
''ഞാന്‍ മരിക്കുമ്പോള്‍ പുഷ്പചക്രങ്ങള്‍ സ്വീകരിക്കരുത്. കോടിപുതപ്പിച്ചുകിടത്തണം. എന്നിട്ട് ഞാന്‍ ഈണമിട്ട പാട്ടുകള്‍ ഓരോന്നായി വയ്ക്കണം. മരണം കാണാന്‍ വരുന്നവരൊക്കെ അത് കേള്‍ക്കണം. മലയാളിയുടെ സംഗീത മന:സാക്ഷിയില്‍ ഏല്ക്കുന്ന കൂര്‍ത്ത അമ്പായിരിക്കണം എന്റെ ഓരോ പാട്ടും.''
നൂറുശതമാനവും സംഗീതജ്ഞനായി ജീവിക്കുന്ന ആലപ്പി രംഗനാഥ് എന്ന ബഹുമുഖപ്രതിഭ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ ഈ കാര്യങ്ങളില്‍ ഇന്നും മാറ്റമൊന്നും ഇല്ല!
മലയാളസിനിമ തന്നോട് ചെയ്ത കടുത്ത അവഗണനക്കെതിരെയുള്ള ഒരു പ്രതികരണം മാത്രമാണിത്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി ദേവമ്മാളുടെയും മകന് സംഗീതം പൈതൃകസ്വത്തായി കിട്ടിയതാണ്. അച്ഛന്റെ കര്‍ശനമായ ചിട്ടയിലായിരുന്നു ബാല്യകാലം. പത്തൊന്‍പതാം വയസ്സില്‍ കാഞ്ഞിരപ്പള്ളി പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബ് നാടകത്തിന് പാട്ടുണ്ടാക്കാന്‍ ക്ഷണിക്കുകയും കാനല്‍ജലം എന്ന ആ നാടകത്തിലെ രണ്ടുപാട്ടുകളും ഹിറ്റാകുകയും ചെയ്തതോടെയാണ് രംഗനാഥ് സംഗീതലോകത്ത് സ്വതന്ത്രമായി ചുവട് വെക്കാന്തുടങ്ങുന്നത്.
നാടകലോകത്ത് കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങിയപ്പോഴാണ് ചലച്ചിത്രപിന്നണി സംഗീതം പഠിക്കണമെന്ന മോഹമുണ്ടാകുന്നത്. അച്ഛന്റെ ഒരു ശിഷ്യ തന്ന ശുപാര്‍ശക്കത്തുമായി നടന് സത്യനെ കാണാന്‍ മദിരാശിക്ക് പുറപ്പെടുന്നത് അങ്ങനെയാണ്. കത്ത് വായിച്ച് എം.എസ്. ബാബുരാജിന്റെ താവളത്തിലേക്ക് കൂട്ടികൊണ്ടുപോയി. എസ്. ജാനകിയെ 'താനെ തിരിഞ്ഞും മറിഞ്ഞും..' എന്ന പാട്ടുപാടിപ്പിക്കുകയാണ്. സത്യനെ കണ്ടപ്പോള്‍ പാട്ട് നിന്നു.
ബാബുക്കാനോട് അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ''ഇത് എന്റെ പയ്യനാണ്. മ്യൂസിക്കലായി എന്തെങ്കിലും സഹായം ചെയ്യാനാകുമെങ്കില്‍ ചെയ്യണം..''
മറുപടി പോലും കേള്‍ക്കാതെ സത്യന് മടങ്ങി. പാട്ട് പഠിപ്പിക്കല്‍ കഴിഞ്ഞപ്പോള്‍ ഹാര്‍മോണിയം വായിക്കാന്‍ പറഞ്ഞു.. അതിന് ശേഷം ഇനി എന്തറിയാം എന്ന്. തബല തുടങ്ങി തനിക്കറിയാവുന്നതൊക്കെ പറയുകയും ചെയ്തപ്പോള്‍ ബാബുക്ക പറഞ്ഞു:
''റെക്കോര്‍ഡിങ് ഉള്ളപ്പോള്‍ സ്റ്റുഡിയോയിലേക്ക് പോരൂ..''
അങ്ങനെ സരസ്വതി എന്ന ചിത്രത്തില്‍ എല്‍.ആര് ഈശ്വരി പാടിയ 'മധുരപ്പതിനേഴ്' എന്ന പാട്ടിന് ഹാര്‍മോണിയം വായിച്ച് മലയാളസിനിമയില്‍ ഹരിശ്രീ കുറിച്ചു. ഇതിനിടെ കെ.രാഘവന് മാസ്റ്ററെ പരിചയപ്പെട്ടു. 'തുറക്കാത്ത വാതി'ലിലെ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്ന ഗാനത്തിന് ബുള്‍ബുള്‍ വായിക്കാന്‍ അവസരം തന്നു. തുടര്‍ന്ന് 'ജീസസ്' എന്ന സിനിമയില്‍ അഗസ്റ്റിന് വഞ്ചിമല എഴുതി ജയചന്ദ്രന്, പി.ലീല എന്നിവര്‍ പാടിയ 'ഓശാനാ.. ഓശാനാ കര്‍ത്താവിനോശാന..' എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്താന്‍ അവസരം കിട്ടി. സൂപ്പര്‍ ഹിറ്റായ ഈ പാട്ടിന് ശേഷം ഈ ടീമിന്റെ അടുത്തപടത്തിലെ പാട്ടുകള്‍ സംഗീതം സംവിധാനം നിര്‍വഹിക്കാന്‍ ഓഫര്‍ ലഭിച്ചു. എന്നാല്‍ സിനിമ ചിത്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ആരും വിളിച്ചില്ല. സിനിമാലോകത്തെ വാക്കുകള്‍ക്ക് വലിയ വിലയില്ലെന്ന് മനസ്സിലായി.
