
ബാപ്പ കഥയെഴുതുന്നു മകന് സംഭാഷണവും.
ഹിറ്റ്മേക്കര് എം കൃഷ്ണന്‍നായരുടെ ഒടുവിലത്തെ ചിത്രം 1987-ല്‍ പ്രദര്‍ശനശാലകളിലെത്തിയ 'കാലംമാറി കഥമാറി'ക്ക് ഇങ്ങനെയൊരു പ്രത്യേകതയുണ്ടായിരുന്നു.
മമ്മൂട്ടി, ശോഭന, ലാലു അലക്സ്, സുധാചന്ദ്രന് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രത്തിന് പ്രശസ്ത നോവലിസ്റ്റായിരുന്ന മൊയ്തു പടിയത്ത് കഥയെഴുതിയപ്പോള്‍ സംഭാഷണം രചിച്ചത് മകന് സിദ്ദിഖ് ഷമീര്‍.
എണ്‍പതുകളുടെ രണ്ടാം പകുതിയിലും തൊണ്ണൂറുകളിലും കേരളത്തിന്റെ മുക്കിലും മൂലയിലെയും പെട്ടിക്കടകളിലും മറ്റും തൂങ്ങികൊണ്ടിരുന്ന ആഴ്ചപ്പതിപ്പുകളില്‍ അക്ഷരപ്രേമികള്‍ ഏറെ വായിച്ച പേരാണ് സിദ്ദിഖ് ഷമീര്‍.
എം.ടിയെ പോലെ നോവലിസ്റ്റായ ശേഷംസംവിധാനരംഗത്തേക്ക് എത്തിയ വ്യക്തി. കഥയെഴുത്തുകാരനോ സിനിമാസംവിധായകനോ ആകാന്‍ സിദ്ദിഖ് ഷമീര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
കാലമെന്ന റീല്‍ കറങ്ങിക്കറങ്ങി അങ്ങനെയൊക്കെയാക്കി!
കലാലയ പഠനത്തിനുശേഷം സിനിമയോട് ഭ്രമം തോന്നിത്തുടങ്ങി. ഇതിനിടെ ബാപ്പയുടെ 'യുദ്ധം' എന്ന നോവല്‍ ചലച്ചിത്രമായാല്‍ ഇങ്ങനെയായിരിക്കും എന്ന് ബാപ്പയ്ക്ക് തന്നെ സ്റ്റോറി ലൈന്‍ എഴുതിക്കാണിച്ചുകൊടുത്തു മകന്.
ജയ്മാരുതി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന് ടി.ഇ.വാസുദേവന്‍ ഇത് ഇഷ്ടമായി. സിനിമയില്‍ മകന് ഭാവിയുണ്ടെന്നും സൂചിപ്പിച്ചു.
'യുദ്ധം' മൈലാഞ്ചി എന്ന പേരില്‍ ചലച്ചിത്രമാകുകയായിരുന്നു അപ്പോള്‍. ഒരു ദിവസം ബാപ്പയുടെ ഒരു കത്ത് കിട്ടുന്നു, 'സിനിമയില്‍ താല്പര്യമുണ്ടെങ്കില് മദിരാശിക്ക് വരിക' അന്ന് ബാപ്പ മദിരാശിയിലാണ്.
ഉടനെ പുറപ്പെട്ടു. ശശികുമാര്‍, ടി.ഇ. വാസുദേവന്‍ തുടങ്ങിയവരോടൊപ്പം ഏതാനും തിരക്കഥകളില്‍ പങ്കാളിയായി. ഇതിനിടെ തന്റെ പ്രിയസുഹൃത്ത് ജേസിയോടൊപ്പം മൊയ്തു പടിയത്ത് മകനെ നിര്‍ത്തി.
ബഹളങ്ങളില്ലാത്ത സംഗീതപ്രാധാന്യമുള്ള ഒരു പിടി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം സഹസംവിധായകനായി കുറച്ചുകാലം. 'ആഗമനം', 'താറാവ്', 'ഒരിക്കല്‍ ഒരിടത്ത്', 'ഒരു വിളിപ്പാടകലെ', 'ഇവിടെ എല്ലാവര്ക്കുംസുഖം', 'നീയെത്രധന്യ..' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളുടെ ഭാഗമാവാന്‍ സിദ്ദിഖ് ഷമീറിന് ഏഴെട്ട് വര്‍ഷംകൊണ്ട് സാധിച്ചു.
ഇതിനിടെ എഴുതിയ ചെറുകഥകളും മറ്റും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ എഴുത്തിനോട് വല്ലാത്ത അഭിനിവേശം തോന്നി തുടങ്ങി. ആദ്യത്തെ ചെറുകഥയുടെ പേര് 'യാത്ര' എന്നായിരുന്നു.
കലാലയപശ്ചാത്തലത്തില് എഴുതിയ 'നിണമണിഞ്ഞപൂക്കള്' എന്ന നോവല്‍ മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു.
