
ന്യുഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനു നേര്‍ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ഇതേതുടര്‍ന്ന് അവര്‍ പോലീസിന് പരാതി നല്കി.
'ബോയിസ് ലോക്കര്‍ റൂം', ജാമിയ മല്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സഫൂറ സാര്ഗാറിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച അപഖ്യാതി അടക്കമുള്ള വിഷയങ്ങളില്‍ തന്റെ അഭിപ്രായം മാലിവള്‍ അടുത്തകാലത്ത് പ്രകടിപ്പിച്ചിരുന്നു. സഫൂറ സര്‍ഗാറിന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ കുറിച്ചുവരെ മോശമായ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് സ്വാതി മലിവാള്‍ അതിനെതിരെ ശക്തമായ പ്രതികരിച്ചത്.
ഡല്‍ഹി പോലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനാണ് പരാതി നല്‍കിയതെന്ന് മലിവാള്‍ പറഞ്ഞു. വധിക്കുമെന്നും അപായപ്പെടുത്തുമെന്നും കാണിച്ചുള്ള സന്ദേശമാണ് ഭീഷണി മുഴക്കിയ ആള് അയച്ചിരിക്കുന്നതെന്നും അയാള്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും മലിവാള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.






