
''തമിഴനും ഹിന്ദിക്കാരനും ചവച്ചുതുപ്പിയ കഥകള്‍ റീമേക്ക് എന്ന പേരില്‍ പുതിയ സിനിമകളായി പുറത്തിറങ്ങിയിരുന്ന കാലം കൂടിയായിരുന്നു അത്.''
മലയാളസിനിമയുടെ സുവര്ണകാലപ്രതിനിധിയായ രവിവര്‍മ 1960- 70 കാലഘട്ടത്തെ ഇങ്ങനെ നോക്കികാണുന്നു. എ.വിന്‍സെന്റ് എന്ന അനുഗ്രഹീത സംവിധായകന്റെ ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡുകളില്‍ മിന്നിമറഞ്ഞ നാമങ്ങളില്‍ പ്രേക്ഷകര്‍ കണ്ട പേരുകളില്‍ ഒന്നാണ് മേലാറ്റൂര്‍ രവിവര്‍മയുടേത്.
മേലാറ്റൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹം മലയാളസിനിമയിലെത്തിയത്. സ്കൂള്‍കോളേജ് പഠനകാലത്ത് തന്നെ കലയോടും സാഹിത്യത്തോടും ഏറെ താല്പര്യമായിരുന്നു. തുടര്‍ന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സിനിമയെന്ന മാധ്യമത്തിന്റെ അളവും ആഴവും ലോകസിനിമയെക്കുറിച്ചും പഠിച്ചു. 1965-ലാണ് വിന്‍സെന്റ് മാഷുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
മലയാളസിനിമയില്‍ വേറിട്ട കാഴ്ചപ്പാടില്‍ സഞ്ചരിച്ച വിന്‍സെന്റ് മാസ്റ്റര്‍ തന്റെ മുഖ്യസഹായിയാക്കി രവിവര്‍മയെ സ്വീകരിച്ചു. മുറപ്പെണ്ണ് ആയിരുന്നു ആദ്യചിത്രം. എം.ടിയുടെ പക്കല്‍ നിന്ന് രചന വാങ്ങികൊണ്ടുവരാനും പകര്‍ത്തിയെഴുതാനും നിയോഗിക്കപ്പെട്ട രവിവര്‍മ വിന്‍സെന്റിന്റെ ഒരു ഡസനോളം ചിത്രങ്ങളില്‍ തുടര്‍ച്ചയായി സഹകരിച്ചു. പലതും മലയാളസിനിമാ ചരിത്രത്തിലെ ഏറെ തിളക്കമുള്ള സംരംഭങ്ങളായിരുന്നു. അസുരവിത്ത്, ആല്‍മരം, ഗന്ധര്‍വക്ഷേത്രം, നദി, ആഭിജാത്യം, തീര്‍ത്ഥയാത്ര, ത്രിവേണി, നഖങ്ങള്‍, ചെണ്ട, അച്ചാണി ഇങ്ങനെ നീളുന്നു അവ. ഇതില്‍ പല സിനിമകളും വള്ളുവനാടന്‍ സ്പര്‍ശമുള്ളതായിരുന്നു.
വള്ളുവനാട്ടില്‍ ജനിച്ച രവിവര്‍മയുടെ സാന്നിധ്യം സിനിമയ്ക്ക് പല രീതിയിലും ഉപകാരപ്പെടുകയും ചെയ്തിട്ടുണ്ട്. റെയിന്‍ബോ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ആദ്യ സിനിമയായ 'അനുഗ്രഹം' കഥയെഴുതി സംവിധാനം ചെയ്തത് 1977-ലാണ്. പ്രേംനസീര്‍, വിന്‍സെന്റ്, ജയഭാരതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തില്‍ തോപ്പില്‍ഭാസി, വയലാര്‍ തുടങ്ങി അനേകം പ്രതിഭകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സൂപ്പര്‍ഹിറ്റായ 'അനുഗ്രഹ'ത്തെ തുടര്‍ന്നെടുത്ത 'ജിമ്മി' ഒരു കുറ്റാന്വേഷണ ചിത്രമായിരുന്നു.
