
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ സീരിയല്‍ താരം ജൂഹി റസ്തഗി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജൂഹി വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജൂഹി ആരോപിച്ചു. ചില കുബുദ്ധികളാണ് ഇതിനു പിന്നിലെന്നും ഡി.ജി.പി. ലോക് നാഥ് ബെഹ്റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജൂഹി വെളിപ്പെടുത്തി.
ജൂഹിയുടെ കുറിപ്പ് വായിക്കാം;
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.
ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്റ IPS നും എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . പൊലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..






