
ലോക്ക്ഡൗണ്‍ പ്രഖ്യാപനം സിനിമ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണ്. പല ചിത്രങ്ങളുടെയും റിലീസ് സംബന്ധിച്ച് അനശ്ചിതത്വം നിലനില്‍ക്കുകയാണ്. എന്നാല്‍ ചിലി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസിലേക്കും ചുവട് വയ്ക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം വണ്‍ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിലവിലെ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യുമെന്നാണ് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരേ,
വണ്‍ എന്ന സിനിമ OTT പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തില്‍, നമ്മള് നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയില്‍ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വണ്‍ !






