ബിഎസ് VI റേഡിയോണ് മോഡലിനെ ഏപ്രില്‍ മാസത്തിലാണ് ടിവിഎസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ബൈക്കിന്റെ എക്സ്ഷോറൂം വില 58,992 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈക്കില്‍ കമ്പനി വില വര്‍ധനവ് വരുത്തിയെന്നാണ് റിപ്പോർട്ട്. വില വര്‍ധനവിന്റെ പിന്നിലെ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് വകഭേദങ്ങളിലാണ് നിലവില്‍ ബൈക്ക് വിപണിയില്‍ എത്തുന്നത്.ഓരോ വകഭേദത്തിലും 750 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബൈക്കിന്റെ കരുത്ത് 109.7 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ്. ഈ എഞ്ചിന് 8.08 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പതിപ്പിനെക്കാള്‍ 15 ശതമാനത്തിന്റെ അധിക ഇന്ധനക്ഷമതയും പുതിയ പതിപ്പില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്.
വെള്ള, കറുപ്പ്, ബീജ്, പര്‍പ്പിള്‍, ചുവപ്പ്, ഗ്രോ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് റേഡിയോണ് ബിഎസ് VI ലഭ്യമാണ്. കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലാണ് സ്പെഷ്യല്‍ എഡിഷന് പതിപ്പ് വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ ഭാരം 4 കിലോയോളം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്, ഹീറോ സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 എന്നിവയാണ് ടിവിഎസ് റേഡിയോണിന്റെ എതിരാളികൾ.






