
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ബിഎസ്-VI ആക്സസിന്റെ വില വർധിപ്പിച്ചതായി സൂചന. സ്കൂട്ടിറിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. ഈ വർഷം ജനുവരിയിലാണ് ആക്സസ് 125-ന്റെ ബിഎസ്-VI പതിപ്പിനെ സുസുക്കി വിപണിയിൽ എത്തിക്കുന്നത്.
സ്കൂട്ടർ 64,800 രൂപയുടെ പ്രാരംഭ വിലയിലാണ് എത്തിയത്. 2020 മാർച്ചിൽ 2,300 രൂപയായി ആദ്യ വില വർധനവ് ഉണ്ടായി. ഇപ്പോൾ ബിഎസ്-VI 125 സിസി സ്കൂട്ടറിന്റെ വില വീണ്ടും 1,700 രൂപയാണ് സുസുക്കി ഉയർത്തിയിരിക്കുന്നത്. മൂന്ന് സ്റ്റാൻഡേർഡ് വേരിയന്റുകളും രണ്ട് സ്പെഷ്യൽ വേരിയന്റുകളും ഉൾപ്പെടെ മൊത്തം അഞ്ച് മോഡലുകളിൽ ബിഎസ്-VI സുസുക്കി ആക്സസ് 125 തെരഞ്ഞെടുക്കാൻ സാധിക്കും.
ബിഎസ്-VI സുസുക്കി ആക്സസ് 125-ൽ ഉപയോഗിക്കുന്നത് പുതുക്കിയ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് 6,750 rpm-ൽ പരമാവധി 8.7 bhp കരുത്തും 5,500 rpm-ൽ 10 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് എയർ-കൂൾഡ് മില്ലിൽ വരുന്നത്. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ സുസുക്കി ഡീപ് ബ്ലൂ, പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് മോഡലുകൾ ലഭ്യമാണ്.
ഡ്യുവൽ ലഗേജ് ഹുക്കുകൾ, 21.8 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, സ്റ്റൈലിഷ് ടെയിൽലാമ്പുകൾ, ക്രോം മഫ്ലർ കവർ, എൽഇഡ് ഹെഡ്ലാമ്പ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, പുറത്തുള്ള ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയെല്ലാം ആക്സസിന്റെ മറ്റു ഫീച്ചറുകളാണ്. ഇന്ത്യൻ വിപണിയിൽ സുസുക്കി ആക്സസിന്റെ നിരത്തിലെ പ്രധാന എതിരാളികള് ബിഎസ്-VI ഹോണ്ട ആക്ടിവ 125, വെസ്പ, അപ്രീലിയ SR 125, യമഹ റേ ZR 125 എന്നീ മോഡലുകളാണ്.






