
മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരു കാലത്ത് സ്വരമാധുര്യത്തിന് വലിയ പ്രാധ്യാനുമുണ്ടായിരുന്നു. കാലക്രമേണ അതു കുറഞ്ഞുവന്ന് തീരെയില്ലാത്ത സ്ഥിതിയായി. അതുകൊണ്ട് മെലഡി ഇഷ്ടപ്പെടുന്നവര്‍ ഇന്നും പഴയപാട്ടുകള്‍ അന്വേഷിച്ചുപോകുന്നു. എന്നാല്‍ ഈയിടെ പ്രദര്‍ശനത്തിനുവന്ന 'ഇഷ' എന്ന ചിത്രത്തില്‍ ശ്രുതിമധുരമായ ഒരു ഗാനം സംഭാവന ചെയ്യാന്‍ ശ്രമം നടന്നിരിക്കുന്നു. തീര്‍ച്ചയായും അഭിനന്ദ
നാര്‍ഹമായ പ്രവൃത്തിയാണത്.
ജോഫി തരകന് എഴുതിയ വരികള്‍ ജോനാഥന് ബ്രൂസിന്റെ സംഗീത്തില്‍ അഖില ആനന്ദാണ് ആലപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഗാനം ഉള്‍പ്പെടുത്താന്‍ തോന്നിയ സംവിധായകന് ജോസ് തോമസിനെ പ്രശംസിക്കാന്‍ കൂടി ഞാനീ അവസരം വിനിയോഗിക്കുന്നു.
''കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര്
ആടിപ്പൂവേ തരുമോ നിന്നില്‍ തഞ്ചുമഴക്
മായും മേഘമേ മഴനൂലില്‍ കെട്ടാമോ
ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല്''
തണുപ്പ് അധികമുള്ള പടിഞ്ഞാറന്‍ കാറ്റിനെയാണ് കോടക്കാറ്റ് എന്നു പറയുന്നത്. അതുകൊണ്ട് കോടക്കാറ്റിനോട് കുളിരുതരുമോ എന്നു ചോദിക്കുന്നതിന് പ്രസക്തിയുണ്ട്. പക്ഷേ 'കൊഞ്ചും കൊഞ്ചും കുളിര്' കല്ലുകടിയായി അനുഭവപ്പെടുന്നു എന്ന വസ്തുത കൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ആദ്യമായി ഈ ഗാനം കേട്ടപ്പോള്‍ 'കൊഞ്ചം കൊഞ്ചം കുളിര്' എന്നാണ് ധരിച്ചത്. കൂടുതല്‍ തവണ കേട്ടപ്പോഴാണ് കൊഞ്ചമല്ല കൊഞ്ചും എന്നാണെന്നു വ്യക്തമായത്. കൊഞ്ചുന്ന കുളിര് ആസ്വാദകര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കുന്നതല്ല.
''കുഞ്ഞിളം മഞ്ഞില്‍ ചില്ലുമറ നീക്കി
പൊന്‍വെയില്‍ നാളം കണികാണാനിഷ്ടം
മാരിവില്ലെത്തും താഴ്വരയിലാകെ
ആരുമേ കാണാതലയാനാണിഷ്ടം
കോകിലങ്ങള്‍ കൂകുമൊഴിയുന്നതെന്നുമിഷ്ടം
വിണ്തിങ്കളില് പാല്ത്തുള്ളിയുമേറെയിഷ്ടം''
ഗൃഹാതുരത്വമുണര്‍ത്തുന്ന ഏതുപാട്ട് ആരെഴുതിയാലും അതിന് സ്വാഭാവികമായും ഒ.എന്‍.വി.യുടെ അത്തരത്തിലുള്ള ഗാനവുമായി സാദൃശ്യം വരും. 'ചില്ല്' എന്ന ചിത്രത്തിലെ
''ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം!''
ഈ ഗാനത്തെ കുറിച്ചാണ് സൂചിപ്പിച്ചത്. ഒ.എന്‍.വിയിലെ കവി സ്വന്തം ബാല്യകാല കൗതുകങ്ങളില്‍
വ്യാപരിക്കുമ്പോര് ആസ്വാദകരായ നമ്മളും അതിനു സമാനമായ ചിന്താഗതിയിലെത്തുന്നു. ഓരോന്നിനും
മോഹം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
എന്നാല്‍ ജോഫി തരകനാകട്ടെ ആ സ്ഥാനത്ത് ഇഷ്ടം പ്രകടിപ്പിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. അ
ടിസ്ഥാനപരമായി രണ്ടുപേരും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്.
'വെറുതെ ഇരുന്നൊരു കുയിലിന്റെ
എതിര്‍പാട്ടു പാടുവാന്‍ മോഹം' എന്ന ഒ.എന്‍.വിയുടെ ഈരടി 'കോകിലങ്ങള്‍ കൂകൂ മൊഴിയുന്നതെന്നു
മിഷ്ടം' എന്ന മട്ടില്‍ പുതിയ ഗാനത്തില്‍ മറനീക്കി വരുകയും ചെയ്തു.
''വായ് ചുവന്നു ഞാവല്‍ പഴമൊന്നുണ്ണുവാനിഷ്ടം
കണ്ടെത്തിയ കുഞ്ഞാകുവാന് എന്നുമിഷ്ടം''
ഈ വരികളോടെയാണ് 'ഇഷ'യിലെ ഗാനം പൂര്‍ണ്ണമാകുന്നത്. ഞാവല്‍ പഴം തിന്നുകഴിഞ്ഞാല്‍ നാവിന്റെ നിറം നീലയായി മാറുന്നതാണ് നാളിതുവരെയുള്ള നമ്മുടെ അനുഭവം. എന്നാല്‍ വായ് ചുമക്കുമെന്ന് പറഞ്ഞ് അടിസ്ഥാനവിവരങ്ങള്‍ പോലും ഗാനരചയിതാവ് മാറ്റിമറിക്കുന്നു. ഇന്ന് നിരന്തരമിറങ്ങുന്ന അര്‍ത്ഥശൂന്യമായ പാട്ടുകള്‍ മനസ് മടുപ്പിക്കുമ്പോള്‍ 'ഇഷ'യിലെ ഗാനം കേട്ടിരിക്കാന്‍ കൊള്ളാവുന്നതാ
ണെന്നു പറയാം. അത്രയെങ്കിലുമായി!






