
കൊച്ചി: എല്ലാ മേഖലകളെയും തകിടം മറിച്ചുകൊണ്ട് എത്തിയ കൊവിഡ് പ്രതിസന്ധിക്കിടെ തിയറ്റര്‍ റിലീസ് നടക്കാത്ത ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാന്‍ താല്പര്യപ്പെടാതെ മലയാള സിനിമാ നിര്‍മാതാക്കള്‍. കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന് 48 നിര്‍മാതാക്കള്‍ക്കിടയില്‍ നടത്തിയ പോളിംഗില്‍ മൂന്ന് നിര്‍മാതാക്കള്‍ മാത്രമാണ് ഒ.ടി.ടി. റിലീസിന് സമ്മതം അറിയിച്ചിരിക്കുന്നത്.
ആ മൂന്ന് നിര്‍മാതാക്കളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത്ത് പ്രതികരിച്ചിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ലോ ബഡ്ജറ്റില്‍ നിര്‍മിച്ചവയാണെന്നും ഇദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം നിര്‍മാതാക്കളും നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഒ.ടി.ടി റിലീസ് നിര്‍മാതാക്കള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുവെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന് ട്രഷറര്‍ ബി.രാകേഷ് പറഞ്ഞു.
ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും തിയറ്റര്‍ ഉടമകളും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു.
മെയ് 27 ന് സിനിമകളുടെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.






