
ഗാനരംഗത്ത് എന്തെല്ലാം മറിമായങ്ങള്‍ കാട്ടിയാലാണ് ഒന്നു പിടിച്ചു നില്‍ക്കാനാവുക എന്ന പങ്കപ്പാടിലാണ് പലരും. അതിന്റെ ഭാഗമായിട്ടു വേണം രണ്ടുപേര്‍ ചേര്‍ന്ന് പാട്ടെഴുതുന്നതിനെ നാം പരിഗണിക്കാന്‍. ഒറ്റയ്ക്കെഴുതുന്ന പാട്ടുപോലും വിജയിക്കാത്ത ഇക്കാലത്ത് രണ്ടുപേര്‍ ചേര്‍ന്നതുകൊണ്ട് എന്തു പ്രയോജനം? നിലവാരം കുറയുകയും വങ്കത്തങ്ങള്‍ കൂടുകയും ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ.
ഇവിടെ ഇത്രയും പറയാന്‍ കാരണം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രണ്ടുപേര്‍ വീതം ചേര്‍ന്ന് എഴുതിയിരിക്കുന്നത് കണ്ടിട്ടാണ്. ഇവിടെ പരാമര്‍ശിക്കാന്‍ പോകുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയും അനുപ് സത്യനും ചേര്‍ന്നാണ്. (സത്യന് അന്തിക്കാടിന്റെ മകനായ അനൂപ് സത്യന് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്ക് പുറമേ ഗാനരചനയും ഭാഗികമായി കൈയാളിയിരിക്കുന്നു.)
അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ ഹരിചരണ്‍ ആണ് ഗാനം പാടിയിരിക്കുന്നത്.
''മുല്ലപ്പൂവേ നിന്നെപ്പോലും
വെല്ലും പെണ്ണാണിവള്‍
കാണുംതോറും കാണാന്‍ തോന്നും
പൊന്നിന് മൊഞ്ചുള്ളവള്‍
പകലൊഴുകുന്ന നിലവോ
കൊലുസ്സണിയുന്ന കവിതയോ
എല്ലാരും ചോദിക്കില്ലേ
ചുമ്മാ നീ പോയ്മറയല്ലേ''
നായികയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ മുമ്പ് ഗാനരചയിതാക്കള്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവ ഗാനത്തിന് ഗുണകരമായിത്തീരണം.
പാട്ട് കേള്‍ക്കുമ്പോള്‍ അതിലെ വരികളുമായി ആസ്വാദകര്‍ ഇഴുകിച്ചേരണം. അല്ലാതുള്ളിടത്ത് കൃത്രിമത്വം അനുഭവപ്പെടും.
ഇവിടെ അങ്ങനെ സംഭവിച്ചിരിക്കുന്നു...!
പ്രിയപ്പെട്ട വായനക്കാര്‍ പകലൊഴുകുന്ന നിലാവിന്റെ പ്രസക്തിയെക്കുറിച്ച് സദയം ഒന്നു ചിന്തിക്കാന്‍ തയാറാകണം. നിലാവ് എന്തെന്നുപോലും അറിഞ്ഞുകൂടാതുള്ള പ്രയോഗമാണിത്. പകല്‍നേരത്ത് ചന്ദ്രനുദിക്കുന്നുണ്ടോ? അഥവാ ഉദിച്ചാല്‍ തന്നെ നിലാവിനെ കാണാനാവുമോ? ശുദ്ധവിവരക്കേട് എന്നല്ലാതെ അതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല.
'എല്ലാരും ചോദിക്കില്ലേ
ചുമ്മാ നീ പോയ് മറയല്ലേ'
എന്ന ഈരടിയുടെ ഉദ്ദേശ്യവും എനിക്ക് വ്യക്തമായില്ല. സന്തോഷ് വര്‍മ്മ ഭേദപ്പെട്ട ചില പാട്ടുകള്‍ എഴുതിയ ആളാണ്. അദ്ദേഹത്തെ കൂടി വഴിതെറ്റിക്കാന്‍ മാത്രമേ അനൂപ് സത്യനുമായുള്ള കൂട്ടുകെട്ട് ഉപകരിച്ചുള്ളൂ എന്നു പറയേണ്ടിവരും. കടന്നുവരുന്ന മക്കള്‍ ചലച്ചിത്രത്തിന്റെ പല മേഖലകളിലും പ്രാഗല്ഭ്യം തെളിയിക്കുന്നുണ്ടെങ്കിലും ഗാനരചനയിലും സംഗീതത്തിലും മാത്രം തിളങ്ങാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. എന്താണ് അതിന് കാരണമെന്ന് വിശദമായി പരിശോധിക്കേണ്ടതാണ്.
''കരയും കടലും തഞ്ചത്തിലാടി
ഇവളെക്കണ്ടാ കാറ്റും ഇഷ്ടം കൂടി
പതിവായ് കാണും പലരാണേലും
നല്ലോണമാടാനായ് കൊതിയുള്ളോളാണ്
ഒരു ജന്മം തീരാക്കണ്ണീരില്‍ നീന്തി
ചിരി തൂകി നില്ക്കും പെണ്ണാണ്''
കടല്‍ തഞ്ചത്തിലാടിക്കോട്ടെ. പക്ഷേ കരയാടുന്നത് എങ്ങനെയെന്ന് ചിന്തിക്കുമ്പോഴാണ് നാം ഹതാശരാവുന്നത്. വരികള്‍ പലതുണ്ടെങ്കിലും ആശയക്കുഴപ്പം ആസ്വാദനത്തിന് തടസ്സം സൃഷ്ടിക്കുന്നു.
കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതാക്കുക എന്ന ചൊല്ല് പണ്ടേ നമ്മുടെ ഭാഷയില്‍ കടന്നുകൂടിയതാണ്. ഈ ഗാനം മുഴുവനായി കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ആ പഴഞ്ചൊല്ലാണ്. വരികള്‍ തോന്നിയതുപോലെ കുത്തിനിറച്ചാല്‍ ഗാനമായി എന്നു കരുതുന്നവരുടെ നിര കൂടിക്കൂടി വരുകയാണ്. അതിന്റെ ഇങ്ങേയറ്റത്ത് സ്ഥാനം പിടിച്ചിരിക്കുന്നു അനൂപ് സത്യന്.






