
സംസ്കൃത ഭാഷാ സ്നേഹികള്‍ ഒരിക്കലും മറക്കരുതാത്ത ചലച്ചിത്രകാരനാണ് ജി.വി. അയ്യര്‍. ആ പൗരാണിക ഭാഷയ്ക്ക് സിനിമയിലിടം കണ്ടെത്തിയ അയ്യര്‍ ക്ലാസിക് സമാനമായ സൃഷ്ടി വൈഭവമാണ് പ്രകടമാക്കിയത്.
'ആദിശങ്കര', 'ഭഗവദ്ഗീത'എന്നീ ചിത്രങ്ങള്‍ കാരണം ലോകമേളകളില്‍ പലപ്പോഴും സംസ്കൃത ഭാഷ കേള്‍ക്കാന്‍ ഡെലിഗേറ്റുകള്‍ക്കായി.
ജി.അയ്യരെന്ന് കേള്‍ക്കുമ്പോള്‍ സ്വഭാവികമായും തോന്നുക തമിഴ് ബ്രാഹ്മണന് ആണെന്നാണ്. മലയാളത്തിന് തികച്ചും അന്യനെന്ന തോന്നലുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ ജനനവും ബാല്യവും കേരള അതിര്ത്തിയിലായിരുന്നതിനാല് മാതൃഭാഷയായി കന്നഡ കണക്ക് മലയാളവും വഴങ്ങുമായിരുന്നു.
അപ്പാജി എന്ന് സിനിമാക്കാര് ബഹുമാനപൂര്‍വം വിളിക്കുന്ന ഗണപതിവെങ്കിട്ടരമണ അയ്യരുടെ ജനനം സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞുള്ള നഞ്ചന്ഗുഡിയിലാണ്. അവിടുത്തെ സംസാര ഭാഷയായ കന്നഡയെക്കാളും എളുപ്പമായിരുന്നു മലയാളം അദ്ദേഹത്തിന്. കാരണം ബാല്യത്തിന്റെ നല്ലൊരു ഭാഗം സുല്‍ത്താന്‍ ബത്തേരിയിലാണ് ചിലവഴിച്ചത്. ശ്രീരാമകൃഷ്ണ പരമഹംസയുടെ ജീവിതം പറയുന്ന ''രാമകൃഷ്ണ പരമഹംസ''മലയാളത്തിലെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ കാലമതിനനുവാദം നല്‍കിയില്ല. എണ്‍പത്തിയേഴാമത്തെ വയസില്‍ ഇഹലോകവാസം വെടിയുമ്പോഴും മനസില്‍ ഈ സ്വപ്നവുമുണ്ടായിരുന്നു.
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് പക്ഷേ ആ പാത ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അനുസരണക്കേടുള്ളവനായി ചുറ്റുമുള്ളവര്‍ മുദ്രയടിച്ചു. കുടുമിവച്ച് മുണ്ട് തറ്റുടുത്ത് മന്ത്രം പഠിക്കേണ്ട സമയത്ത് നാടകചിന്തകള്ക്കാണ് മനസില്‍ സഥാനം നല്‍കിയത്. കന്നഡ നാടകാചാര്യരില് ഒരാളായ ഗുബ്ബി വീരണ്ണയുടെ സംഘത്തല്‍ ചേരുന്നത് കൗമാരകാലത്ത്.
സൈന്‍ബോര്‍ഡ് ചായം പൂശി തുടങ്ങിയതാണ് നാടകജീവിതം. കന്നഡ സിനിമയില്‍ പ്രമാണികളായി പില്ക്കാലത്ത് മാറിയ രാജ്കുമാറും ബാലകൃഷ്ണയും നരഹിംഹാരാജുവും അയ്യരുടെ സഹപ്രവര്‍ത്തകരായിരുന്നു. ചായം പൂശലിന്റെ കാലത്ത് നാടകരചനയെ സാങ്കേതികമായി പഠിക്കാന്‍ അദ്ദേഹത്തിനായി. നാടകങ്ങളും പാട്ടുകളുമെഴുതിയ അയ്യര്‍ 1944-ല്‍ 'രാധാരമണന്‍'എന്ന കന്നഡസിനിമയില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ബാലകൃഷ്ണയുമുണ്ടായിരുന്നു. 1959-ല്‍ രാജ്കുമാറിന്റെയും ബാലകൃഷ്ണയുടെയും കൂടെ അഭിനയിച്ച 'ബേദാര കണ്ണപ്പ''അയ്യര്‍ക്ക് കന്നഡയില്‍ ഉറപ്പുള്ള സ്ഥാനം നേടിക്കൊടുത്തു.
പിന്നെ തിരിഞ്ഞുനോക്കേണ്ടാത്തത്ര വളര്‍ച്ച. എന്നിട്ടും വന്ന വഴിയായ നാടകത്തെ മറന്നില്ല. കന്നഡ ചലനചിത്രകലാവിദാരസംഘ എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തി സിനിമയെയും നാടകത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി. ''രണധീര കണ്ണീരവ''പോലുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ അക്കാലത്ത് കന്നഡ നാടകപ്രസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റിവരച്ചു.
