
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ മദ്യക്കടകള്‍ എന്നു തുറക്കുമെന്ന തീരുമാനം ഇപ്പോള്‍ 'ആപ്പിലാണ്'. ആപ്പിനെയോര്‍ത്ത് അങ്കലാപ്പിലാണ് കേരളത്തിലെ മദ്യസ്നേഹികളും.
സംസ്ഥാനത്ത് രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന ബവ്റിജസ് ഔട്ട്ലെറ്റുകളും ബാറുകളും ഇന്നു തുറക്കും നാളെ തുറക്കും എന്നോര്‍ത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ ഇപ്പോള്‍ തങ്ങളുടെ രോഷം തീര്‍ക്കുന്നത് ഫെയര്‍കോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ്.
സാമൂഹിക അകലം പാലിക്കുന്നതിനായി കേരളത്തിനു വേണ്ടി ഒരു 'മദ്യ ആപ്പ്' എന്ന സങ്കല്പത്തെ യാഥാര്‍ഥ്യമാക്കുക എന്ന സാഹസിക ദൗത്യം ഏറ്റെടുത്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനി. പക്ഷേ 'അതില്‍ ഞങ്ങളിപ്പോള്‍ ഖേദിക്കുന്നു' എന്ന് അവര്‍ സ്വയം പറഞ്ഞു തുടങ്ങിയത്രേ...
അക്ഷമരായ കേരളത്തിലെ മദ്യപാനികള്‍ ഇപ്പോള്‍ കുതിര കയറുന്നത് അവരുടെ നെഞ്ചത്തേയ്ക്കാണ്. 'ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞിരിക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയായി. എന്നു വരും എന്നെങ്കിലും പറഞ്ഞു കൂടെ...?', 'സാധാരണ ഒരു ആപ്പ് ചെയ്താല്‍ ക്ലയന്റ് മാത്രമേ തെറി വിളിക്കുള്ളവരുന്നു. ഇതു എന്‍ഡ് യൂസര്‍ വരെ കേറി തെറി വിളിക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടന്മാരെ', 'ആശാനേ... വിഷമം കൊണ്ട.. അറിയാന്‍ ഉള്ള ജിജ്ഞാസ കൊണ്ടാണ്. എന്തായി ആപ്പിന്റെ കാര്യം', 'തേങ്ങയുടക്ക് സ്വാമി...', 'സ്ഥിതി രൂക്ഷം ആകുകയാണ്. സര്‍ക്കാരിന്റെ ഖജനാവ് കാലിയായിട്ടു രണ്ടു മാസമായി. എന്നും ചേര്‍ത്തു പിടിച്ച ചരിത്രമേ നമ്മള് മലയാളികള്‍ക്കുള്ളൂ. അവരെ സഹായിക്കുക എന്നത് നമ്മളോരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്, മരത്തടിയുടെ ആപ്പിനെ പറ്റി മാത്രം കേട്ടറിവുള്ള മുത്തച്ഛന് വരെ മൊബൈല്‍ ആപ്പ് ഇറങ്ങിയോ മക്കളേന്ന് ചോദിച്ചു തുടങ്ങി...ഒന്ന് വേഗം മോനെ.' ഇതൊക്കെ ഫെയര്‍കോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ വന്ന ചില കമന്റുകളാണ്. ചില കമന്റുകള്‍ക്ക് കമ്പനി.
കമന്റുകള്‍ക്കൊക്കെ ഔദ്യോഗികമായി മറുപടിയും കൊടുക്കുന്നുണ്ട്.
'ആപ്പ് മര്യാദക്ക് ഉണ്ടാക്കിയാല്‍ നിനക്ക് കൊള്ളാം. ഉണ്ടാക്കിയാല്‍ ഞങ്ങള്‍ തലയില്‍ എടുത്തു വെക്കും ഇല്ലെങ്കില്‍ നിലത്തു ഇട്ടു ഉരക്കും' തങ്ങളുടെ പേജില്‍ വന്ന ഈ കമന്റിന് കമ്പനി കൊടുത്ത മറുപടി ഇപ്രകാരമാണ്. 'ആപ്പ് ഇറക്കുകേം ചെയ്യും നമ്മള് അടിക്കുകേം ചെയ്യും.. വിശ്വസിക്ക് അച്ചായ..' രണ്ടു പെഗ് നിങ്ങള്‍ക്കും അടിക്കണമെന്നില്ലേ എന്നു ചോദിച്ചയാള്‍ക്ക് കമ്പനി കൊടുത്ത രസകരമായ മറുപടി ഇങ്ങനെ 'ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെന്‍ഡറില്‍ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ...ആപ്പ് ഉടനെ ഇറക്കും.






