
സിനിമയില്‍ അതിസാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതില്‍ ഹോളിവുഡ് നടന് ടോം ക്രൂയിസ് പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളിലും സ്റ്റണ്ടുകളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്യാറുള്ളത്, അത് എത്ര സാഹസികത ആവശ്യപ്പെട്ടാലും ഡ്യൂപിനെ അദ്ദേഹം ആവശ്യപ്പെടാറില്ല.
സ്പേസ് എക്സിന്റെ സി.ഇ.ഒ ഇലോണ്‍ മസ്കുമായി ചേര്‍ന്ന് പുതിയൊരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് ടോം. ഇത് ബഹിരാകാശത്ത് ചിത്രീകരിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി നാസയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതായിട്ടാണ് അറിയാന്‍ കഴിയുന്നത്. ചിത്രീകരണത്തിനായി നാസ സമ്മതം മൂളിയതായി നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ അഡ്വവെഞ്ചര്‍ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ആദ്യമായിട്ടാണ് ബഹിരാകാശത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനായി അവസരമൊരുക്കുന്നത്. ആരെല്ലാം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാണ് ചിത്രീകരണമെന്നുമുള്ള വിവരങ്ങള്‍ വ്യക്തമല്ല.






