
കുറച്ചു കാലം മുമ്പ് രവി മേനോന് മാതൃഭൂമിയിലെഴുതിയ ഒരു പാട്ടോര്മ്മയുണ്ട്, ജയചന്ദ്രനെപ്പറ്റി. തൊണ്ണൂറുകളുടെ അവസാന കാലത്ത് നടന്ന കഥയാണ്.
'സിദ്ധാര്‍ത്ഥ' എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു ഗാനമുണ്ട്. 'കൈവന്ന തങ്കമല്ലേ, ഓമല്ക്കുരുന്നല്ലേ' എന്നു തുടങ്ങുന്ന ഹൃദ്യമായ ഒരു താരാട്ടു പാട്ട്.
കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്ന് ജയചന്ദ്രന് ആലപിച്ചിരിക്കുന്നു. മറ്റു പല ജയചന്ദ്ര ഗാനങ്ങള്‍ക്കും സംഭവിച്ചതുപോലെ ഈ ഗാനവും സിനിമയിലെത്തുമ്പോള്‍ അപ്രത്യക്ഷമാകുന്നു.
രവി മേനോന് അതിനെപ്പറ്റി ജയചന്ദ്രനോട് പറഞ്ഞു. ക്ഷുഭിതനായ ജയചന്ദ്രന് അപ്പോള്‍ തന്നെ രവി മേനോനെയും കൂട്ടി തരംഗിണി സ്റ്റുഡിയോയിലേക്കു പോയി. അവിടെ ഏതോ പാട്ടിന്റെ റിക്കോര്ഡിംങിലേര്പ്പെട്ടിരുന്ന വിദ്യാസാഗറിനോട് ഇതേപ്പറ്റി ചോദിച്ച് ക്ഷോഭിച്ചെന്നും രവി മേനോന് ഓര്‍ത്തെടുക്കുന്നു. ആദ്യം പകച്ചുപോയ വിദ്യാജി, തന്റെ നിസഹായാവസ്ഥ അറിയിക്കുകയും തന്റെ തൊട്ടടുത്ത പടത്തില്‍ ഒരു മികച്ച കോമ്പോസിഷന്‍ ജയചന്ദ്രന് ഉറപ്പു നല്‍കുകയും ചെയ്തെന്നാണ് കഥ. അതെന്തായാലും വിദ്യാസാഗര്‍ ജയചന്ദ്രനായി കമ്പോസ് ചെയ്ത ഗാനങ്ങളില്‍ ബഹു ഭൂരിഭാഗവും കാലാതിവര്ത്തിയായവയാണ്.
വിദ്യാസാഗര്‍ വാക്കു പാലിച്ചത് തൊട്ടടുത്ത വര്‍ഷം കമല്‍ സംവിധാനം ചെയ്ത 'നിറ'ത്തില്‍ ബിച്ചു തിരുമല എഴുതിയ ഒരു ഗാനം സംഭാവന ചെയ്തു കൊണ്ടാണ്. ജയചന്ദ്രന്റെ രണ്ടാം വരവെന്ന് പലരും വിലയിരുത്തുന്ന 'പ്രായം നമ്മില്‍ മോഹം നല്കി' എന്ന ഗാനം ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.
ജയചന്ദ്രന്റെ ശബ്ദത്തിലെ കാല്‍പ്പനികത അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ കൊണ്ടാടപ്പെടാന്‍ തുടങ്ങിയത് ഈയൊരു ഘട്ടത്തിലാണ്. റൊമാന്റിസവും കണ്ടമ്പ്രററി റെന്‍ഡറിങും ഒത്തിണങ്ങിയ ആലാപനശൈലിയാണ് ആ ഗാനത്തിന്റേത്.
ഈ കൂട്ടുകെട്ടിന്റെ സ്ഥിരം സ്വഭാവം പോലെ അവരുടെ കോമ്പിനേഷന്‍ പിന്നീടാവര്ത്തിച്ചത് തൊട്ടടുത്ത വര്‍ഷം 'ദൈവത്തിന്റെ മകന്' എന്ന ചിത്രത്തിലെ ''ഏദന്‍ പൂവേ'' എന്ന ഗാനത്തിനു വേണ്ടിയാണ്. പാശ്ചാത്യ ശൈലിയില്‍ ഓര്‍ക്കസ്ട്രേറ്റ് ചെയ്യപ്പെട്ട ഈ പാട്ട് ജയചന്ദ്രന്റെ ശൈലിയിലെ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത വേരിയേഷനായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണുണ്ടായത്. പക്ഷേ ആ വര്‍ഷം തന്നെ വിദ്യാസാഗര്ജയചന്ദ്രന് കൂട്ടുകെട്ട് രണ്ടു തവണ മലയാളിയെ ഞെട്ടിച്ചു.