സിനിമയില്‍ വീണ്ടും സജീവമായപ്പോള്‍ പല ഹിറ്റ് സിനിമകളുടെയും സൃഷ്ടാവായി. രണധീര, കാന്തവീര, തായ്ക്കുറള്, ഭൂദാന്‍, ബസവേശ്വര തുടങ്ങി അറുപതുകളില്‍ കര്‍ണാടകത്തിലെ തിയേറ്ററുകള്‍ നിറഞ്ഞോടിയ സിനിമകളുടെ നിര്‍മാതാവും സംവിധായകനുമൊക്കെയായ അയ്യര്‍ അടുത്ത ദശാബ്ദത്തില്‍ ശൈലിയില്‍ വ്യത്യാസം വരുത്തി. ബി.വികാരന്തും ഗിരീഷ് കര്‍ണാഡുമായി കൈകോര്‍ത്ത് സൃഷ്ടിച്ച 'വംശവൃക്ഷ'കന്നഡ സിനിമയെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കി.
'വംശവൃക്ഷ'യെ കന്നഡസിനിമയിലെ ആദ്യനവതരംഗ സിനിമയായാണ് ഗണിക്കുന്നത്. അയ്യര്‍ സംവിധാനം ചെയ്ത 'സങ്കല്പ്പ'യും ഇതേ വിഭാഗത്തില്‍ പെട്ടതാണ്. അടുത്ത ചിത്രമായ ''ഹാംഗീത'' അദ്ദേഹത്തിന്റെ കയ്യില്‍ കച്ചവടസംവിധായകനുള്ള ദേശീയ അവാര്‍ഡ് എത്തിച്ചു. 1980ന് ശേഷം ആത്മീയതയെ സിനിമയുമായി കോര്‍ത്തിണക്കുന്ന സൃഷ്ടികളില്‍ അദ്ദേഹം ശ്രദ്ധയൂന്നി. ആത്മീയാചാര്യന്മാരുടെ ജീവിതത്തെ അധികരിച്ച സിനിമകള്‍ അദ്ദേഹത്തിനെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയനാക്കി. അതിലെ പാട്ടുകള്‍ ഭക്തിയും ദര്‍ശനങ്ങളും ഉദ്ബോധനങ്ങളും നിറഞ്ഞതായിരുന്നു.
കാലചക്ര എന്ന സ്വന്തം സിനിമയെ ആകര്‍ഷകമാക്കിയത് ഇത്തരം ഗാനങ്ങളാണ്. എല്ലാം എഴുതിയത് അയ്യര്‍ തന്നെ. 'ആദിശങ്കര' എന്ന സംസ്കൃത സിനിമ തെല്ലൊന്നുമല്ല അയ്യര്‍ക്ക് വളര്‍ച്ചയുണ്ടാക്കിയത്. അസാധ്യമായതിനെ സാധ്യമാക്കിയപ്പോള്‍ അത്ഭുതമായി. ഇന്നും ആ സിനിമ ഇന്ത്യന്‍ സിനിമയിലെ ഒരു അത്ഭുത സൃഷ്ടി തന്നെയാണ്. അതിസങ്കീര്‍ണ്ണമായ 'ഭഗവദ്ഗീത' സിനിമയായപ്പോള്‍ അത്ഭുതം ആകാശം മുട്ടെയായി. മികച്ച സംവിധായകനുള്ള ദേശീയ ബഹുമതി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ കൈകളിലെത്തി. ഭാഷാന്തരമായ വളര്‍ച്ച അയ്യരെന്ന ചലച്ചിത്രകാരനുണ്ടാകാനുള്ള കാരണവും ഈ സിനിമയാണ്.
സന്യാസതുല്യമായ ജീവിതമായിരുന്നു എല്ലാക്കാലത്തും അയ്യരുടേത്. മാധ്വാചാര്യ (കന്നഡ), രാമാനുജാചാര്യ (തമിഴ്), സ്വാമി വിവേകാനന്ദ (ഹിന്ദി), ശ്രീകൃഷ്ണലീല (കന്നഡ) തുടങ്ങിയ അവസാനകാല സിനിമകളെല്ലാം സന്യാസിയുടെ മനസുമായി ജീവിച്ച അയ്യരുടെ ആഴത്തിലുള്ള സ്പര്‍ശം കാണാം. നഗ്നപാദനായി, സ്വയം തുന്നിയ വസ്ത്രങ്ങളണിഞ്ഞ് ലൗകിക മോഹവിരക്തി വരുത്തി ജീവിക്കുന്ന ഒരു സംവിധായകന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമാണ്.
സഞ്ജയ് ദത്തിനെ രാവണനാക്കി രാമായണത്തിന് പുത്തന്‍ വ്യഖ്യാനം ചമയ്ക്കാനൊരുങ്ങുമ്പോഴായിരുന്നു 2004 ഡിസംബര്‍ 21-ന് മുംൈബയില്‍ വെച്ച് ആകസ്മികമായി മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.
സിനിമയുടെ പിന്നാമ്പുറം
സാജു ചേലങ്ങാട്