ് അറിയിച്ചു. റിപ്പോർട്ട് പ്രകാരം മിഡ് റേഞ്ച് വെന്റിലേറ്റര്‍ നിര്‍മിക്കുന്നതിനായി ചെന്നൈയിലെ രണ്ട് മെഡിക്കല്‍ ഉപകരണ കമ്പനിയുമായി ലൈലാന്‍ഡ് സഹകരിക്കുന്നുണ്ട്.