ജയ്മാരുതിയുടെ നിര്‍മ്മാണത്തിലായിരുന്നു അത് പുറത്തിറങ്ങിയിരുന്നത്. അക്കാലത്ത് ഒരു നായയെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത പടം കൗതുകകരമായിരുന്നു എങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. 1979-ല്‍ ഇറങ്ങിയ 'അവള്ക്കുമരണമില്ല' എന്ന പടമാണ് മേലാറ്റൂര്‍ രവിവര്‍മയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് ഏതാനും സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. അതില്‍ ഏറെ കൊട്ടിഘോഷിക്കാറുള്ള 'കോളിളക്കം'എടുത്തുപറയേണ്ടതാണ്. മലയാളസിനിമയില്‍ 'സാഹസികതാരം' എന്ന വിശേഷണത്തിന് എന്നും അര്‍ഹനായ ജയന്റെ ഒടുവിലത്തെ സിനിമയായതുകൊണ്ടാണ് 'കോളിളക്കം' ഇന്നും ചര്‍ച്ചചെയ്യുന്നത്.
പി.എന്‍ സുന്ദരം സംവിധാനം ചെയ്ത 'കോളിളക്ക'ത്തിന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് രവിവര്‍മയായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് ആധിപത്യം ഉണ്ടായിരുന്ന കാലമായിരുന്നതു കൊണ്ട് തിരക്കഥയുടെ ക്രെഡിറ്റ് സുഗുണാസ്ക്രീനിന്റെ സി.വി ഹരിഹരനു നല്‍കേണ്ടി വന്നു. സംഭാഷണം മാത്രമാണ് തന്റെ പേരില്‍ ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞതെന്ന് വര്‍മ ഓര്‍ക്കുന്നു.
പിന്നീട് ഇതേ ടീമിനുവേണ്ടി 'കക്ക'എന്ന പടത്തിന് തിരക്കഥയെഴുതി. മനോഹരമായ പാട്ടുകള്‍ കൊണ്ട് മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഈ ഹിറ്റ് ചിത്രത്തില്‍ രഘുവരനും രോഹിണിയുമായിരുന്നു ജോഡിയായത്. തന്റെ മനസ്സിലുള്ള സിനിമകളൊന്നും സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രേംനസീറിനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത 'അന്തമാന്അബ്ദുള്ള' പാതിവഴിയില്‍ നിലച്ച ചിത്രമാണ്. താന്‍ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കുറേ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ച് എന്‍.പി മുഹമ്മദിന്റെ തിരക്കഥയിലൊരുങ്ങിയ മതമൈത്രിയുടെ കഥപറഞ്ഞ ചിത്രം എഴുപത്തഞ്ചുശതമാനവും ചിത്രീകരിച്ചതിന് ശേഷമാണ് മുടിപ്പോയത്. പ്രേംജി അടക്കമുള്ളവരെ ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത 'ഏഴാംസ്വര്ഗം', 'ഒരുയാത്ര തുടങ്ങുന്നു' തുടങ്ങിയവയും നിര്‍മ്മാതാവിന്റെ മരണമടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയ സിനിമകളാണ്.
രണ്ടുപതിറ്റാണ്ടിലേറെ കാലത്തെ കോടമ്പക്കം ജീവിതത്തില്‍ നിന്ന് എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ കേരളത്തിലേക്ക് തിരിച്ചുവന്നു രവിവര്‍മ. കൃഷിയും വീട്ടുകാര്യങ്ങളുമായി അധ്യാപികയായിരുന്ന ഭാര്യയോടും ഡോക്ടറായ മകളോടുമൊപ്പം പെരിന്തല്‍മണ്ണയിലാണ് ഇപ്പോള്‍ താമസം. ലോകസിനിമകള്‍ കണ്ടും അതുമായി ബന്ധപ്പെട്ടുള്ള വായനകള്ക്കുമാണ് തന്റെ ഒഴിവ് സമയങ്ങള്‍ അദ്ദേഹം നീക്കിവെക്കാറുള്ളത്.
സ്മൃതി / മുഹമ്മദ്ഷെരീഫ് കാപ്പ്