ആദ്യത്തേത് രണ്ടാം ഭാവത്തിനു വേണ്ടി ദേശ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ 'മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു' എന്ന യുഗ്മഗാനത്തിലൂടെയായിരുന്നു. പ്രായത്തെ കീഴടക്കുന്ന ശബ്ദതാരള്യമായിരുന്നു ഈ ഗാനത്തെ മോഹനമാക്കിയത്. 'പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന ചുണ്ടിനാല്‍ ചുംബിച്ചിരുന്നു' എന്ന് അയാള്‍ പാടുമ്പോഴൊക്കെയും ആസ്വാദകന്റെ മിഴികളിലും ഒരു ചുംബനത്തിന്റെ നനവെനിക്കനുഭവിക്കാന് കഴിയാറുണ്ട്. (ഗിരീഷ് വിദ്യാജി ടീമിന്റെ മാജിക്ക്). 'ദേവദൂത'നു വേണ്ടി കൈതപ്രത്തിന്റെ വരികളില്‍ ജയചന്ദ്രനും ചിത്രയും വിദ്യാസാഗറും ഹൃദയം ചേര്‍ത്തപ്പോള്‍ മറ്റൊരു മനോഹര ഗാനം പിറന്നു. ''പൂവേ പൂവേ പാലപ്പൂവേ''.
കല്യാണി രാഗത്തിന്റെ മൃദുലത ആവോളമേറ്റു വാങ്ങുമ്പോഴും ഹെവി ഓര്‍ക്കസ്ട്രഷന്‍ കൊണ്ട് മൂഡ് മാറ്റപ്പെടുന്ന ഡ്യുയറ്റ് ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു. ആ വര്‍ഷം തന്നെ 'ഡ്രീം'സിനു വേണ്ടിയൊരുക്കിയ 'കണ്ണില്‍ കാശിത്തുമ്പകള്‍' ഒരു ടിപ്പിക്കല്‍ ഗിരീഷ്് വിദ്യാസാഗര്‍ ഐറ്റമായിരുന്നു. ജയചന്ദ്രന്റെ മീറ്ററിലേക്ക് കൃത്യമായി അത് സ്കെയില്‍ ചെയ്യപ്പെട്ടപ്പോള്‍ ഹൃദയഹാരിയായി മാറി.
'ഒരു മായക്കാറ്റിന്‍ മണിവിരലാല്‍ ഞാന്‍ നിന്നെ തൊട്ടോട്ടെ' അലസമായൊഴുകുന്ന കാട്ടാറു പോലെ ഹൃദയത്തിനെ തഴുകിത്തലോടുന്ന ഗാനം.
'ദുബായ്'ക്കു വേണ്ടി 2001-ല്‍ ഗിരീഷും വിദ്യാസാഗറും ജയചന്ദ്രനും ഒരുമിച്ച 'യദുവംശ യാമിനി' എന്ന പാട്ട് ആ ടീമിന്റെ കോമ്പോസിഷനുകളില്‍ വളരെ പ്രിയപ്പെട്ടതാണ്. ആഭേരി രാഗത്തിന്റെ മാസ്മരിക സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ ഗാനം വല്ലാതെ അണ്ടര്‍ റേറ്റ് ചെയ്യപ്പെട്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് രണ്ടു വര്‍ഷത്തോളം ശിശിര നിദ്രയായിരുന്നു. 2003-ല്‍ വന്ന പട്ടാളത്തിലെ 'ആലിലക്കാവിലെ തെന്നലേ' ഓര്‍ക്കസ്ട്രേഷനിലെ നുറുങ്ങു വിദ്യകളാല്‍ മനം കവരുന്ന നമ്പറായിരുന്നു.
ആ വര്‍ഷം തന്നെ ഗ്രാമഫോണിനു വേണ്ടി ഇതേ ടീം ഒരു മാസ്റ്റര്‍പീസ് സൃഷ്ടിച്ചു. 'എന്തേ ഇന്നും വന്നീല' വീണ്ടും ദേശ് രാഗം. വീണ്ടും മോഹനമായ ആലാപനം. അതിനൊത്ത വരികളും സംഗീതവും. എല്ലാ അര്‍ത്ഥത്തിലും ആ പാട്ടൊരു ക്ലാസിക്കാണ്.
