
ടൊവിനോ തോമസ് നായകനായ ഫോറൻസിക് എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ മെയ്ക്കിങ് വിഡിയോ പുറത്ത്. ഫോക്സ്വാഗൻ പോളോയിൽ ടൊവിനോയുടെ കഥാപാത്രവും വില്ലൻ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവിൽ ഇരുവരും തമ്മിൽ കാറിനുള്ളിൽ വച്ച് ഏറ്റുമുട്ടുന്നതിനിടെ വാഹനം അപകടത്തിൽ പെടുന്നതുമാണ് ക്ലൈമാക്സ്.
കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ പൂർണമായി ഒരുക്കിയതായിരുന്നു ഈ രംഗങ്ങൾ എന്നായിരുന്നു ആദ്യമൊക്കെ പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ കാർ പറന്നു പൊങ്ങുന്നതും അപകടത്തിൽ പെടുന്നതും എല്ലാം യഥാർഥമായി ചിത്രീകരിച്ചതാണെന്നു മെയ്ക്കിങ് വിഡിയോയിലൂടെ മനസ്സിലാകും. സ്റ്റണ്ട് മാസ്റ്റർ രാജശേഖറും ടീമും ഒരുക്കിയ ഈ സാഹസിക പ്രകടനത്തിൽ വാഹനത്തിനുള്ളിൽ അവരുടെ ടീമിൽ തന്നെയുള്ള ഒരാളാണുള്ളത്.
ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ അഖിൽ പോൾ ആണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ക്ലൈമാക്സ് രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതാണെന്ന് അറിഞ്ഞതോടെ ആരാധകരിൽ പലരും ശരിക്കും ഞെട്ടി.






