
കോമഡിയോടൊപ്പം തന്നെ ക്യാരക്ടര്‍ റോളുകളും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരങ്ങളുടെ പേജുകളില്‍ അശ്ലീല കമന്റുകള്‍ എഴുതുന്നവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്രിന്ദ. ഇത്തരം ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ കുറിച്ചത്.
'' എന്റെ പ്രൊഫൈലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ക്രിയാത്മതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവയ്ക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുവാനും ഈ ഇടം ഉപയോഗിക്കുന്നു.
പൊതുവെ ഇത്തരം അശ്ലീല കമന്റുകളോട് പ്രതികരിക്കാന്‍ പോകാറില്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. മാത്രമല്ല ഇതൊന്നും എന്നെ ബാധിക്കുകയുമില്ല. പക്ഷേ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു. ഈ വ്യക്തി, അവന്റെ പ്രൊഫൈലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി.
എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാല്‍ ഇങ്ങനല്ല മുന്നോട്ടു പോകേണ്ടത്. എന്റെ പേജില്‍ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ ചോയ്സ് ആണ്. പക്ഷേ നിങ്ങള്‍ ഈ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിര്‍ത്തണം. സ്വയം ബഹുമാനിക്കാന്‍ പഠിക്കൂ. നല്ല കാര്യങ്ങള്‍ ചെയ്യൂ.'' ശ്രിന്ദ പറഞ്ഞു.






