ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 11 ഗൂഗിള്‍ ഉടനെ പുറത്തിറക്കില്ല. ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്നാണ് ഗൂഗിൾ പറയുന്നത്. ആന്‍ഡ്രോയിഡ് 11 ജൂണ്‍ മൂന്നിന് അവതരിപ്പിക്കുമെന്നായിരുന്നു ഗൂഗിളിന്റെ പ്രഖ്യാപനം.
ജൂണ്‍ മൂന്നിന് നടത്താനിരുന്ന പരിപാടിയും ബീറ്റാ റിലീസും ഞങ്ങള്‍ നീട്ടിവെക്കുകയാണ്. നിങ്ങളോട് ആന്‍ഡ്രോയിഡിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ആവേശത്തിലാണ് ഞങ്ങളെന്നും എന്നാല്‍ ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്നും ഗൂഗിള്‍ പറഞ്ഞു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് ഫ്ലോയിഡ് എന്ന നിരായുധനായ കറുത്തവര്‍ഗക്കാരനെ അമേരിക്കയിലെ മിനിയപൊലിസിൽ പോലീസുകാര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുന്ന പരിപാടി മാറ്റിവെച്ചത്.
ആന്‍ഡ്രോയിഡ് 11 ന്റെ ഡെവലപ്പര്‍ പ്രിവ്യൂ ഫെബ്രുവരിയിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണില്‍ നടത്താനിരുന്ന പരിപാടി ഓണ്‍ലൈന്‍ വഴി നടത്താൻ ഗൂഗിള്‍ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ ആന്‍ഡ്രോയിഡ് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തു. കൃത്യമായ ഒരു തീയ്യതി വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന.






