
കോട്ടയം : പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിക്കായി പാല ചേര്‍പ്പുങ്കലില്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ നിന്ന് കുട്ടിയുടെ ബാഗ് കണ്ടെത്തി.
ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടിക്ക് പരീക്ഷയുണ്ടായത്. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബികോം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കുട്ടി. ഈ കുട്ടിക്ക് പരീക്ഷയ്ക്കുളള കേന്ദ്രം കിട്ടിയത് പാല ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജിലാണ്.
പരീക്ഷയ്ക്കിടെ കുട്ടി കോപ്പിയടിച്ചുവെന്ന് അധ്യാപകന് കണ്ടെത്തി. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചു. ക്ലാസിന് പുറത്താക്കിയ കുട്ടിയോട് വിശദീകരണം എഴുതി നല്‍കാനും ആവശ്യപ്പെട്ടെന്നാണ് കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ പ്രിന്‍സിപ്പാളുടെ മുറിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി എത്തിയില്ല.
സാധാരണ ആറുമണിയോടെയാണ് കുട്ടി വീട്ടിലെത്താറുള്ളത്. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചേര്‍പ്പുങ്കല്‍ പാലത്തില്‍ കുട്ടിയുടെ ബാഗും മൊബൈലും കണ്ടെത്തി. പിന്നീടാണ് കുട്ടി ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരുമുള്പ്പടെ പരിശോധന തുടരുകയാണ്.