'എന്‍ ഹൃദയത്തിന് ചന്ദന വാതില്‍ നിനക്കായ് മാത്രം തുറക്കാം ഞാന്‍' എന്ന് പാടുന്നിടത്ത് തുറക്കാം എന്ന വാക്കിന് ജയചന്ദ്രന് കൊടുക്കുന്ന ഒരു ടോണ്‍ ഉണ്ട്. ആഹ്.. ശൂന്യമായ 2004-നു ശേഷം 2005-ല്‍ വീണ്ടും ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ അങ്ങേക്കരയി'ലുമായി അവര്‍ വന്നു. കാലങ്ങള്‍ക്കു ശേഷം അവരൊന്നിച്ച താരാട്ടുപാട്ടായിരുന്നിട്ടും ജാനകിയുടെ ഫീമെയില്‍ വേര്‍ഷനായിരുന്നു ശ്രദ്ധിക്കപ്പെട്ടതും സിനിമയിലുപയോഗിച്ചതും.
ആ വര്‍ഷം തന്നെ 'ചന്ദ്രോത്സവ'ത്തിനു വേണ്ടി ഈ സുവര്‍ണ ത്രയം വീണ്ടുമൊരുമിച്ചു. ജയചന്ദ്രന്റെ ശബ്ദത്തിലെ അലസമായ കാല്‍പ്പനികതയുടെ മധുരം മുഴുവനായും ഊറ്റിയിറക്കിയ 'ആരാരും കാണാതെ ആരോമല്‍ തൈമുല്ല' മുന്തിരിച്ചാറിന്റെ ലഹരിയായിരുന്നു.
മലയാളിയുടെ ഗ്രാമ്യ കല്‍പ്പനകളിലൂടെ ഒരിളം തെന്നല്‍ പോലെ ആ പാട്ട് സ്വപ്നസഞ്ചാരം നടത്തി. കളപ്പുര മേയുന്ന കന്നിനിലാവിനോട് തിരുവോണമിനിയും വരുമോയെന്നും മുടിത്തുമ്പിലീറന്‍ തുളസിയുമായി ധനുമാസമിനിയും വരുമോയെന്നും ആ ശബ്ദം അലസമായാരാഞ്ഞു. ജയചന്ദ്രന് വീണ്ടും പ്രായത്തെ കീഴടക്കുകയായിരുന്നു. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മെയ്ഡ് ഇന്‍ യു.എസ്.എയില്‍ ഇതേ ഗാനത്തിന്റെ ഒരു എക്സ്റ്റന്‍ഡഡ് വേര്‍ഷന്‍ പോലെ 'പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത്' എന്ന ഗാനവും ഉണ്ടായിരുന്നു.
അതിനു ശേഷം ഏതാണ്ട് 7 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. അപ്പോഴേക്കും ആ ടീമില്‍നിന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവ് എന്നെന്നേക്കുമായി വിടവാങ്ങിയിരുന്നു.
കൈതപ്രം രോഗബാധിതനാകുകയും ചെയ്തതോടെ വിദ്യാസാഗര്‍ മലയാളത്തില്‍നിന്ന് ഏതാണ്ട് അപ്രത്യക്ഷനായിത്തുടങ്ങി.
മറ്റു പല ടീമുകളേയും പോലെ ഇനിയിവര്ക്കൊരു തിരിച്ചുവരവില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് 2015-ല്‍ എന്നും എപ്പോഴുമെന്ന ചിത്രത്തിലെ 'മലര്‍വാകക്കൊമ്പത്ത്'എന്ന ഗാനം പുറത്തിറങ്ങുന്നത്. ഒന്നും ഒരിക്കലുമവസാനിക്കുന്നില്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ജയചന്ദ്രന് ഒരിക്കല്‍ കൂടി മനസ്സില്‍ മഞ്ഞുമഴ പെയ്യിച്ചു.
പിന്നീടൊരിക്കല്‍ ജയചന്ദ്രന് തന്നെ പറഞ്ഞതുപോലെ
'എനിക്ക് പാടാന്‍ മാത്രമേ അറിയൂ. ആ പാട്ട് പുറത്തു വരുന്നില്ലെങ്കില്‍ പിന്നെ എന്റെ ശ്വാസമെങ്ങനെ പുറം ലോകമറിയും?'
അതെ, പാട്ടുകാരുടെ ശ്വാസമാണ് അവരുടെ പാട്ട്..
പാടാന്‍ കഴിയുന്നവരേ, നിങ്ങളാണ് ദൈവത്തിനേറ്റവും പ്രിയപ്പെട്ടവര്‍.






