
ന്യൂഡൽഹി : ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ് ധോണിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ടീമിലെ സഹതാരം മുഹമ്മദ് ഷമി. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല. ധോണി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ലോകകപ്പ് വിജയിച്ച ക്യാപ്റ്റനൊപ്പം വീണ്ടും കളിക്കാൻ കാത്തിരിക്കുകയാണെന്നും ഷമി പറയുന്നു. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ സംസാരിക്കുകയായിരുന്നു ഷമി.
'ധോനിക്ക് കീഴിൽ എല്ലാ ഫോർമാറ്റിലും കളിച്ചിട്ടുണ്ട്. അദ്ദേഹം ഓരോരുത്തരേയും കൈകാര്യം ചെയ്യുന്ന രീതി പ്രശംസനീയമാണ്. 'എം.എസ് ധോണി' യാണ് നമ്മളോട് സംസാരിക്കുന്നത് എന്ന നമുക്ക് തോന്നില്ല. ഒരു സാധാരണ മനുഷ്യനോട് സംസാരിക്കുന്നതുപോലെയാണ് അനുഭവപ്പെടുക.
അദ്ദേഹത്തോടൊപ്പമുള്ള ഒരുപാട് ഓർമകളുണ്ട്. എല്ലാവർക്കൊപ്പവും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരേയും ഡിന്നറിന് വിളിക്കും. മൂന്നോ നാലോ പേർ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഞങ്ങൾ രാത്രി ഏറെ വൈകുവോളം സംസാരിച്ചിരിക്കും. ചിലപ്പോൾ അതു പുലർച്ചെ വരെ നീളും. ഇതൊക്കം ഒരുപാട് മിസ് ചെയ്യുന്നുണ്ട്.' ഷമി വ്യക്തമാക്കുന്നു.






