
അടുത്തിടെ ആണ് ചെക്ക് വാഹനനിര്‍മാതാക്കളായ സ്കോഡ മിഡ്-സൈസ് എസ്യുവി മോഡലായ കരോഖ് ഇന്ത്യയിലെത്തിച്ചത്. ഈ വാഹനം പ്രദേശികമായി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സ്കോഡ. നിലവിൽ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ഈ വാഹനം. ഇന്ത്യയിലെത്തിയിട്ടുള്ള വാഹനങ്ങളുടെ ഡിമാന്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രദേശികമായി നിര്‍മിക്കാനുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
ഒറ്റ വേരിയന്റില്‍ മാത്രം ആണ് കരോഖ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 24.99 ലക്ഷം രൂപയാണ് കരോഖിന് ഇന്ത്യയിലെ എക്സ്ഷോറൂം വില. കരോഖയുടെ ആദ്യ ബാച്ചായി 1000 യൂണിറ്റാണ് സ്കോഡ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇത് വിറ്റുതീരുന്നതും, മലിനീകരണ മാനദണ്ഡത്തില്‍ വരാനുള്ള മാറ്റവും പരിഗണിച്ചായിരിക്കും പ്രദേശികമായി നിര്‍മിക്കുക. 4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.
ഈ വാഹനത്തിന് കരുത്തേകുന്നത് 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിനിയിരിക്കും. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഇതിലെ ട്രാന്സ്മിഷന് ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, ഫോക്സ്വാഗണ് ടി-റോക്ക് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക. ഫോക്സ്വാഗണ് ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്.






