
കൊറോണ വൈറസ് വ്യാപനത്തെ തടയാൻ നാടെങ്ങും പോരാട്ടത്തിലാണ്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ സിനിമാഷൂട്ടിങ്ങും നിർത്തിവെച്ചിരുന്നു. സിനിമാത്തിരക്കുകളിൽ നിന്നകന്ന് സാമൂഹ്യ സേവനരംഗത്ത് സജീവമാവുകയാണ് സിനിമാസംഘടനകൾ. ദിവസവേതനക്കാർക്കുള്ള സഹായങ്ങളെത്തിച്ചു നൽകുന്നതിനു പുറമെ തെരുവിൽ കഴിയുന്നവർക്ക് താങ്ങാകാനും സംഘടനകളുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ നടന്നു വരികയാണ്.
തെരുവിൽ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാൻ മൊബൈൽ ബാത്ത് സർവീസുമായാണ് 'അമ്മ' സംഘടന ഇപ്പോൾ രംഗത്തുള്ളത്. നടൻ വിനു മോഹനും ഭാര്യ വിദ്യയും സുഹൃത്തുക്കളും കുറച്ചു നാളുകളായി ഈ സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി സംഘടന മുമ്പോട്ടു പോകുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്തെ സേവനത്തിന്റെ ചിത്രങ്ങൾ വിനു മോഹൻ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നു.