വീണ്ടും നാടകങ്ങളിലേക്ക് മടങ്ങി. വീണ്ടും സിനിമയില്‍ നിന്ന് നല്ലൊരു അവസരം ഒത്തുവന്നു. എന്നാല്‍ രംഗനാഥ് സംഗീതം ചെയ്യാറില്ലയെന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചു. ആ പടവും നഷ്ടമായി. കഴിവ് കൂടിപ്പോയത് പലപ്പോഴും പാരയാകുന്ന കാഴ്ച. പാട്ടുകളുടെ പൂക്കാലമായിരുന്നു തരംഗിണി. യേശുദാസിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന ഈ സ്ഥാപനം 1980 കളുടെ ആദ്യംമുതല്‍ വിവിധ പേരുകളില്‍ വിപണിയിലെത്തിച്ചു കൊണ്ടിരുന്ന ചലച്ചിത്രേതര ഗാനങ്ങളുടെ ഓഡിയോ കാസറ്റുകള്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു.
ഗള്‍ഫ്നാടുകളില്‍ നിന്ന് ടേപ്പ്റിക്കാര്ഡുകള് ധാരാളമായി കേരളത്തിലേക്ക് എത്തിത്തുടങ്ങിയ കാലം. മധുരഗീതങ്ങള്‍, അയ്യപ്പഗാനങ്ങള്‍, മൈലാഞ്ചിപ്പാട്ടുകള്‍, നഴ്സറി ഗാനങ്ങള്‍, വിഷാദഗാനങ്ങള്‍, ഗ്രാമീണഗാനങ്ങള്‍ തുടങ്ങി എല്ലാ തരം ഗാനസമാഹാരങ്ങളും മനോഹരമായ ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ചലച്ചിത്രസംഗീത രംഗത്ത് പേരെടുത്ത കലാകാരന്മാരെ കൊണ്ടും ഇത്തരം പാട്ടുകള്‍ അണിയിച്ചൊരുക്കിയിരുന്നു.
തരംഗിണിയില്‍ സ്ക്രിപ്റ്റ് സ്ക്രൂട്ടിണൈസിങ് ഓഫീസര്‍ ആയി നിയമിക്കപ്പെട്ടു. ഡസന്‍കണക്കിന് പാട്ടുകള്‍ യേശുദാസിന് വേണ്ടി ഇവിടെ നിന്ന് അണിയിച്ചൊരുക്കിയപ്പോള്‍ തരംഗിണിയില്‍ പൗരസ്വീകരണം വരെ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് മുഖ്യാതിഥിയായിരുന്നു. തരംഗിണിയിലൂടെ പുറത്തുവന്ന ഗാനങ്ങള്‍ വിവിധഭാഷകളിലൂടെയും പുറത്തിറങ്ങിയിട്ടുണ്ട്.
സത്യന്‍അന്തിക്കാടിന്റെ 'പപ്പന് പ്രിയപ്പെട്ട പപ്പന്' എന്ന പടത്തിലൂടെ വീണ്ടും സിനിമയില്‍ സംഗീതസംവിധായകനായി. ബാലചന്ദ്രമേനോന്റെ 'ആരാന്റെ മുല്ല കൊച്ചുമുല്ല'യിലെ മധു ആലപ്പുഴ എഴുതിയ 'ശാലീനസൗന്ദര്യമേ..', 'കാട്ടില്‍ കൊടും കാട്ടില്‍' ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. 'മടക്കയാത്ര'യിലെ 'ഉത്രാടക്കിളിയേ..' 'പ്രിന്‍സിപ്പള്‍ ഒളിവി'ലെ 'കടല്‍വര്‍ണ്ണമേഘമേ', പ്രേംനസീറിന്റെ അവസാനകാല ചിത്രമായ 'ഗുരുദേവനി'ല്‍ ശ്രീനാരായണഗുരുവിന്റെ വരികളും സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തി.
അവസരം കിട്ടിയ ഇരുപതോളം സിനിമകളില്‍ പകുതിയോളം പുറത്തിറങ്ങാത്തത് കനത്ത തിരിച്ചടിയായി. ഇളയരാജ, എം.എസ് വിശ്വനാഥന് തുടങ്ങിയവര്‍ ആലപ്പി രംഗനാഥ് എഴുതി ഈണമിട്ട പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാള സിനിമയില്‍ നിന്ന് ഇനിയും വിളികള്‍ പ്രതീക്ഷിക്കുന്നുണ്ട് രംഗനാഥ്.
''സ്വാതന്ത്ര്യത്തോടെ സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ ഇനിയും ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഉണ്ടാകും. ''
കോട്ടയത്തുകാരനായ ഈ ബഹുമുഖപ്രതിഭ ഓര്‍മപ്പെടുത്തുന്നു.
സ്മൃതി / മുഹമ്മദ്ഷെരീഫ് കാപ്പ്