
പകല്‍ മുഴൂവനും കടുത്ത ചൂടിലുള്ള നടത്തത്തിന്റെ ക്ഷീണവും ഒരിക്കലും ട്രെയിന്‍ വരില്ലെന്ന ഉറപ്പാക്കിയുള്ള ഉറക്കമായിരുന്നു അവരെ മരണത്തിലേക്ക് തള്ളിവിട്ടത്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ പുലര്‍ച്ചെ 5.15 ന് ചരക്കുവണ്ടി 16 പേരുടെ ദേഹത്തുകൂടി കയറിയിറങ്ങുമ്പോള്‍ അവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലു പേര്‍ക്കും ഇപ്പോഴും ഞടുക്കം മാറിയിട്ടില്ല.
ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ജല്‍നയിലെ ഉരുക്കുഫാക്ടറികളില് ജോലി ചെയ്തിരുന്നവരാണ് ഇവര്‍. 157 കിലോമീറ്റര്‍ ദൂരമുള്ള ഭുസാവലിലേക്ക് നടന്നവരാണ് ദുരന്തത്തിനിരയായത്. മുംബൈയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയുള്ള കര്മാഡില് ആളൊഴിഞ്ഞ പ്രദേശത്തെ റെയില്‍വേ പാളത്തില്‍ ചിതറിക്കിടക്കുന്ന വസ്തുക്കളില്‍ യാത്രയില്‍ കഴിക്കാന്‍ ഇവര്‍ കരുതിയിരുന്ന റൊട്ടികള്‍ വരെയുണ്ട്. ചെരുപ്പുകളും ചോരയും ശരീരഭാഗങ്ങളും ഇവയില്‍ പെടുന്നു. പര്‍ഭാനി മന്‍മാഡ് സെക്ഷനിലെ ബദ്നാപൂര്‍ - കര്‍മാഡ് സ്റ്റേഷന് പരിധിക്കുള്ളിലാണ് ദുരന്തമുണ്ടായത്.
850 കിലോമീറ്റര്‍ അകലെ മദ്ധ്യപ്രദേശിലെ ഉമാരിയ, ഷാഹ്ദോല്‍ പ്രദേശങ്ങളിലേക്കായിരുന്നു ഇവരുടെ യാത്ര. വ്യാഴാഴ്ച പുലര്‍ച്ചെ 7 മണിക്ക് ജല്നയില് നിന്നും റോഡ്മാര്ഗ്ഗം യാത്ര തുടങ്ങിയ ഇവര്‍ പിന്നീട് ട്രാക്കിലേക്ക് യാത്ര മാറ്റുകയായിരുന്നു. എന്നാല്‍ 36 കിലോമീറ്റര്‍ സഞ്ചരിച്ചു കര്നാഡിനും ബദ്നാപൂരിനും ഇടയില്‍ എത്തിയതോടെ പലരും ക്ഷീണിതരായി. വിശ്രമത്തിനായി ഇരുന്ന പലരും പതിയെ ഉറക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു. 14 പേര് ട്രാക്കില്‍ തന്നെ കിടന്നു. രണ്ടു പേര് ട്രാക്കിനോട് ചേര്‍ന്നും മൂന്ന് പേര് മാറിയുമാണ് കിടന്നത്.
നാന്‍ഡെഡില്‍ നിന്നും മാന്മാഡിലേക്ക് പെട്രോളും ഡീസലുമായി പോയ ഗുഡ്സ് ട്രെയിനായിരുന്നു ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ കയറിയത്. ജന്മനാടായ മദ്ധ്യപ്രദേശിലേക്കായിരുന്നു ഇവരുടെ യാത്ര. ട്രെയിനില്‍ കയറാന്‍ കഴിയാതെ പോയവരായിരുന്നു നാട്ടിലേക്ക് മടങ്ങാന്‍ നടന്നുള്ള യാത്ര തെരഞ്ഞെടുത്തത്. പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് ഹൈവേയിലൂടെയുള്ള യാത്ര തടസ്സപ്പെടുമെന്ന് കരുതിയാവാം ഇവര്‍ റെയില്‍വേ ട്രാക്ക് തെരഞ്ഞെടുത്തത് എന്നാണ് കരുതുന്നത്. മരിച്ചവരില്‍ കുട്ടികളും ഉണ്ടായിരുന്നു.
ആശുപത്രിയില്‍ ഞെട്ടലില്‍ നിന്നും ഇപ്പോഴും മോചിതരായിട്ടില്ലാത്തവരെ കൗണ്‍സിലിംഗ് നടത്തിയ ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്ക് ഡൗണ്‍ കാരണം ട്രെയിന്‍ ഒരിക്കലും വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതി. ആള്ക്കാര് പാളത്തില്‍ കിടക്കുന്നത് പെട്ടെന്ന് കണ്ടതോടെ ട്രെയിന്‍ നിര്‍ത്താന്‍ ഒരു വിഫലശ്രമം നടത്തിയെന്ന് ഡ്രൈവര്‍ പറഞ്ഞതായും വിവരമുണ്ട്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം മഹാരാഷ്ട്രയും മദ്ധ്യപ്രദേശും പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനം നിലച്ച് പട്ടിണിയില്‍ ആയതോടെ ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മിക്ക സംസ്ഥാനങ്ങളും പ്രത്യേകം ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ട്രെയിനില്‍ കയറാന്‍ പണമില്ലാത്തവരും അവസരം കിട്ടാത്തവരുമാണ് നടന്നു പോകാന്‍ തുടങ്ങിയിരിക്കുന്നത്. ഔറംഗബാദില്‍ ഒരു ലക്ഷംത്തില് പരം പേരാണ് നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നതെന്നാണ് വിവരം.






