
കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വിപണിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട. ഇതിന്റെ ഭാഗമായി ടൊയോട്ട കാംറി ഹൈബ്രിഡിന്റെ ബിഎസ്-6 എന്ജിന് മോഡല്‍ അവതരിപ്പിച്ചു. പുതിയ പതിപ്പിന് ബിഎസ്-4 എന്ജിന് മോഡലിനെക്കാള്‍ 93,000 രൂപ കൂടുതലാണ്. ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 37.88 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
ബിഎസ്-6 എന്‍ജിനൊപ്പം നാലാം തലമുറ ഹൈബ്രിഡ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. 176 ബിഎച്ച്പി പവറും 221 എന്‍എം ടോര്‍ക്കും 2.5 ലിറ്റര്‍ പെട്രോ-ഹൈബ്രിഡ് എന്ജിന് നൽകും. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 118 ബിഎച്ച്പി പവറും 202 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് സിവിടിയാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
സെന്റര്‍ കണ്‍സോളിന് അലങ്കാരമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒനിക്സ് ലക്ഷ്വറി ഗാര്‍ണിഷ് വിത്ത് ഗ്രെയിന്‍ ആന്‍ഡ് മെറ്റാലിക്ക് ടെക്ച്വര്‍ ഫിനീഷിങ്ങിലുള്ള വൈ-ഡിസൈന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട്, മള്‍ട്ട് ഫങ്ഷന് സ്റ്റിയറിങ് വീല്‍, ഗ്ലോബോക്സ് എന്നിവ ഇന്റീരിയർ ഫീച്ചറുകളാണ്. സുരക്ഷയ്ക്കായി ഒമ്പത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി എന്നിവ ഒരുങ്ങുന്നു.