ആദ്യ നോവലിന് വായനക്കാരുടെ പ്രശംസ യും തരക്കേടില്ലാത്ത പ്രതിഫലവും ലഭിച്ചതോടെ നോവലെഴുത്തില്‍ സജീവമായി. 'നിക്കാഹ്', 'മിസരിപൊന്ന്', 'ഉണ്ണിക്കൊരുമ്മ' തുടങ്ങിയവയൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പലതും പുസ്തകരൂപമായി.
മുസ്ലീം കഥകളുടെ എഴുത്തുകാരന് എന്ന് ചിലരൊക്കെ മുദ്ര കുത്തിയെങ്കിലും പല പത്രാധിപന്മാരും ചോദിക്കുന്നത് കൊടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ഉപ്പയുടെ പെട്ടെന്നുള്ള മരണം കുടുംബഭാരം കൂടി ചുമലില്‍ വന്നതോടെ എഴുത്തിലൂടെ കിട്ടിയ പ്രതിഫലങ്ങള്‍ കൊണ്ട് ജീവിച്ചുപോന്നു. ഇതിനിടെ ഗള്‍ഫിലുള്ള സുഹൃത്ത് മുഖാന്തരം ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചു. 'ബാബു ആന്റണി' തരംഗത്തില്‍ സൂപ്പര്‍ ഹിറ്റായ 'കടല്‍' 1994-ല്‍ സൂപ്പര്‍ഹിറ്റായി കുറഞ്ഞ മുതല്‍മുടക്കില്‍ സാമ്പത്തികമായും ഏറെ നേട്ടം കൊയ്തു.
മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ 'കടല്‍'എന്ന നോവലിന് കലൂര്‍ ഡെന്നീസ് തിരക്കഥയും സംഭാഷണവും എഴുതി.
പി.ഭാസ്കരന്‍മാസ്റ്റര്‍-എസ്.പി വെങ്കിടേഷ് കൂട്ടുകെട്ടായിരുന്നു ഗാനങ്ങള്‍ ഒരുക്കിയത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ ഓരോ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്യാനായി. റഹ്മാന്, ആനി തുടങ്ങിയവര്‍ അഭിനയിച്ച 'മഴവില്‍കൂടാരം', ഷിജു എന്ന പുതുമുഖവും രശ്മിസോമനും പ്രത്യക്ഷപ്പെട്ട 'ഇഷ്ടമാണ് നൂറുവട്ടം' എന്നിവ ചെറിയ മുതല്‍മുടക്കില്‍ എടുത്ത സംരംഭങ്ങളും മോശമില്ലാതെ പ്രദര്‍ശനം വിജയം നേടി.
മലയാളസിനിമ ഏറെ അവഗണിച്ച അബി എന്ന അനുകരണകലയിലെ ആചാര്യന് തന്റെ സിനിമയില്‍ ഉപനായകവേഷം നല്കിയതും ചെറുതെങ്കിലും സലിംകുമാര്‍ എന്ന നടനെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താനായതും സിദ്ദിഖ് ഷമീറിന് സന്തോഷം നല്‍കുന്നുണ്ട്.
''ഈസ്റ്റ്കോസ്റ്റ് വിജയന് ഇനിയും സംവിധായകനാവാന്‍ ഏറെ പഠിക്കേണ്ടിയിരിക്കുന്നു...'' എന്ന്.
താന്‍ എഴുതിയ തിരക്കഥ സിനിമയായി വന്നപ്പോള്‍ രാവും പകലും പോലെ വ്യത്യാസമുണ്ടായിരുന്നു!
പാട്ടുകളോട് ഏറെ പ്രിയമുള്ളത് കൊണ്ട് തന്റെ രണ്ട് ചിത്രങ്ങളിലും ഈണങ്ങളില്‍ വിസ്മയം സൃഷ്ടിച്ച അകാലത്തില്‍ പൊലിഞ്ഞ എസ്. ബാലകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അവസരം കൊടുത്തു. ഓഡിയോ വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ഈ പടങ്ങളിലെ പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനങ്ങള്‍ രചിച്ചത്.
'മദര്‍ലാന്റ്' ആണ് തന്റെ വീടിന്റെ പേര്. മദര്ബുക്സ് എന്ന പേരില്‍ ഒരു പ്രസാധക സ്ഥാപനത്തിനും നേതൃത്വം കൊടുക്കുന്നുണ്ട്. ഇടക്കാലത്ത് സമകാലിക സ്പന്ദനം എന്ന സാംസ്കാരിക മാസിക പത്രാധിപര്‍ കൂടിയായിരുന്നു ഈ ബഹുമുഖപ്രതിഭ.
സമൂഹമാധ്യമത്തിലൂടെ സമകാലിക വിഷയങ്ങളോട് സജീവമായി പ്രതികരിച്ചു കൊണ്ടിരിക്കുന്ന സിദ്ദിഖ് ഷമീര്‍ പുതുമയുള്ള തിരക്കഥകളുമായി കാത്തിരിക്കുകയാണ്.. മലയാളസിനിമയില്‍ വീണ്ടും ഒരു വരവിനായി.
സ്മൃതി
മുഹമ്മദ്ഷെരീഫ് കാപ്പ്






